Friday, August 5, 2011

ഓര്‍മ തന്‍ താളുകള്‍ മറിയുമ്പോള്‍...

എന്താണു ... എഴുതുക..

എന്‍റെ ബാല്യകാലം. എങ്ങിനെ ഞാനതിനെക്കുറിച്ചോര്‍ക്കും. ഓര്‍മവെച്ച നാള്‍ മുതല്‍ പിന്നിട്ട വഴികള്‍... പാതി വിടര്‍ന്ന സൌഹൃങ്ങള്‍...അകന്നു പോയ നിഴലുകള്‍... എല്ലാം നേര്‍ത്തരോര്‍മ്മമാത്രം.. പക്ഷെ എല്ലാമോര്‍ത്തെടുക്കണം. കൊഴിഞ്ഞുപോയ സ്വപ്നങ്ങളും വിടരാനിരിന്നിരുന്ന മോഹങ്ങളും... എല്ലാം എന്നിലുമുണ്ടായിരുന്നു.

"ഞാന്‍ മാത്രമെന്തായിങ്ങനെ എന്നും കൊച്ചുകുട്ടിയായിത്തന്നെയിരിക്കുന്നെ...? ഞാനെന്നാ മുത്തച്ഛനെ പോലെ വളര്‍ന്നു വലിയോരാളാകുന്നെ....??" ഉമ്മറത്തെ ചാരുകസേരയിയില്‍ മുത്തച്ഛന്റെ മടിയിലിരുന്നു വിഷമത്തോടെ ഞാന്‍ ചോദിക്കുമായിരുന്നു. "എന്‍റെ മോനെന്നും കൊച്ചുകുട്ടിയായി ഇങ്ങനെ എന്‍റെ മടിയിലിരിക്കുന്നതാണെനിക്കിഷ്ടം." എന്‍റെ തലമുടിയില്‍ വാര്‍ധക്യം തളര്‍ത്തി തുടങ്ങിയ കൈവിരലുകളോടിച്ചു പറയുമ്പോള്‍ എനിക്കേറെ സങ്കടം വന്നിരുന്നു.. മുത്തച്ഛന്റെ കൈയില്‍ ദേഷ്യത്തില്‍ പല്ല് താഴ്ത്തുമായിരുന്നു..

കാലം നീങ്ങുംതോറും ഞാനും വളര്‍ന്നു. വളരെ വേഗം. പക്ഷെ, ഞാന്‍ വളര്‍ന്നു വലുതാകരുതെ എന്നാശിച്ച എന്‍റെ മുത്തച്ഛന്‍, അദ്ദേഹത്തിന് മാത്രം ഞാന്‍ വളരുന്നത് ഇഷ്ടമായില്ല. അല്ലെങ്കില്‍ ഞാന്‍ വളര്ന്നുതുടങ്ങിയപ്പോള്‍ തന്നെ എന്നോട് പിണങ്ങി ഈ ലോകം തന്നെ വിട്ടുപോകില്ലായിരുന്നല്ലോ...

പക്ഷെ.. പിന്നീട് അമ്മ വര്‍ഷത്തിലൊരിക്കല്‍ ഈറനുടുത്തു ഇത് മുത്തച്ചനാ.., എന്ന്  പറഞ്ഞു ഉരുള ഉരുട്ടി വെച്ച് എണീറ്റ്‌ കൈ കൊട്ടുമ്പോള്‍ പറന്നു വരുമായിരുന്ന കാക്ക, അന്നെനിക്കുറപ്പായിരുന്നു അതെന്റെ മുത്തച്ച്ചനാണെന്നു .. കാക്കയെ നോക്കി ഞാന്‍ തെല്ലഹങ്കാരത്തോടെ പറയുമായിരുന്നു... കണ്ടോ ഞാനും വളര്‍ന്നിരിക്കുന്നു.. കണ്ടോളൂ...

എന്‍റെ ഓര്‍മക്കും ഒരു backward function ഉണ്ടായിരുന്നെങ്കില്‍.. എനിക്കും ഇപ്പോള്‍ ഒത്തിരി പറയാനുണ്ടാകുമായിരുന്നു.. എഴുതാനും...
കുഞ്ഞുനാളില്‍ എല്ലാവരെയും പോലെ സ്കൂളില്‍ പോകാന്‍ എനിക്കും മടിയായിരുന്നു. എന്‍റെ കൂട്ടുകാരെല്ലാം അമ്മയുടെയും അച്ഛന്റെയും കൈകളില്‍ തൂങ്ങി സ്കൂളിലേക്ക് വരുമ്പോള്‍ ഞാനൊരിക്കലും അതിനു തയ്യാറായിരുന്നില്ല.. ഞാന്‍ സ്കൂളിലെത്തണമെങ്കില്‍ എന്നെയും എന്‍റെ ബാഗിനെയും അമ്മ, എന്റെമ്മ ചുമക്കണമായിരുന്നു. ഞാന്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന സമയം, എന്‍റെ ക്ലാസ്സിലെ മാഷ് - ശ്രീകുമാരന്‍ മാഷ്- (അദ്ദേഹത്തിന് നീണ്ട താടി ഉണ്ടായിരുന്നു. അതിനാല്‍ ഞങ്ങള്‍ അദ്ധേഹത്തെ താടിമാഷ് എന്നും വിളിച്ചിരുന്നു). എന്നും അമ്മയുടെ ഒക്കത്തിരുന്നു വരുന്ന എന്നെ മാഷ് കളിയാക്കുമായിരുന്നു. എന്നിട്ട് അമ്മയോട് പറയുമായിരുന്നു.. തമാശയോടെ ആയിരിക്കാം.. പക്ഷെ എനിക്ക് പേടിയായിരുന്നു.. "ഇവനെ ഇനി സ്കൂളിലേക്ക് കൊണ്ടുവരേണ്ട.. ഇനി എന്ന് നടന്നു വരുന്നോ അന്ന് മതി..."
പിന്നീടെന്നും മാഷ് ദൂരെനിന്നും വരുന്നത് കണ്ടാല്‍ ഞാന്‍ അമ്മയുടെ ചുമലില്‍ നിന്നും ധൃതിയില്‍ ഇറങ്ങി നടക്കാന്‍ ആരംഭിക്കുമായിരുന്നു. വൈകാതെ ഞാനും മറ്റുള്ളവരെ പോലെ നടന്നു പോകാന്‍ തുടങ്ങി. നിവൃത്തിയില്ലാതെ...

ഉരുണ്ടു നീങ്ങിക്കൊണ്ടിരുന്ന എന്‍റെ വിദ്യാലയ ജീവിതം ഓരോ വര്‍ഷവും ഒരുപാട് സൌഹൃദങ്ങളും, ഒരുപിടി വിരഹങ്ങളും എനിക്ക് സമ്മാനിച്ചിരുന്നു. തുറന്നു പറയുന്നത് അധികപ്രസംഗമാണെന്ന് തോന്നുമെങ്കിലും, സത്യം പറഞ്ഞാല്‍ ഞാന്‍ ക്ലാസ്സില്‍ എന്നും ഒന്നാമനായിരുന്നു. അച്ഛനും അമ്മയും എന്നും എന്നെ "മൂക്കില്ല രാജ്യത്തെ മുറിമൂക്കന്‍ രാജാവ്" എന്ന് കളിയാക്കി വിളിക്കുമായിരുന്നു, കാരണം എന്‍റെ രണ്ടു വര്‍ഷത്തിനു മാത്രം മുതിര്‍ന്ന ചേച്ചി കാണുന്ന പുസ്തകങ്ങളെല്ലാം വാരിവലിച്ചിട്ടു എന്തൊക്കെയോ എഴുതിയും ഉറക്കെ വായിച്ചുമിരിക്കുമ്പോള്‍ ഞാന്‍ പുസ്തകം തുറക്കുന്നതെ വിരളമായിരുന്നു. എങ്കിലും പരീക്ഷ വരുന്ന അവസരത്തില്‍ മടിയന്‍ മല ചുമക്കും എന്ന ചൊല്ലിനെ അക്ഷരാര്ത്ഥമാക്കി  ഞാനും എന്തൊക്കെയോ മനപ്പാഠമാക്കുമായിരുന്നു. എല്ലാ വിഷയങ്ങളിലും ഒന്നാമാതെത്തുമായിരുന്ന ഞാന്‍ എല്ലാ അധ്യാപകര്‍ക്കും സുപരിചിതനായിരുന്നു. അതില്‍ ചില പരിചയങ്ങള്‍ ഞാന്‍ ഇന്നും കെടാതെ സൂക്ഷിക്കുന്നു.

ഞാന്‍ പഠിച്ചിരുന്ന, ഞാന്‍ "തിങ്കളും താരങ്ങളും തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം" എന്ന് പാടി പഠിച്ച ആ കൊച്ചു സര്ക്കാര്‍ വിദ്യാലയത്തില്‍ ഈയടുത്തിടെ ഒരു സന്ധ്യക്ക്‌ ഞാന്‍ പോകാനിടയായി. പഴയതിലും ഒത്തിരി മാറിയിരിക്കുന്നു. പഴയ ചുറ്റുമതില്‍ ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്ന കിണറിന്റെ സ്ഥാനത്തു നല്ല കോണ്ക്രീറ്റ് ആള്‍മറ പടുത്തുയര്ത്തിയിരുന്നു. ദ്രവിച്ചു വീഴാറായ മേല്‍ക്കൂരയും നിറം മങ്ങിയ ഓടുകളും ഒന്നും ഇന്നില്ല... പക്ഷെ ആ പഴയ നെല്ലിമരം ഇന്നും ആ മുറ്റം നിറയെ കുഞ്ഞു ഇലകള്‍ പൊഴിച്ചുകൊണ്ട്‌ നില്‍പ്പുണ്ടായിരുന്നു. കാണുവാന്‍ വലിയ മരമൊക്കെയാണെങ്കിലും ഒരു കുഞ്ഞു നെല്ലിക്ക പോലും ആ മരം ഞങ്ങള്ക്ക് തന്നിരുന്നില്ല. നെല്ലിമരത്തിന് താഴെയുണ്ടായിരുന്ന കൊച്ചു മിട്ടായിക്കടക്കാരനെയും അന്നെനിക്ക് അവിടെ കാണുവാന്‍ കഴിഞ്ഞില്ല. ജീവിത പ്രാരാബ്ധങ്ങളുടെ കുത്തൊഴുക്കില്‍ പെട്ട് ആ മിട്ടായിക്കടക്കാരനും പലായനം ചെയ്തിരിക്കാം. ഓടുപാകിയ ആ വിദ്യാലയത്തെ ഞാന്‍ ഒരു നിമിഷം ശ്രദ്ധിച്ചു നോക്കി. എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നല്ലാതെ എന്‍റെ പഴയ ഓര്‍മകളിലെ വിദ്യാലയം എനിക്ക് കാണാന്‍ കഴിഞ്ഞു. നൊമ്പരത്തോടെ ആ പഴയ ഓര്‍മകളെ ചികഞ്ഞെടുക്കാന്‍ ഞാന്‍ ആശിച്ചു... കണ്ണടച്ചാല്‍ എനിക്കെന്റെ സഹപാഠികളെ കാണാമായിരുന്നു. എന്നും അടിച്ചു പിരിഞ്ഞും കളിയാക്കിചിരിച്ചും സ്ലേറ്റു പെന്‍സില്‍ കട്ടെടുത്തും, പിടിക്കപ്പെടുമ്പോള്‍  ചിണുങ്ങിക്കരഞ്ഞും കടന്നുപോയ ആ ബാല്യകാലത്തിലേക്ക് നിമിഷനേരത്തേക്കെങ്കിലും പറന്നു പോകാന്‍ കഴിയുമായിരുന്നു. എല്ലാമിനി ഒരിക്കലും തിരിച്ചുകിട്ടാത്ത, ഒരിക്കലും തിരിച്ചു വരാത്ത ഓര്‍മകളായി മാറി എന്നറിയാമെങ്കിലും....

പുറകിലെ പാടത്തു നിന്നും പതിയെ വീശിയിരുന്ന പടിഞ്ഞാറന്‍ കാറ്റിനു എന്നെ കുളിരണിയിക്കാനുള്ള  ശക്തിയുണ്ടായിരുന്നു. കേരവൃക്ഷക്കൂട്ടങ്ങള്‍ക്കു കീഴെ മറയാന്‍ വെമ്പിയ സൂര്യന്‍ തന്റെ യാത്ര വഴിയെ ചുവപ്പുചാര്‍ത്തിയിരുന്നു.  അകലേക്ക്‌ കണ്ണുനട്ട് ഞാന്‍ സ്കൂളിന്റെ പുറകിലെ ചെറിയ പാരക്കൂട്ടങ്ങല്ക് മുകളിലിരുന്നു.. ആ പാറകളില്‍ ഇന്നും ഞങ്ങള്‍ ഇല വെച്ച് കുത്തിക്കളിച്ചിരുന്ന ചെറിയ കുഴികള്‍ കാണാമായിരുന്നു. ആ ദിവസത്തെ നിശാദേവി കവര്‍ന്നെടുക്കുന്നത്‌ അറിയാന്‍ ഞാന്‍ വൈകി.. പോക്കറ്റില്‍ കിടന്ന ഫോണ്‍ റിംഗ് ചെയ്യുന്നതുകെട്ടു പിടഞ്ഞുണര്‍ന്നു.എടുക്കാനാഞ്ഞ ഫോണ്‍, പെട്ടെന്ന് നിശബ്ദനായി.. എന്നെ കളിയാക്കും  പോലെ സ്ക്രീനില്‍ 1 missed call  എന്ന് തെളിഞ്ഞു.. ഇതാര് എന്ന് നോക്കിക്കൊണ്ട്‌ ഞാന്‍ പതിയെ എഴുന്നേറ്റു നടന്നു..

ഞാന്‍ കുറച്ചു മുതിര്‍ന്നപ്പോള്‍, നാലാം ക്ലാസ് പാസ്സായപ്പോള്‍ എന്‍റെ വിദ്യാഭ്യാസം തൊട്ടടുത്ത മറ്റൊരു  സ്കൂളിലേക്ക് മാറ്റി. ആദ്യമൊക്കെ അവിടേക്ക് ചെല്ലുമ്പോള്‍ വല്ലാത്തൊരമ്പരപ്പായിരുന്നു. കാരണം ഞാന്‍ പണ്ട് പഠിച്ചിരുന്ന സ്കൂളില്‍ വെറും നാല് ക്ലാസ്സ്‌മുറികളും ഞങ്ങള്‍ കുറച്ചു കുട്ടികളുമേ  ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇവിടെ ധാരാളം കുട്ടികള്‍, നിറയെ ക്ലാസ്സ് മുറികള്‍ കാണുന്നിടത്തെല്ലാം അധ്യാപകര്‍ സദാസത്തും ചൂരല്‍ വടിയുമായി നടന്നിരുന്ന ഹെഡ്മിസ്ട്രെസ്സ്, ആനി ടീച്ചര്‍. എല്ലാവരുടെയും പേടിസ്വപ്നം രാജന്‍ മാഷ്‌.. കണക്കുടീച്ചര്‍ ശാന്തകുമാരി ടീച്ചര്‍, എന്നെ മലയാളം പഠിപ്പിച്ചിരുന്ന വാസന്തി ടീച്ചര്‍, പ്രസന്ന ടീച്ചര്‍. ... ആ ലോകം വല്ലാത്ത അപരിചിതത്വം നിറഞ്ഞതായിരുന്നു. ക്ലാസ്സില്‍ എന്നോട് മത്സരിക്കാന്‍ നിരവധി മിടുക്കന്മാരും മിടുക്കികളുമായ കൂട്ടുകാരുണ്ടായിരുന്നു. അമ്മ നിരന്തരം എന്നെ ഓര്‍മിപ്പിച്ചു.. പുതിയ സ്കൂ‍ളാണ്, ക്ലാസ്സാണ് ആദ്യമേ ഉഴപ്പേണ്ട.. മടി പിടിച്ചിരുന്നാല്‍ എന്നും പുറകിലെ ബെന്ചിലായിരിക്കും സ്ഥാനം. എന്‍റെ ചേച്ചി പഠിച്ചിരുന്ന സ്കൂ‍ളായത് കാരണം ഞാന്‍ എല്ലാ അധ്യാപകര്‍ക്കും പരിചിതനായിരുന്നു.. എല്ലാവരും എന്നോട് പരിചിത ഭാവത്തില്‍ പെരുമാറുമായിരുന്നു. എന്ത് പറയാന്‍. പിന്നീട് എന്‍റെ പഠനം ക്ലാസ്സില്‍ ഒന്നാമനാവാന്‍ വേണ്ടിയുള്ളതായിരുന്നു. ആ ഉദ്യമത്തില്‍ ഞാന്‍ തീര്‍ച്ചയായും വിജയിച്ചു. കാരണം പരീക്ഷയായാല്‍ വൈകുന്നേരങ്ങളില്‍ വീട്ടിലെത്തുന്ന എന്നെ പ്രതീക്ഷിച്ചു എന്‍റെ അമ്മ, വടിയുമായി ഉമ്മറത്തിരിക്കും. അമ്മയുടെ ആ ദിവസത്തെ portions തീര്‍ത്തു കഴിഞ്ഞേ എന്നെ ഉറങ്ങാന്‍ സമ്മതിച്ച്ചിരുന്നിരുന്നല്ലോ ... ചിലപ്പോള്‍ ഭക്ഷണം പോലും...

സ്കൂള്‍ വിട്ടു വീട്ടിലെത്തിയാലുടന്‍ അമ്മയുണ്ടാകിവെച്ച കാപ്പിയും കുടിച്ചു അടുത്ത തൊടിയിലേക്ക്‌ കളിയ്ക്കാന്‍ പോകുമായിരുന്നു. ഞാനെത്തുമ്പോഴെക്കും എല്ലാവരും റെഡിയായി നില്‍ക്കുന്നുണ്ടായിരിക്കും.. ഓടിയും ചാടിയും ആര്‍ത്തുല്ലസിച്ചു നേരം സന്ധ്യയാകുമ്പോള്‍ പിന്നെ തിരിച്ചു വീട്ടിലെത്തുവാനുള്ള തിടുക്കമായിരിക്കും. സന്ധ്യക്ക്‌ വീട്ടിലെത്തിയാലുടന്‍ കുളിച്ചു വേഗം പൂജാമുറിയിലേക്ക്. അച്ഛമ്മയും ചേച്ചിയും എന്നെ കാത്തിരിക്കുന്നുണ്ടാവാം.. വിളക്കു കൊളുത്താന്‍.. വിളക്കു കൊളുത്തി കഴിഞ്ഞാല്‍ ചെറിയ കുട്ടികള്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലത്രേ... ദീപം ദീപം എന്ന് ഉറക്കെ ചൊല്ലി പറമ്പിലെ കിഴക്ക് ഭാഗത്തുള്ള കുങ്കുമതറയിലും ഗുളികനും വിളക്കു കാണിച്ചു തുളസിതറയിലും കാരണവന്മാര്‍ക്കും തിരികള്‍ വെക്കുക പതിവായിരുന്നു. സന്ധ്യദീപവുമായി പോകുന്ന ചേച്ചിയുടെ കൂടെ ഞാനും ഒപ്പം ദീപം ദീപം എന്നേറ്റു ചോല്ലാറുണ്ടായിരുന്നു. ചില ദിവസങ്ങളില്‍ ചേച്ചി ഇല്ലാത്ത സമയങ്ങളില്‍ വിളക്കു കൊളുത്തേണ്ട ഊഴം എന്റെതാകുമായിരുന്നു. സന്ധ്യക്ക്‌ വിളക്കു കൊളുത്തിക്കഴിഞ്ഞേ എന്നും ഇലക്ട്രിക്‌ ബള്‍ബുകള്‍ പ്രകാശിപ്പിക്കാറുണ്ടായിരുന്നുള്ളൂ.. ലൈറ്റ് തെളിച്ചു വാതിലടച്ചു കഴിഞ്ഞാല്‍ പിന്നെ ഉമ്മറവാതില്‍ തുറക്കുന്നത് അച്ഛന്‍ വരുമ്പോഴായിരിക്കും. എത്ര രിയാക്കിയാലും രിയാകാത്ത calling bell ആയതിനാല്‍ വാതിലില്‍ തട്ടുന്നതും കാത്തു ആഴ്ചപ്പതിപ്പും മറിച്ചു നോക്കി ഇരിക്കുമായിരുന്നു അമ്മ. അച്ഛന്‍ വന്നു കഴിഞ്ഞാല്‍ പിന്നെ പഠിത്തമൊക്കെ മറന്നു അച്ഛനടുത്തെത്തും. എന്നും ഞങ്ങള്‍ക്കായി കരുതുന്ന പലഹാരപ്പൊതി തട്ടിയെടുക്കാനുള്ള തിടുക്കം. എണ്ണയില്‍ കുതിര്‍ന്ന കടലാസ്സില്‍ പൊതിഞ്ഞ പലഹാരങ്ങളുടെ മണവും രുചിയും ഇന്നെത്ര വാങ്ങിക്കഴിച്ചാലും തിരിക കിട്ടുന്നില്ലെന്ന സത്യം കണ്ണ് നനയിക്കുന്നു..

ആ നാളുകള്‍ എത്ര വേഗം നീങ്ങി. തുഴക്കാരനില്ലാത്ത, തുഴയാനറിയാത്ത ജീവിതനൌകയിലെ യാത്ര.. ഞങ്ങള്‍ ഒരുപാടു ദൂരം എങ്ങോട്ടെന്നില്ലാതെ ഒഴുകി.... ആ ഒഴുക്കില്‍ ഒരുപാട് നഷ്ടങ്ങളും. ഒത്തിരി  ദുഃഖങ്ങളും.

ഒടുക്കം ഞാനൊരു വഴി കണ്ടെത്തി.. പ്രവാസം.. എന്‍റെ കുടുംബ പ്രാരാബ്ധങ്ങളുടെ ഭാരം ഇത്തിരി കുറയ്ക്കുവാന്‍... പക്ഷെ ഈ വഴിയിലും ഒരുപാട് മുള്ളുകള്‍.. കഷ്ടതകള്‍.. വെള്ളി വെളിച്ചങ്ങള്‍.. പകല്‍ സ്വപ്‌നങ്ങള്‍.. സ്വപ്നങ്ങളില്‍ മാത്രം സ്വന്തമാക്കിയിരുന്ന പലതും ഇന്നെന്റെ സ്വന്തം... എന്നോട് കൂട്ടുകൂടാന്‍ ഒത്തിരി പേര്‍.. പലരും പല നാട്ടില്‍ നിന്നും.. സൌഹൃദ ബന്ധത്തിനൊരനതിരുമില്ലെന്ന സത്യം ഞാനിന്നു മനസിലാക്കുന്നു.. ഈ  computerനു മുമ്പിലിരുന്നു തീര്‍ക്കുന്ന ജീവിതം എന്‍റെ അടുത്ത കൂട്ടുകാര്‍ പറയുന്ന പോലെ ചിലപ്പോള്‍ ഒരു ഭ്രാന്താവാം.. മറ്റു ചിലപ്പോള്‍ ഒരു പുതിയ ജീവിതമാവാം...

എന്നോ കണ്ടു മറന്ന മുഖങ്ങള്‍, ഒരു ബെഞ്ചിലിരുന്നു പഠിച്ചു.. നഷ്ടപ്പെട്ടപ്പോള്‍ ഒത്തിരി കരഞ്ഞ പല സൌഹൃദങ്ങളും ഇന്ന് ഞാന്‍ തിരിച്ചു പിടിച്ചിരിക്കുന്നു.. അവരോടു ഞാന്‍ നിശ്ശബ്ധമായി സംസാരിക്കുന്നു.. നീണ്ട വര്‍ഷങ്ങള്‍ക്കു മുമ്പ് വഴി പിര്ഞ്ഞ സഹപാഠിയോടു വീഡിയോ ചാറ്റ് ചെയ്യുന്നു.. നീയെത്ര മാറിപ്പോയെന്ന അവന്റെ നിഷ്കളങ്കമായ ചോദ്യത്തിന്.. മൌനമായി നീയും എന്ന് പറഞ്ഞു പുഞ്ചിരിക്കുന്നു... എല്ലാം ഓരോ യോഗം..

എന്തോ അവധി ദിനമായ ഇന്ന് എന്‍റെ ചാറ്റ് ലിസ്റ്റ് മാത്രം ഒഴിഞ്ഞു കിടക്കുന്നൂ. അപ്പോള്‍ തോന്നിയ ഒരു ഭ്രാന്ത് .. രണ്ടു വരി കുറിക്കണമെന്നെ തോന്നിയിരുന്നുള്ളൂ... എന്തൊക്കെയോ എഴുതി..

ഇതാ ഇപ്പോള്‍.. വീണ്ടും എന്‍റെ ചാറ്റ് ലിസ്റ്റ് നിറഞ്ഞിരിക്കുന്നു.. hi  എന്നെഴുതിയ chat boxകള്‍ മിഴി തുറന്നിരിക്കുന്നു...

ഞാന്‍ ഇവിടെ നിര്ത്തുന്നു.. മടങ്ങുന്നു.. എന്‍റെ ലോകത്തിലേക്ക്‌...

No comments:

Post a Comment