Monday, July 30, 2012

വസന്തം

നിദ്ര ചിന്തകള്‍ക്ക്
വഴിമാറി നിന്ന രാത്രിയില്‍
പിന്നിട്ട വഴികളിലെവിടെയോ
കളഞ്ഞു പോയ വസന്തം
തേടുകയായിരുന്നു മനസ്സ്.

ഓര്‍ത്തെടുത്ത വസന്തത്തിന് ;

കുറുമ്പുകാട്ടി കുതറിയോടുന്ന
വെള്ളാരങ്കണ്ണിയുടെ കുസൃതി
നിറഞ്ഞ മുഖമായിരുന്നു;

കുളപ്പടവിലിരുന്നു
കിന്നാരം പറഞ്ഞിരുന്ന
ചുവന്ന ദാവണി തുമ്പിന്റെ
നനുത്ത സുഗന്ധമായിരുന്നു;

അക്ഷരങ്ങള്‍ക്കിടയില്‍
ഒളിച്ചുവെച്ചു കൈമാറിയ
മയില്‍‌പീലി തുണ്ടിന്റെ
തിളക്കമായിരുന്നു.

എന്നും മൌനം
ഘനീഭവിച്ച ശിശിരവും
സ്വപ്നങ്ങളെ എരിച്ച ഗ്രീഷ്മവും
കാലം തെറ്റാതെ
വിരുന്നു വന്നിരുന്നു.

പുതിയൊരു വസന്തത്തിന്
വഴിമാറാന്‍ പഠിപ്പിച്ചു
വര്ഷം നിന്നു പെയ്യുമ്പോള്‍ ;
പോയ വസന്തത്തിന്റെ
നൊമ്പരം വിട്ടു മാറാത്ത ഞാന്‍
തോരാതെ മിഴിവാര്‍ക്കുന്നുണ്ടായിരിക്കും !

Thursday, July 19, 2012

ആരും വാ തുറക്കരുത് !

നട്ടുച്ചയ്ക്ക് സൂര്യന്‍ പുരപ്പുറത്തെ പൊട്ടിയ ഓടിന് ഇടയിലൂടെ മുഖത്തേക്ക് തറപ്പിച്ചു നോക്കിയപ്പോഴാണ് പാപ്പിച്ചേട്ടന്‍ കണ്ണുതുറന്നത് ! തലേരാത്രിയില്‍ തലയ്ക്ക് പിടിച്ച കെട്ട് മുഴുവനായി കണ്ണുകളില്‍ നിന്ന് വിട്ടിട്ടില്ല. ഉടുമുണ്ട് അരയില്‍ മുറുക്കി എഴുന്നേറ്റ് പട്ടി മോങ്ങുന്ന ശബ്ദത്തില്‍ ഒന്ന് കോട്ടുവായിട്ടു ! ദേ.. കട്ടിലിനു കീഴില്‍ നിന്നൊരു പൂച്ച ശരംവിട്ട പോലെ പുറത്തേക്ക് പായുന്നു ! പാപ്പിച്ചേട്ടന്റെ ദിവസം അവിടെ തുടങ്ങി.

പതിവ് ശൈലിയില്‍ വാ തോരാതെ പാട്ടുകള്‍ പാടി ആശാന്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചു. തലേന്നത്തെ 'അങ്ക'ത്തില്‍ മുഷിഞ്ഞ മുണ്ടും ഷര്‍ട്ടും മുക്കിലേക്ക്‌ ചുഴറ്റി എറിഞ്ഞ് അയയില്‍ കിടന്ന അലക്കി വെളുപ്പിച്ചവ എടുത്തിട്ട് കുട്ടപ്പനായി. കണ്ണാടിയില്‍ നോക്കി കൊമ്പന്‍ മീശ മുകളിലേക്ക് ശരിയാം വണ്ണം തെറുത്തു വച്ച് അടുക്കളയിലേക്ക് നടന്നു.

തനിക്കുള്ള ഊണ് പാത്രത്തില്‍ വിളമ്പി അടച്ചു വെച്ചിരിക്കണം, അങ്ങിനെയാണ് പാപ്പിച്ചേട്ടന്റെ കല്‍പ്പന ! ഇന്നും കടുകിട തെറ്റിയിട്ടില്ല, ഊണ് റെഡി ! കഴിച്ച് കഴിഞ്ഞ് ഏമ്പക്കവും വിട്ട് ആശാന്‍ ഉമ്മറക്കോലായില്‍ വന്നിരുന്ന് ഒരു ബീഡിക്ക് തീ കൊളുത്തി.

"എരിഞ്ഞു തീര്‍ന്ന ബീഡിക്കുറ്റി എറിഞ്ഞ്‌ കളഞ്ഞ ഉടനെ പാപ്പിച്ചേട്ടന്‍ വീടിന് പ്രദക്ഷിണം വെക്കാന്‍ തുടങ്ങി !" ങേ...! നിങ്ങള്‍ക്കങ്ങിനെയേ തോന്നൂ.. എന്നാല്‍ അങ്ങിനെയല്ല !

ചുറ്റുവട്ടത്തെ പട്ടികള്‍ക്ക് പാപ്പിച്ചേട്ടന്റെ ചെരിപ്പിനോട് അടങ്ങാത്ത അനുരാഗമാണ് ! രാത്രി ഊരിക്കളഞ്ഞ ചെരിപ്പുകള്‍ വല്ല തെങ്ങിന്റെ കടയ്ക്കലോ, കുപ്പത്തൊട്ടിയിലോ ഒക്കെ ചെന്ന് നോക്കിയാലേ കണി കാണാന്‍ കിട്ടുകയുള്ളൂ ! ഇന്ന് എന്തായാലും അധികം അധ്വാനിക്കേണ്ടി വന്നിട്ടില്ല. ഒരെണ്ണം ചവിട്ടു പടിയില്‍ നിന്ന് തന്നെ കിട്ടി. മറ്റൊരെണ്ണത്തിനായുള്ള തിരച്ചിലിലാണ് കക്ഷി.

"രക്ഷയില്ല ! രണ്ടു ചുറ്റു ചുറ്റി" ഇനിയെന്ത് ചെയ്യും എന്ന് ആലോചിട്ടു പടിക്കലേക്കു കണ്ണും നട്ട് ഉമ്മറത്ത്‌ വന്നിരുന്ന പാപ്പിച്ചേട്ടന്റെ കണ്ണുകള്‍ പെട്ടെന്ന്‍ തിളങ്ങി. "ഒരെണ്ണം അതാ ഇന്നലെ പടി കടന്നിട്ടേയില്ല ! "


സമയം നാലര !
പാപ്പിച്ചേട്ടന്‍ യാത്ര തുടങ്ങി. എവിടെക്കാണെന്ന് പറയാതെ തന്നെ വഴിയിലെ കല്ലിനും മുള്ളിനും വരെ അറിയാം. ഇപ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്കും. ഷാപ്പിലെ കള്ള് ആശാന്‍ കൈ കൊണ്ട് തൊടാറില്ല ! നല്ല കളറുള്ള ഫോറിനെ അടിക്കൂ.. അപ്പോള്‍ പിന്നെ ബാറിലേക്ക് തന്നെയാണ്. സംശയം വേണ്ട.

റോട്ടിലൊന്നും പതിവ് പോലെ ആളുകളെ കാണുന്നില്ല. "ഇനിയെങ്ങാനും എല്ലാവരും കൂടെ ബാറിനകത്തേക്ക് കയറിയോ ?" പാപ്പിച്ചേട്ടന്റെ സംശയം ന്യായം ! വാഹനങ്ങളും കുറവ്. ആശാന്‍ നടത്തത്തിന് വേഗം കൂട്ടി.

ബാറിനടുത്തെത്തിയപ്പോഴേക്കും നെഞ്ചിടിപ്പിന്റെ വേഗത കൂടി. തിരക്കൊന്നും കാണുന്നില്ല. മുന്നില്‍ ഒന്ന് രണ്ടു വണ്ടികള്‍ മാത്രമേ പാര്‍ക്ക്‌ ചെയ്തിട്ടുമുള്ളൂ. "ദൈവമേ ! എന്തുപറ്റി ?"

തകര്‍ന്ന മനസ്സോടെ പാപ്പിച്ചേട്ടന്‍ ആ സത്യം വായിച്ചറിഞ്ഞു. "ബാറിന് ഇന്ന് അവധി."

"ങേ ! ഇത്ര വേഗം ഒന്നാന്തിയായോ ?" ഒരെത്തും പിടിയും കിട്ടാതെ പാപ്പിച്ചേട്ടന്‍ നിന്നു വട്ടം കറങ്ങി. ഒന്ന് ചോദിക്കാനും അടുത്ത് ആരെയും കാണുന്നില്ല.

ഇനി ചിന്തിച്ചു നിന്നിട്ട് കാര്യമില്ല. ആശാന്‍ വീട്ടിലേക്കു വെച്ച് പിടിച്ചു. ഇന്ന് കെട്ട്യോള്‍ക്ക്‌ ശമ്പളം കിട്ടിയിരിക്കും. തന്റെ ഓഹരി പെട്ടെന്ന് കൈക്കലാക്കിയില്ലെങ്കില്‍ പിന്നെ അവളതെടുത്തു തിരിമറി നടത്തും. പാപ്പിച്ചേട്ടന്‍ നിലം തൊടാതെ പാഞ്ഞു !

പാപ്പിച്ചേട്ടന്‍ ആ നേരത്ത് ഇരുകാലില്‍ പോകുന്നത് കണ്ട നാല്‍ക്കാലികള്‍ തങ്ങളുടെ ഗ്രൂപ്പിനോട് അനുഭവം കാണിക്കാത്തതിന്റെ പ്രതിഷേധം അറിയിക്കാന്‍ കൂട്ടത്തോടെ മുദ്രാവാക്യം വിളിച്ചു !!

ആശാന്‍ ഒരുവിധം വീട്ടിലെത്തി. ആഹാ.. കെട്ട്യോള്‍ ഒന്നും അറിയാത്ത പോലെ നിന്ന് പാത്രം കഴുകുന്നു.

"കൊണ്ടടീ എന്റെ കാശ് !"

"കാശോ ? എനിക്കെന്താ നോട്ടടിക്കലാണോ പണി മനുഷ്യാ ?"

തര്‍ക്കുത്തരം പാപ്പിച്ചേട്ടന് സഹിക്കില്ല."ഒന്നാന്തിയായിട്ടു ശമ്പളം കിട്ടിയ കാശെന്തിയേടി ?"

"നിങ്ങള്‍ക്കെന്താ, മാസത്തില്‍ രണ്ടു ഒന്നാന്തിയോ ?" കെട്ട്യോള്‍ പാത്രം കഴുകല്‍ തുടര്‍ന്നു.

"ഒന്നാന്തിയായിട്ടു നീ എന്നോട് നുണ പറയേണ്ട. എനിക്ക് ഒറപ്പാ.. ബാര്‍ ഇന്ന് തുറന്നിട്ടില്ല."

"ഹേ മനുഷ്യാ.. ഇന്ന് ഹര്‍ത്താലാ.. ബാര്‍ എങ്ങിനെ തുറക്കാനാ ? ഇന്നലെയല്ലേ ഒരാളെ വെട്ടിക്കൊന്നത് ? അതിനെങ്ങിനാ നിങ്ങള്ക്ക് ബോധം ഉണ്ടായിട്ടു വേണ്ടേ വല്ലതും അറിയാന്‍ ?!"

"ങേ ! എന്നോട് ചോദിക്കാതെ പാര്‍ട്ടിക്കാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചോ ? നിനക്കെങ്കിലും എന്നോട് പറഞ്ഞു കൂടായിരുന്നോ ?" പാപ്പിച്ചേട്ടന്‍ നിന്നു കത്തി.

"ദേ.. വേലിപ്പുറത്ത് അയല്‍ക്കാരെല്ലാം കൂട്ടം കൂടി തുടങ്ങി, ഒന്ന് നിര്‍ത്തുന്നുണ്ടോ നിങ്ങള്.."

"ഞാന്‍ എന്റെ കെട്ട്യോളോട് വഴക്ക് കൂടുന്നതിന് നാട്ടുകാര്‍ക്കെന്താ .."
പാപ്പിചെട്ടന്‍ രണ്ടും കല്‍പ്പിച്ച് പുറത്ത് ചാടി !

ഇനിയാരും മിണ്ടേണ്ട ! വാ തുറന്നു ചിരിക്കുകയും വേണ്ട ! ആശാന്‍ നല്ല ചൂടിലാണ്...

- ശുഭം -


Wednesday, July 11, 2012

ഓരോന്നിനും വേണം ഓരോ യോഗം !

കാര്‍ത്തിക തിയ്യേറ്ററില്‍ നിന്ന് 'പ്രാഞ്ചിയേട്ടന്‍' സെക്കന്റ്‌ ഷോ കണ്ട് ഇറങ്ങി വരുമ്പോഴാണ് ഞാന്‍ ബാബുവിനെ വീണ്ടും കാണുന്നത് ! തിയേറ്റര്‍ കാന്റീനിലെ ബെഞ്ചിലിരുന്ന് ഏതോ സിനിമാവാരിക മറിച്ച് നോക്കുകയാണ് കക്ഷി.

ബാബുവിനെ ഞാനൊന്ന് പരിചയപ്പെടുത്തിത്തരാം. ഞങ്ങള്‍ അഞ്ചാറു കൊല്ലം സ്കൂളില്‍ ഒരുമിച്ചു പഠിച്ചതാണ്. അന്നേ സിനിമ തിയേറ്റര്‍ ചുറ്റിപ്പറ്റിയായിരുന്നു അവന്റെ ജീവിതം. അത്യാവശ്യം കൈമണി സംഘടിപ്പിക്കാനായി ആശാന്‍ അവിടത്തെ ചെറിയ പണികളൊക്കെ ഏല്‍ക്കും !  മാറുന്ന സിനിമകളുടെ പോസ്ടറുകള്‍ ചുവരില്‍ ഒട്ടിക്കലാണ് മുഖ്യജോലിസിനിമ പോസ്ടറുകളില്‍ പൊതിഞ്ഞ പുറംചട്ടയുള്ള രണ്ടോ മൂന്നോ പുസ്തകങ്ങളുമായി കക്ഷി ക്ലാസിലെ ഏറ്റവും പിന്നിലത്തെ ബെഞ്ചില്‍ തലയെടുപ്പോടെ അങ്ങിനെ ഇരിക്കും ! അതാണ്‌ ഓര്‍മ്മ.

പത്താം ക്ലാസ് വിട്ടതില്‍ പിന്നെ എനിക്ക് ആളെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. ഇപ്പോള്‍ ഈ ഇരിക്കുന്ന രൂപവും അന്നത്തെ ബാബുവും തമ്മില്‍ പറയത്തക്ക വ്യത്യാസമൊന്നും ഒറ്റനോട്ടത്തില്‍ എനിക്ക് തോന്നിയില്ല. 

സിനിമ വിട്ട തിരക്ക് ഒന്നൊഴിഞ്ഞപ്പോള്‍ ഞാന്‍ അവന്റെ അടുക്കലേക്ക് ചെന്നു.

"ബാബുവേ.. നിനക്കെന്നെ ഓര്‍മ്മയുണ്ടോ.. ? "

"ആരടാപ്പാ ഈ പാതിരാത്രിയില്‍" എന്ന ഭാവത്തില്‍ കക്ഷി മുഖമുയര്‍ത്തി. ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല, എവിടെയോ കണ്ട പരിചയം ഭാവിച്ച മട്ടില്‍ ഒന്നു ചിരിച്ചെന്നു വരുത്തി.

"എന്താടോ നിന്റെ വിശേഷം ? ഒരു മാറ്റവുമില്ലല്ലോ നിനക്ക് ?!"

"ഓ.. എനിക്കെന്തു വിശേഷം ?! നമ്മളിങ്ങനെ അല്ലറ ചില്ലറ ഏര്‍പ്പാടൊക്കെയായിട്ടു കഴിഞ്ഞു പോവുന്നു"; ഇതൊക്കെ എത്ര കേട്ടതാ എന്നാ മട്ടില്‍ പുള്ളീടെ ഒഴുക്കന്‍ റിപ്ലേ. അതോടെ തീര്‍ന്നു. ആള് പിന്നെയും വായ മൂടിക്കെട്ടി പുസ്തകത്തിലേക്ക് തലതാഴ്ത്തി.

അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ..! മടിച്ചു നില്‍ക്കാതെ ഞാന്‍ അടുത്ത ചോദ്യം പാസ്സാക്കി.

"അല്ല നിന്റെ കല്യാണം കഴിഞ്ഞൂന്നോ.. മക്കളായീന്നോ ഒക്കെ കേട്ടൂലോ.. ? നേരാണോടാ.. ?"

"ആ അതൊള്ളതാ.. കൊച്ചുങ്ങള് രണ്ടായി !" അത്ര പിടിച്ചിട്ടില്ല എന്ന് തോന്നുന്നു. വിഷയം മാറ്റാനായാണോ എന്തോ ? കക്ഷി എനിക്കിട്ടൊരു ചോദ്യം !

"അല്ലാ.. പടം എങ്ങിനെയുണ്ട് ?"

"തരക്കേടില്ല. സംഭവം, എനിക്കിഷ്ടായി."

"ഇഷ്ടാവും ! നമ്മുടെ രഞ്ജിത്തേട്ടന്റെ സിനിമയല്ലേ ! ആളുടെ ഏതു പടത്തിനും ഒരു മിനിമം ഗ്യാരണ്ടി  ഒക്കെയുണ്ട്. മൂപ്പര്‍ക്കൊക്കെയാ ഇപ്പോ സിനിമ കാണാന്‍ വരുന്നോരുടെ ടേസ്റ്റ് അറിയാ.. അല്ലെങ്കിലിപ്പൊ എന്താ ഇത്ര കഥ ഈ പടത്തില്‍ ?"

വിഷയം സിനിമ ആയതോടെ ആള് കത്തിക്കയറി ! മമ്മൂട്ടിയുടെയും, ലാലേട്ടന്റെയും മറ്റു പുതിയ പടങ്ങള്‍ പൊട്ടി പാളീസായതും പുതിയ സിനിമാക്കാര് ചെക്കന്മാര് ഇംഗ്ലീഷില്‍ നിന്നും ഒക്കെ കോപ്പിയടിച്ച് സിനിമ ഉണ്ടാക്കുന്നതുമെല്ലാം പുള്ളി നല്ല ആവേശത്തില്‍ വെച്ചുകാച്ചുകയാണ് !

സംഭവം പിടിവിട്ടു എന്ന് തോന്നി തുടങ്ങിയപ്പോള്‍ ഞാന്‍ ഇടയ്ക്ക് കയറി ചോദിച്ചു.

"അല്ലാ.. സമയം കുറെ ആയല്ലോ, ബാബുവേ നീ ഭക്ഷണം കഴിച്ചോ ?"

"ആ.. അതൊക്കെ ഞാന്‍ എപ്പോഴേ കഴിച്ചു."

"അതെയോ, എന്നാല്‍ ഞാന്‍ കഴിച്ചിട്ടില്ല കേട്ടോ. നല്ല വിശപ്പ്‌. പിന്നെ കാണാം നമുക്ക്  ബാബുവേ.." ഞാന്‍ മെല്ലെ തടിയൂരി.

ബൈക്കില്‍ കയറി ഇരുന്ന് സ്റ്റാര്‍ട്ട്‌ ചെയ്യവേ ഒന്നുകൂടി അവനെ നോക്കി. നടുവിലെ പേജ് ആരോ പറിച്ചെടുത്ത സിനിമാ വാരിക പിന്നെയും മറിച്ച് തുടങ്ങിയിരിക്കുന്നു കക്ഷി. എന്നെ കുറിച്ചോ, പഴയ കാലത്തേ കുറിച്ചോ ബാബു ഒന്നും ചോദിച്ചില്ല എന്നത് വിസ്മയത്തോടെ ഞാന്‍ ഓര്‍ത്തു. 

ദൈവമേ ! പണ്ട് ആ ശാരദ ടീച്ചറുടെ ഉപദേശങ്ങള്‍ എല്ലാം ചെവിക്കൊണ്ട് ഈ കാണുന്ന ഉത്സാഹത്തോടെ ആ പാഠപുസ്തകങ്ങള്‍ എങ്ങാനും ഇവന്‍ മറിച്ച് നോക്കിയിരുന്നെങ്കില്‍ ! ഇത്രയും  മനസ്സമാധാനത്തോടെ, ഇത്രേം കൂളായിട്ട് ഈ നേരത്ത് ഈ ബെഞ്ചിമ്മേല്‍ ഇങ്ങനെ ഇരിക്കാന് അവന് കഴിയുമായിരുന്നോ ?! അവന്റെയൊക്കെ ഓരോ തലയിലെഴുത്ത് !

നേരം കുറെയായി, വീട്ടുകാരൊക്കെ ഉറങ്ങിക്കാണും. ധൃതിയില്‍ ഞാന്‍ വീട്ടിലേക്കുള്ള വഴിയെ വെച്ചുപിടിക്കുമ്പോള്‍ സ്വയം സമാധാനിച്ചു.  "ആ.. അതാവും പണ്ടുള്ളോര് പറയുന്നേ.. ഓരോന്നിനും വേണം ഓരോ യോഗം !!" 

--ശുഭം -- 

Saturday, July 7, 2012

തസ്കരചരിതം

ഗ്രാമം മിഴിപൂട്ടി ഉറങ്ങി തുടങ്ങുമ്പോഴാണ് അയാള്‍ തന്റെ വീട്ടില്‍ നിന്നും പതിവ് യാത്ര ആരംഭിക്കുക. നടന്നു പരിചയിച്ച വഴിയിലൂടെ അയാളുടെ കാലുകള്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ച വീട്ടിലേക്ക് സാവധാനം സഞ്ചരിക്കും. അവിടുത്തെ അവസാന വെളിച്ചവും അണയാന്‍ മതിലിനു പുറത്ത് അയാള്‍ ക്ഷമയോടെ കാത്തിരിക്കും. പിന്നെ ചുറ്റുമതില്‍ ആയാസമൊട്ടുമില്ലാതെ ചാടിക്കടക്കും. ഒടുക്കം വെളിച്ചം അണഞ്ഞ മുറിയുടെ ജനലരികില്‍ പതിയെ പോയി ചെവികൂര്‍പ്പിച്ചു നില്‍ക്കും. സംസാരങ്ങളെല്ലാം ഒടുങ്ങി മെല്ലെ കേള്‍ക്കുന്ന നിശ്വാസങ്ങള്‍ ഗാഡനിദ്രയിലേക്ക് ആഴ്ന്നിറങ്ങുന്നതാണെന്ന തിരിച്ചറിവില്‍ അയാള്‍ ഒരുക്കം തുടങ്ങും. വീടിനുള്ളില്‍ കൂര്‍ക്കംവലി ഉറക്കെ മുഴങ്ങി തുടങ്ങുമ്പോള്‍ ആദ്യത്തെ ഓട് ഇളക്കി അയാള്‍ താഴോട്ടു നോക്കി ഇരിക്കുകയായിരിക്കും !

ഇന്നും പതിവ് എവിടെയും പിഴച്ചിട്ടില്ല. അയാള്‍ വാച്ചില്‍ സമയം നോക്കി. നേരം ഒരു മണിയോട് അടുക്കുന്നു. താഴോട്ടിട്ട കയറിലൂടെ പതിയെ അകത്തേക്ക് ഊര്‍ന്നിറങ്ങി.

ആദ്യം കണ്ടുപിടിക്കേണ്ടത്‌ അടുക്കളയാണ്‌. വിഷമിക്കേണ്ടി വന്നില്ല, കൊതിയൂറുന്ന ഇറച്ചിക്കറിയുടെ ഗന്ധം വഴികാട്ടിയായി. കഴുകാതെ വാഷ് ബേസിനില്‍ അലസമായി ഇട്ട പ്ലേറ്റുകളില്‍ ചിതറിക്കിടന്ന എല്ലിന്‍ കഷ്ണങ്ങള്‍  ജനലിലൂടെ വന്ന നേരിയ നിലാവിന്‍ വെട്ടത്തില്‍ പല്ലിളിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ അറപ്പോടെ മുഖം തിരിച്ചു. നല്ല വിശപ്പുണ്ടെങ്കിലും ഇനിയിവിടുന്ന് അത്താഴം വേണ്ട, അയാള്‍ പിന്തിരിഞ്ഞു. 

സമയം ഒരുപാടുണ്ട്. ശബ്ദമുണ്ടാക്കാതെ അയാള്‍ വലിയ ഹാളിലെ സെറ്റിയില്‍ വന്നിരുന്നു.
"മോശമാവില്ല ഇന്നത്തെ കോള് "എന്ന് മനസ്സില്‍ കണക്കുകൂട്ടി ഇരുണ്ട വെളിച്ചത്തില്‍ അലസമായി എല്ലായിടത്തും ഒന്നു കണ്ണോടിച്ചു. പെട്ടെന്നാണ് ചുവരില്‍ തൂങ്ങുന്ന വലിയൊരു ഫോട്ടോ ശ്രദ്ധയില്‍ പെട്ടത് ! അയാള്‍ അടുത്തേക്ക് ചെന്ന് നോക്കി.

ഈ വീട്ടിലെ കുടുംബനാഥന്‍ പട്ടാളത്തിലാണെന്ന് അയാള്‍ക്ക്‌ മുമ്പേ അറിയാമായിരുന്നു. ചുവരിലെ ഫോട്ടോയില്‍ എട്ടു-പത്തു പേര്‍, പട്ടാള യൂണിഫോം ധരിച്ച് തോക്കെല്ലാം പിടിച്ച് ഏതോ മലയിടുക്കില്‍ നിന്നെടുത്ത ഫോട്ടോ ആണ്. ചിത്രത്തിനടിയില്‍ രണ്ടു വരി. "നിങ്ങള്‍ ധൈര്യമായി ഉറങ്ങിക്കോളൂ, ഞങ്ങളിവിടെ ഉറങ്ങാതെ കാവലിരിപ്പുണ്ട്." ഈ അടുത്തിടെ കണ്ട ഏതോ സിനിമയില്‍ കേട്ട് മറന്ന ഡയലോഗ് ! അയാളുടെ കണ്ണുകള്‍ വീണ്ടും ചിത്രത്തിലെ മുഖങ്ങളിലേക്ക് തിരികെ പോയി.

അവരില്‍ തലയില്‍ കെട്ട് കെട്ടിയ സിക്ക്കാരുണ്ട്, കണ്ടാല്‍ തമിഴനെന്നു തോന്നിപ്പിക്കുന്നവരുണ്ട്, വെളുത്ത് തുടുത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ആളാവാം ഇവിടുത്തെ ഗൃഹനാഥന്‍. എല്ലാവരുടെയും മുഖത്ത് അഭിമാനം നിറഞ്ഞു നില്‍ക്കുന്ന പോലെ.. ഞങ്ങളെല്ലാം  നിങ്ങള്‍ക്കായി ഇവിടെ ഉറങ്ങാതെ കാവലിരിക്കയാണെന്ന്  വിളിച്ചു പറയുന്ന പോലെ.. കുറച്ചു നിമിഷങ്ങള്‍ ചിത്രത്തിലേക്ക് തന്നെ നോക്കി അയാള്‍ തിരികെ വന്ന് സെറ്റിയില്‍ ഇരുന്നു.

ഇപ്പോള്‍ അയാളുടെ മനസ്സില്‍ കുറ്റബോധത്തിന്റെ ചെറിയൊരു ലാഞ്ചനയുണ്ട്. നാടും വീടും കുടുംബത്തെയും വിട്ട് തന്റെ രാജ്യത്തെ ശത്രുക്കളില്‍ നിന്നും കാത്തുരക്ഷിക്കാന്‍ പോയ ആ ധീരവ്യക്തികളെ ഓര്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ മനസ്സില്‍ ആദരവ് തോന്നുന്നുണ്ട്. പതിയെ ആ ഫോട്ടോയില്‍ നിന്നും അയാള്‍ നോട്ടം പിന്‍വലിച്ചു. മനസ്സ് ഒന്ന് പതറിയോ ? തല കുമ്പിട്ട് കുറെ നേരം അയാള്‍ സെറ്റിയില്‍ അതേ ഇരിപ്പിരുന്നു.

രാത്രിയുടെ നിശബ്ദതയെ മുറിച്ച് ക്ലോക്കില്‍ സമയം മൂന്നു മണി അടിച്ചു !

താന്‍ എന്തായാലും ഇവിടെ നിന്നിനി മോഷ്ടിക്കുന്നില്ല എന്ന് തീരുമാനിച്ചുറപ്പിച്ചായിരിക്കാം അയാള്‍ എഴുന്നേറ്റ് അടുക്കള വാതിലിനടുത്തേക്ക് നടന്നു. പതിയെ ശബ്ദമില്ലാതെ വാതില്‍ തുറന്ന് പുറത്തിറങ്ങി. കതക്‌  പുറത്തു നിന്ന് ചാരവേ, അയാളുടെ മനസ്സില്‍ എന്തോ ആ കുടുംബത്തിനെ കുറിച്ച് അരക്ഷിതത്വ ബോധം തോന്നിയോ ? ഒരു കുടുംബം ഒന്നുമറിയാതെ അകത്തു കിടന്നുറങ്ങുന്നുണ്ട്.

തിരികെ വീട്ടിനുള്ളിലേക്കു തന്നെ കയറി അയാള്‍ വാതില്‍ അടച്ചു കുറ്റിയിട്ടു. ഹാളിലെക്കെത്തി താഴേക്ക്‌ തൂങ്ങിയിറങ്ങിയ അതേ കയറിലൂടെ മുകളിലേക്ക് വലിഞ്ഞു കയറി. ഇളക്കിയ ഓട്‌ നിറഞ്ഞ മനസ്സോടെ യഥാസ്ഥാനത്ത് ഉറപ്പിച്ചു വെക്കുമ്പോള്‍ മേഘകൂട്ടത്തിനിടയില്‍ മറഞ്ഞിരുന്ന അമ്പിളി പുറത്ത്‌ വന്ന് വെളുക്കെ ചിരിച്ചു. വല്ലാത്ത നിറവോടെ, ആഹ്ലാദത്തോടെ.. !

Sunday, July 1, 2012

മനസ്സില്‍ ഒരു തോരാമഴ.

"എന്റെ പേര് സുലൈമാന്‍ന്നാ. "

"ഹേയ്‌,  ഇങ്ങളൊക്കെ ന്താ ഇങ്ങനെ അന്തിച്ചു നോക്കണേ ? "
"എന്റെ താടീം മുടീം ഈ കരിപിടിച്ച കുപ്പായവുമൊക്കെ കണ്ടിട്ടാ ?"
"ന്നാ ഇങ്ങള് കേട്ടോളീന്‍ എനിക്ക് യാതോരു കുഴപ്പവുമില്ല. "

"ഈ നശിച്ച മഴ പെയ്തതോണ്ട് ഓടികേറിയതല്ലേ ഇങ്ങളൊക്കെ ഈ പീടികകൊലായിമ്മേല്. ഇനിയിപ്പോ അത് തോരണ വരെ ഇങ്ങള് എന്റെ കഥ കേക്കണം. എന്നിട്ട് പറയണം എന്താ എനിക്ക് കൊഴപ്പംന്ന്. "

"കുരുത്തംകെട്ട നേരത്താ എപ്പളും ഈ  മഴ പെയ്യാ. !"
അപ്പൊ ഇങ്ങള്‍ക്ക്‌ തോന്നും എനിക്ക് മഴയോടെന്താ ഇത്ര ദേഷ്യംന്ന്. എനിക്ക് മഴയോട് ഒരു ദേഷ്യോം തോന്നാത്ത, പെരുത്ത് ഇഷ്ടംണ്ടായിരുന്ന കാലം ഉണ്ടായിരുന്നു.

"പണ്ട് ചന്നം പിന്നം മഴ പെയ്യണ ദിവസായിരുന്നു എന്റെ ഉപ്പാന്റെ കയ്യിമ്മേല്‍ തൂങ്ങീട്ടു ഞാന്‍ സ്കൂളിന്റെ പടി ആദ്യായിട്ട് കാണണത്. പിന്നെ ഒറ്റയ്ക്ക് കൊട ചൂടി മഴേത്ത് നടക്കണത്, സ്കൂളീ പോണത്... ഹാ...എന്തൊരു രസായിരുന്നൂ അന്നൊക്കേന്നോ ! "

പിന്നെങ്ങോട്ട്‌ മഴ എന്റെ ജീവിതത്തില്‍ എല്ലാ സന്തോഷങ്ങള്‍ക്കും ദുഖങ്ങള്‍ക്കും കൂടെ ഉണ്ടായിരുന്നു.

പത്തില് പഠിക്കുമ്പോഴാണ് എന്റെ ഉമ്മ മരിക്കണത്. ഉമ്മാന്റെ മയ്യത്തിന്റെ അടുത്തുനിന്ന് എങ്ങി കരഞ്ഞോണ്ടിരുന്ന ഉപ്പ ഞാന്‍ നോക്കുന്നത്  കണ്ടപ്പോ മഴയത്തേക്ക് ഇറങ്ങി നിന്നിട്ട് എന്നെ അടുത്തേക്ക് വിളിച്ചു.

"മോന്‍ കരയണ്ടാട്ടോ, ഉമ്മ പടച്ചോന്റെ അടുത്തെക്കല്ലേ പോയെ.." ഉപ്പ അത് എന്നോട്  പറയുമ്പോ ഞാന്‍ ഉപ്പാന്റെ മുഖത്തേക്ക് തലയുയര്‍ത്തി നോക്കി. ഒഴുകി വരുന്ന മഴവെള്ളമല്ലാതെ ഉപ്പാന്റെ കണ്ണ് നിറഞ്ഞിരുന്നോന്നു കാണാന്‍ എനിക്ക് കഴിഞ്ഞില്ല.  

ഉമ്മ മരിച്ചതില്‍ പിന്നെ ഇന്നോട് പഠിത്തം നിര്‍ത്തിക്കോന്നു പറഞ്ഞു ഉപ്പ. ഒരു ദിവസം  രാവിലെ ഈ അങ്ങാടീല്‍ക്ക് കൂട്ടീട്ട് വന്നു. അങ്ങിനെ പിന്നെ ഞാന്‍ ഇവിടെ ഉപ്പാന്റെ കൂടെ ചൊമടെടുക്കാനും ലോഡെറക്കാനും തൊടങ്ങി.

കൊറച്ചു ദിവസം കഴിഞ്ഞപ്പോ ഒരു രാത്രി ഉപ്പ പറഞ്ഞു. "നാളെ ഇയ്യ് അബ്ദൂന്റെ കൂടെ ഒരിടം വരെ പോണം. ഓനൊരു പെണ്ണിനെ അനക്ക് നോക്കി വെച്ചിട്ടുണ്ട്."

അബ്ദുക്കാന്റൊപ്പം കൊടേം ചൂടി ഞാന്‍ കദീജാന്റെ പെരേലെത്തുമ്പോ ആകെ നനഞ്ഞു കുതിര്‍ന്നിരുന്നു. തണുത്ത് വിറച്ച് അങ്ങിനെ പെണ്ണ് കാണാനിരുന്നു. പൊറത്ത് മഴ പെയ്യുമ്പോ ഓള് രണ്ടു ഗ്ലാസില്‍ കട്ടന്‍ ചായയുമായിട്ട് ഞങ്ങടെ മുമ്പിലേക്ക് വന്നു.

"ഒന്നേ ഓളെ ഞാന്‍ നോക്കിയോള്ളൂ. എനിക്ക് ഇഷ്ടായി. അല്ല ആര്‍ക്കും ഓളെ ഇഷ്ടാവും."

ഉപ്പാനെ ഇങ്ങട്ട് അയക്കാംന്നു വാക്ക് പറഞ്ഞ് അബ്ദുക്കാന്റെ കൂടെ മഴയത്തേക്ക് ഇറങ്ങുമ്പോ എന്റെ ഖല്ബ് നിറയെ സ്വപ്നങ്ങളായിരുന്നു. മഴ ആര്‍ത്തു പെയ്യണതും ആകെ നനഞ്ഞു കുതിരുണതും ഒന്നും ഞാന്‍ അറിഞ്ഞില്ല.

അങ്ങിനെ ഞങ്ങടെ കല്യാണം കഴിഞ്ഞു. വൈകാതെ ഒരു കുട്ടിയും ആയി. ഞങ്ങള്‍ ഓളെ സുഹറാന്നു വിളിച്ചു. ശരിക്കും സ്വര്‍ഗ്ഗായിരുന്നു എന്റെ വീട്. സന്ധ്യക്ക്‌ ഈ ഭാരിച്ച പണിയൊക്കെ കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തുമ്പോ ക്ഷീണമെല്ലാം മറക്കണത് ഓള്‍ടെ ചിരിയും കളിയുമൊക്കെ കണ്ടിട്ടായിരുന്നു.

കൊല്ലം കൂടും തോറും എന്റെ സുഹറായും വലുതായി, സ്കൂളില്‍ ചേര്‍ക്കേണ്ട പ്രായമായി.

ഇവിടെ ഈ കാണുന്ന എല്‍.പി സ്കൂളിലാ ഞങ്ങള്‍ ഓളെ ചേര്‍ത്തത്. രാവിലെ എന്റെ കൂടെ ഓള് സ്കൂളില്‍ക്ക്  വരും, വൈകുന്നേരം കദീജയാണ് വരാറ് ഓളെ വീട്ടിലേക്കു കൂട്ടീട്ടു പോകാന്‍.

അങ്ങിനെയിരിക്കെ നല്ല മഴ പെയ്ത ഒരു വൈകുന്നേരം. ഈ കടേന്റെ മുമ്പില്‍ നിന്ന് ഞാന്‍ ലോഡെറക്കായിരുന്നു. സ്കൂള്‍ വിട്ട നേരം, കദീജ സുഹറാന്റെ കയ്യും പിടിച്ചു റോഡ്‌ മുറിച്ചു കടക്കുകായിരുന്നു. സ്പീഡില്‍ വന്ന ഒരു ലോറി രണ്ടാളേം ഇടിച്ചു തെറിപ്പിച്ചു ! "മഴ പെയ്തതോണ്ട് ചെലപ്പോ ലോറി വരണത് കണ്ടിട്ടുണ്ടാവില്ല അവര്."

ഓടി ചെന്ന് സുഹറാനെ വാരി എടുത്തപ്പോ തുറന്നു പിടിച്ച ഓളുടെ വായേന്നു ചോര വരണുണ്ട്. അപ്പഴേ ഓടി ഞാന്‍ ഓളേം കൊണ്ട് ആശുപത്രീക്ക്, അത്രേം വേഗം ഞാന്‍ ഓളെ കൊണ്ട് ചെന്നിട്ടും ഡോക്ടര്‍ എന്നോട് പറഞ്ഞു ഓള് മരിച്ചുന്ന് !

ഞാന്‍ വിശ്വസിക്കോ..!

സുഹറാനേം എടുത്തു തിരിച്ചോടി എന്റെ കദീജാന്റെ അടുത്തേക്ക്.  റോട്ടിലോക്കെ നോക്കീട്ടും ഓളെ കണ്ടില്ല, തിരിച്ച്  ആശുപത്രീല്‍ വന്നു നോക്കുമ്പോ ഉണ്ട് ഒരു വണ്ടീമ്മല്  കെടക്കണ് വെള്ള പൊതപ്പും തല വരെ മൂടീട്ട്...!

"ഈ മഴയാ, നശിച്ച ഈ മഴയാ എന്റെ ജീവിതം തൊലച്ചത്. "

അതിന്റെ ശേഷം ഞാന്‍ എന്റെ വീട്ടിലേക്ക് പോയിട്ടില്ല. ഈ സ്കൂള്‍ വിടുമ്പോ ഞാന്‍ ഇവിടെ  ഉണ്ടാവും, ഈ കുഞ്ഞു മക്കളെ റോഡു മുറിച്ചു കടത്തിക്കാന്‍, അങ്ങിനെ ഇനിയീ മഴ വേറെ ഒരാളേം പടച്ചോന്റെ അടുത്തേക്ക് കൂട്ടികൊണ്ട് പോവേണ്ട !

ഇനി ഇങ്ങള് പറയിന്‍ ഞാന്‍ ചെയ്യണതല്ലേ ശരി ?

വേണ്ട ഇങ്ങള് ആരും ഒന്നും പറയേണ്ട.. മഴ തോര്‍ന്നത് കണ്ടില്ലേ, എല്ലാരും പോയിക്കോളിന്‍. വീട്ടില് ഇങ്ങടെ കെട്ട്യോളും കുട്ട്യോളും ഒക്കെ കാത്തിരിക്കണുണ്ടാവും.

മഴ തോര്ന്നാല്‍ പിന്നെ എന്റെ പരാതീം പറയാനുള്ളതും ഒക്കെ തീര്‍ന്നു.
സ്കൂള്‍ വിട്ടത് കണ്ടില്ലേ, എനിക്ക് ആ കുഞ്ഞുമക്കളെ റോഡു മുറിച്ചു കടത്തണം.
വേഗം അടുത്ത മഴ വരുന്നതിനു മുമ്പേ ഇങ്ങള് വീട് പിടിച്ചോളിന്‍...!

--------