Saturday, July 7, 2012

തസ്കരചരിതം

ഗ്രാമം മിഴിപൂട്ടി ഉറങ്ങി തുടങ്ങുമ്പോഴാണ് അയാള്‍ തന്റെ വീട്ടില്‍ നിന്നും പതിവ് യാത്ര ആരംഭിക്കുക. നടന്നു പരിചയിച്ച വഴിയിലൂടെ അയാളുടെ കാലുകള്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ച വീട്ടിലേക്ക് സാവധാനം സഞ്ചരിക്കും. അവിടുത്തെ അവസാന വെളിച്ചവും അണയാന്‍ മതിലിനു പുറത്ത് അയാള്‍ ക്ഷമയോടെ കാത്തിരിക്കും. പിന്നെ ചുറ്റുമതില്‍ ആയാസമൊട്ടുമില്ലാതെ ചാടിക്കടക്കും. ഒടുക്കം വെളിച്ചം അണഞ്ഞ മുറിയുടെ ജനലരികില്‍ പതിയെ പോയി ചെവികൂര്‍പ്പിച്ചു നില്‍ക്കും. സംസാരങ്ങളെല്ലാം ഒടുങ്ങി മെല്ലെ കേള്‍ക്കുന്ന നിശ്വാസങ്ങള്‍ ഗാഡനിദ്രയിലേക്ക് ആഴ്ന്നിറങ്ങുന്നതാണെന്ന തിരിച്ചറിവില്‍ അയാള്‍ ഒരുക്കം തുടങ്ങും. വീടിനുള്ളില്‍ കൂര്‍ക്കംവലി ഉറക്കെ മുഴങ്ങി തുടങ്ങുമ്പോള്‍ ആദ്യത്തെ ഓട് ഇളക്കി അയാള്‍ താഴോട്ടു നോക്കി ഇരിക്കുകയായിരിക്കും !

ഇന്നും പതിവ് എവിടെയും പിഴച്ചിട്ടില്ല. അയാള്‍ വാച്ചില്‍ സമയം നോക്കി. നേരം ഒരു മണിയോട് അടുക്കുന്നു. താഴോട്ടിട്ട കയറിലൂടെ പതിയെ അകത്തേക്ക് ഊര്‍ന്നിറങ്ങി.

ആദ്യം കണ്ടുപിടിക്കേണ്ടത്‌ അടുക്കളയാണ്‌. വിഷമിക്കേണ്ടി വന്നില്ല, കൊതിയൂറുന്ന ഇറച്ചിക്കറിയുടെ ഗന്ധം വഴികാട്ടിയായി. കഴുകാതെ വാഷ് ബേസിനില്‍ അലസമായി ഇട്ട പ്ലേറ്റുകളില്‍ ചിതറിക്കിടന്ന എല്ലിന്‍ കഷ്ണങ്ങള്‍  ജനലിലൂടെ വന്ന നേരിയ നിലാവിന്‍ വെട്ടത്തില്‍ പല്ലിളിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ അറപ്പോടെ മുഖം തിരിച്ചു. നല്ല വിശപ്പുണ്ടെങ്കിലും ഇനിയിവിടുന്ന് അത്താഴം വേണ്ട, അയാള്‍ പിന്തിരിഞ്ഞു. 

സമയം ഒരുപാടുണ്ട്. ശബ്ദമുണ്ടാക്കാതെ അയാള്‍ വലിയ ഹാളിലെ സെറ്റിയില്‍ വന്നിരുന്നു.
"മോശമാവില്ല ഇന്നത്തെ കോള് "എന്ന് മനസ്സില്‍ കണക്കുകൂട്ടി ഇരുണ്ട വെളിച്ചത്തില്‍ അലസമായി എല്ലായിടത്തും ഒന്നു കണ്ണോടിച്ചു. പെട്ടെന്നാണ് ചുവരില്‍ തൂങ്ങുന്ന വലിയൊരു ഫോട്ടോ ശ്രദ്ധയില്‍ പെട്ടത് ! അയാള്‍ അടുത്തേക്ക് ചെന്ന് നോക്കി.

ഈ വീട്ടിലെ കുടുംബനാഥന്‍ പട്ടാളത്തിലാണെന്ന് അയാള്‍ക്ക്‌ മുമ്പേ അറിയാമായിരുന്നു. ചുവരിലെ ഫോട്ടോയില്‍ എട്ടു-പത്തു പേര്‍, പട്ടാള യൂണിഫോം ധരിച്ച് തോക്കെല്ലാം പിടിച്ച് ഏതോ മലയിടുക്കില്‍ നിന്നെടുത്ത ഫോട്ടോ ആണ്. ചിത്രത്തിനടിയില്‍ രണ്ടു വരി. "നിങ്ങള്‍ ധൈര്യമായി ഉറങ്ങിക്കോളൂ, ഞങ്ങളിവിടെ ഉറങ്ങാതെ കാവലിരിപ്പുണ്ട്." ഈ അടുത്തിടെ കണ്ട ഏതോ സിനിമയില്‍ കേട്ട് മറന്ന ഡയലോഗ് ! അയാളുടെ കണ്ണുകള്‍ വീണ്ടും ചിത്രത്തിലെ മുഖങ്ങളിലേക്ക് തിരികെ പോയി.

അവരില്‍ തലയില്‍ കെട്ട് കെട്ടിയ സിക്ക്കാരുണ്ട്, കണ്ടാല്‍ തമിഴനെന്നു തോന്നിപ്പിക്കുന്നവരുണ്ട്, വെളുത്ത് തുടുത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ആളാവാം ഇവിടുത്തെ ഗൃഹനാഥന്‍. എല്ലാവരുടെയും മുഖത്ത് അഭിമാനം നിറഞ്ഞു നില്‍ക്കുന്ന പോലെ.. ഞങ്ങളെല്ലാം  നിങ്ങള്‍ക്കായി ഇവിടെ ഉറങ്ങാതെ കാവലിരിക്കയാണെന്ന്  വിളിച്ചു പറയുന്ന പോലെ.. കുറച്ചു നിമിഷങ്ങള്‍ ചിത്രത്തിലേക്ക് തന്നെ നോക്കി അയാള്‍ തിരികെ വന്ന് സെറ്റിയില്‍ ഇരുന്നു.

ഇപ്പോള്‍ അയാളുടെ മനസ്സില്‍ കുറ്റബോധത്തിന്റെ ചെറിയൊരു ലാഞ്ചനയുണ്ട്. നാടും വീടും കുടുംബത്തെയും വിട്ട് തന്റെ രാജ്യത്തെ ശത്രുക്കളില്‍ നിന്നും കാത്തുരക്ഷിക്കാന്‍ പോയ ആ ധീരവ്യക്തികളെ ഓര്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ മനസ്സില്‍ ആദരവ് തോന്നുന്നുണ്ട്. പതിയെ ആ ഫോട്ടോയില്‍ നിന്നും അയാള്‍ നോട്ടം പിന്‍വലിച്ചു. മനസ്സ് ഒന്ന് പതറിയോ ? തല കുമ്പിട്ട് കുറെ നേരം അയാള്‍ സെറ്റിയില്‍ അതേ ഇരിപ്പിരുന്നു.

രാത്രിയുടെ നിശബ്ദതയെ മുറിച്ച് ക്ലോക്കില്‍ സമയം മൂന്നു മണി അടിച്ചു !

താന്‍ എന്തായാലും ഇവിടെ നിന്നിനി മോഷ്ടിക്കുന്നില്ല എന്ന് തീരുമാനിച്ചുറപ്പിച്ചായിരിക്കാം അയാള്‍ എഴുന്നേറ്റ് അടുക്കള വാതിലിനടുത്തേക്ക് നടന്നു. പതിയെ ശബ്ദമില്ലാതെ വാതില്‍ തുറന്ന് പുറത്തിറങ്ങി. കതക്‌  പുറത്തു നിന്ന് ചാരവേ, അയാളുടെ മനസ്സില്‍ എന്തോ ആ കുടുംബത്തിനെ കുറിച്ച് അരക്ഷിതത്വ ബോധം തോന്നിയോ ? ഒരു കുടുംബം ഒന്നുമറിയാതെ അകത്തു കിടന്നുറങ്ങുന്നുണ്ട്.

തിരികെ വീട്ടിനുള്ളിലേക്കു തന്നെ കയറി അയാള്‍ വാതില്‍ അടച്ചു കുറ്റിയിട്ടു. ഹാളിലെക്കെത്തി താഴേക്ക്‌ തൂങ്ങിയിറങ്ങിയ അതേ കയറിലൂടെ മുകളിലേക്ക് വലിഞ്ഞു കയറി. ഇളക്കിയ ഓട്‌ നിറഞ്ഞ മനസ്സോടെ യഥാസ്ഥാനത്ത് ഉറപ്പിച്ചു വെക്കുമ്പോള്‍ മേഘകൂട്ടത്തിനിടയില്‍ മറഞ്ഞിരുന്ന അമ്പിളി പുറത്ത്‌ വന്ന് വെളുക്കെ ചിരിച്ചു. വല്ലാത്ത നിറവോടെ, ആഹ്ലാദത്തോടെ.. !

10 comments:

 1. ധനേഷ് ഈ ബ്ലോഗില്‍ ഞാന്‍ വായിച്ച കഥകള്‍ എല്ലാം വളരെ സുന്ദരവും ലളിതവുമാണ്. ദുരൂഹതകളില്ലാതെ ഋജുവായി പറഞ്ഞുപോകുന്ന ശൈലി വളരെ ഇഷ്ടപ്പെട്ടു. ഈ കഥ ഏറെ ആകര്‍ഷകമാണ്.

  ReplyDelete
  Replies
  1. വളരെ സന്തോഷം ഈ വാക്കുകള്‍ക്കു ! നന്ദി..

   Delete
 2. ഇത് പഴയകാലത്ത് നടന്നതവനാണ് സാധ്യത. ഇക്കാലത്ത് ഇങ്ങിനെയൊന്നും നടപ്പില്ല.

  ReplyDelete
 3. അന്ന് നിര്ത്തിയതാണോ മോഷണം.... സോറി. നല്ല കഥ . ആശംസകള്‍.

  ReplyDelete
 4. നന്നായി പറഞ്ഞു. ദുര്‍മാര്‍ഗ്ഗം ഉപേക്ഷിച്ച മറ്റൊരു വാത്മീകിയുടെ ജനനം പ്രതീക്ഷിച്ചു.
  വന്ന വഴി മറക്കാത്തവന്‍... നല്ലവന്‍!!!

  ReplyDelete
 5. നന്മ നിറഞ്ഞ കള്ളന്‍.
  "മേഘകൂട്ടത്തിനിടയില്‍ മറഞ്ഞിരുന്ന അമ്പിളി പുറത്ത്‌ വന്ന് വെളുക്കെ ചിരിച്ചു. വല്ലാത്ത നിറവോടെ, ആഹ്ലാദത്തോടെ.. !"
  നന്നായിരിക്കുന്നു ചെറുകഥ.
  ആശംസകള്‍

  ReplyDelete
 6. സന്തോഷം ! നന്ദി, വായനയ്ക്ക്, അഭിപ്രായങ്ങള്‍ക്ക്..

  ReplyDelete