Thursday, April 26, 2012

ഒരു തിരക്കഥ.

ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് കാഴ്ച !

പാട്ടനെല്ല് അളന്നപ്പോള്‍
വിളവ്‌ മുഴുവന്‍ തീര്‍ന്ന
'കുടിയാന്‍' പട്ടിണി മാറ്റാന്‍
ഒരുപറ നെല്ലിനായി
പടിപ്പുരയില്‍ വന്ന്
അപേക്ഷിക്കുന്നു.  
'കാടുകെട്ടി കിടന്നാലും
ഇവനിനി വിത്തിറക്കരുത്'
മട്ടുപ്പാവിലിരുന്ന്‌
ജന്മിയുടെ ഉത്തരവ്. 

ലൈവ് !

വെള്ളയില്‍ കറുത്ത
മഷി കൊണ്ടെഴുതിയ
ബോര്‍ഡ്; 'ഷാപ്പ്‌ ' !
അന്തിക്കള്ള് കുടിക്കാന്‍
കാശില്ലാതെ ഒരു 'കുടിയന്‍'
'ഷാപ്പ്‌ ഉടമ'യുടെ
കാലുപിടിച്ച് കരയുന്നു. 
'കുടിയന് ' പഴയ
'ജന്മി'യുടെ മുഖം.
'ഷാപ്പുടമ'യ്ക്ക്
പഴയ 'കുടിയാന്റെ'യും.

ക്ലൈമാക്സ് !

മുകളില്‍...
കാലതാമസം കൂടാതെ 
വിധി നടപ്പാക്കാന്‍ 
വിധിന്യായം എഴുതി തീര്‍ന്ന
ദൈവത്തിന്റെ നിര്‍ദേശം.


താഴെ...
'ഷാപ്പുടമ' നീട്ടിയ
ഔദാര്യം ആര്‍ത്തിയോടെ
കുടിച്ചിറക്കെ 'കുടിയന്‍'
കണ്ണ് തുറിച്ച്
പിന്നിലേക്ക്‌ മലച്ചു !

Wednesday, April 25, 2012

ഉറക്കം നഷ്ടപ്പെട്ട രാത്രി.

ഇടനാഴിയിലിരുട്ടില്‍ 
സന്ധ്യക്ക്‌ കൊളുത്തിയ
നിലവിളക്ക് കരിന്തിരി
കത്തിയൊടുങ്ങി.

കിടപ്പാടം പണയം വെച്ച്
മകളെ കെട്ടിച്ചയച്ച കഥ
മദ്യലഹരിയില്‍
പുലഭ്യം ചേര്‍ത്ത്
പുലമ്പിയ ആവേശത്തില്‍
ഒറ്റ മകന്‍ കട്ടിലിന്‍ കീഴെ
മുഖമടിച്ചു വീണു.

സീമന്ത രേഖയിലെ 
സിന്ദൂരം മാഞ്ഞ സങ്കടം
തോരാത്ത മാതൃഹൃദയം
അടുക്കള വാതില്‍ക്കല്‍
വന്നിരുന്ന് തേങ്ങി.

തെക്കേ തൊടിയിലെ 
കുഴിമാടത്തില്‍
നിന്നും ഒരാത്മാവ്
ഉറക്കം കിട്ടാതെ
എഴുന്നേറ്റ് നടന്നു.

Monday, April 23, 2012

മഴക്കോള്.

ഒരു പുലരി.
കണ്ണെത്താ ദൂരം പരന്നു കിടക്കും
പാതിവിളവെത്തിയ നെല്‍പ്പാടം.

വരമ്പൊന്നില്‍ കാവല്‍നിന്ന
നോക്കുകുത്തിത്തലയിലിരുന്ന്
ചിറകു കുടഞ്ഞ്‌ കൊണ്ടൊരു
കുരവി വെയില് കാഞ്ഞു.

കൂട്ടത്തോടെ പറന്നിറങ്ങിയ
അമ്പല പ്രാവുകള്‍
കുറുകിക്കൊണ്ട് എന്തൊക്കെയോ
സ്വകാര്യം പറഞ്ഞു. 

വിളഞ്ഞ് വീണ നെന്മണി
തിരഞ്ഞ് വിവശയായൊരു  
തത്ത പച്ച കതിരൊന്ന്
കൊത്തി  പറന്നകന്നു.

കാറ്റിലുലഞ്ഞ നെല്ലോലകള്‍
തപസ്സിനു ഭംഗം വരുത്തിയതില്‍
ശുണ്ഠി പിടിച്ച്‌  കൊറ്റിപ്പെണ്ണ്
ദൂരെ സ്ഥാനം മാറിയിരുന്നു.

പയ്യെ, മാനത്ത് കാലം തെറ്റി-
പ്പെയ്യാനൊരു മഴക്കോള് ഉരുണ്ടു.
താഴെ, സ്വാഗതം ചെയ്യാന്‍ ഘോഷം
കൂട്ടി കുറെ ചീവീടും തവളകളും.

ഉയരെ പറന്ന രണ്ടുകഴുകര്‍
ആഞ്ഞിലി മരത്തിന്റെ
മോളിലെ കൊമ്പില്‍
വന്നിരുന്ന്‌ മുഖം മിനുക്കി.

കടംകൊണ്ട കനവിനെ
മഴമുക്കി കളഞ്ഞതില്‍ നൊന്ത്‌ 
ആത്മഹത്യ ചെയ്യും കര്‍ഷക ദേഹം
കാത്ത് ഊറിച്ചിരിച്ച് അവരിരുന്നു.