Sunday, November 3, 2013

വഴികാട്ടികൾ

നിഴല് പോലും
കൂട്ടിനില്ലാത്ത ഇരുട്ടിലാണ്
പലപ്പോഴും ഓർമ്മകൾ വന്ന്‌
വെട്ടം പകരുന്നത്.

വലിയ കുട്ടിയായാൽ പിന്നെ
കണ്ണ് നിറയരുതെന്ന് 
ഇരുട്ടിൽ എങ്ങോ ഇരുന്ന്‌
അമ്മ എന്നോട് മാത്രമായി പറയും.

മനസ്സില് ഭയം ഉരുണ്ടുകൂടി
കനക്കുമ്പോൾ, എന്ത് വന്നാലും
ഒറ്റയ്ക്ക് നേരിടണമെന്ന്,
അച്ഛന്റെ മുരടനക്കം
വല്ലാതെ ധൈര്യപ്പെടുത്തും.   

മുന്നിലൊരു വഴിയും
തെളിയാതെ വരുമ്പോൾ,
എന്നോ പുറത്തു തട്ടി അഭിനന്ദിച്ച
ഒരദ്ധ്യാപകന്റെ മുഖം
ചൂട്ടു കത്തിച്ചു മുമ്പേ നടക്കും.
ഉത്തരം കിട്ടാത്ത
ഒരുപാട് ചോദ്യങ്ങള്ക്ക്
സ്വയം ഉത്തരം തേടി പിടിച്ച്
ഞാൻ വീണ്ടും മിടുക്കനാവും.

----

Wednesday, June 19, 2013

കളിയാരവങ്ങൾ.


കൈകോർത്തു നടന്ന ഞങ്ങൾ കൂട്ടുകാർ തമ്മിൽ കൊയ്ത്തു കഴിഞ്ഞ പാടത്ത് കവുങ്ങിൻ തടിയിൽ തീർത്ത രണ്ടു ഗോൾപോസ്റ്റുകൾക്ക്‌ മദ്ധ്യേ പരസ്പരം പോരാടിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

വേനൽ ചൂടിന്റെ കാഠിന്യം തെല്ലും കൂസാതെ സന്ധ്യമയങ്ങും വരെ കളിക്കളത്തിൽ മത്സരിച്ചൊടുവിൽ വിയര്പ്പ് വറ്റാൻ തോട്ടിൻ മുകളിലെ പാലത്തിൽ ചെന്നിരിക്കും. അവനവന്റെ ടീമിന്റെ അന്നത്തെ പ്രകടനത്തെ പുകഴ്ത്തി കലപില കൂട്ടി അങ്ങനെ അങ്ങനെ നേരം ഇരുട്ടും.

വിശ്രമ ശേഷം കുളിക്കാനായി വീടുകളിലേക്ക് മടങ്ങും മുൻപേ അന്നത്തെ അടുത്ത ഉദ്യോഗത്തെക്കുറിച്ച് തീരുമാനിച്ചുറപ്പിച്ചിരിക്കും. അങ്ങാടിയിലെ തട്ടുകടയിൽ ചെന്ന് ഭക്ഷണം, സെവന്സ് കളി കാണൽ,  സെക്കന്റ്‌ ഷോ സിനിമ, ദേശത്തെ ഏതെങ്കിലും ക്ഷേത്രത്തിൽ വേലയോ, പൂരമോ ഉണ്ടെങ്കിൽ അത്;  ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ എതെങ്കിലുമൊന്നിനു നറുക്ക് വീഴും.

കുളിയെല്ലാം കഴിഞ്ഞ് ഉടുത്തൊരുങ്ങി ഇറങ്ങുമ്പോൾ "എവിടെക്കാ ഇനി നിന്റെ പടപ്പുറപ്പാടെ"ന്ന വീട്ടില് നിന്നുയരുന്ന ചോദ്യത്തിന് "ഞങ്ങളാ കടയുടെ മുന്നില് കാണും" എന്ന പതിവ് മറുപടിയുമായി പടിയിറക്കം.

മിക്കവാറും സെവന്സ് മത്സരത്തിന്റെ ആവേശത്തിലേക്ക് തന്നെയായിരിക്കും ഞങ്ങളുടെ വഴി നീളുന്നത്. അന്നത്തെ ബദ്ധവൈരികളായ "സൂപ്പർ സ്റ്റുഡിയോ മലപ്പുറ"ത്തിന്റെയും, "ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് കോഴിക്കൊടിന്റെ"യും കറതീർന്ന ആരാധകർ ആയിരുന്നല്ലോ ഞങ്ങൾ !

ഓരോ ചടുല നീക്കങ്ങൾക്കും ആർപ്പു വിളികളോടെ പിന്തുണ നല്കുന്ന ഗ്യാലറിയിലെ ഏതെങ്കിലുമൊരു കോണിൽ ഞങ്ങളുടെ ആവേശവും, ആക്രോശങ്ങളും അണപൊട്ടിയൊഴുകും. കളിയുടെ ആദ്യ പകുതി കഴിഞ്ഞുള്ള ഇടവേളയിൽ ഞങ്ങളുടെ പിന്തുണ 'നേരിട്ട്' കളിക്കാരെ അറിയിക്കുന്നതിനായി കളർ ഐസും നുണഞ്ഞ് കൊണ്ട് പതിയെ ഗ്രൌണ്ടിലേക്ക് ഇറങ്ങും.

കളി തീർന്നാൽ പിന്നെ പിറന്ന ഗോളുകളെയെല്ലാം ഞങ്ങൾ സൌകര്യപൂര്വ്വം മാറ്റി നിര്ത്തും. അവസരങ്ങൾ നഷ്ടപ്പെടുത്തിയ കളിക്കാരുടെ ജെര്സി നമ്പർ ഓർത്തെടുത്ത് കടുത്ത ഭാഷയിൽ വിമര്ശിച്ചു കൊണ്ട് കൂട്ടത്തോടെ തിരിച്ചു നടക്കും.

ഫുട്ബാളിന്റെ ആവേശം ഞങ്ങളിൽ ആളിക്കത്തിയ ദിനങ്ങൾ. ആരാധനയുടെ മൂർദ്ധന്യത്തിൽ സ്പോര്ട്സ് മാസികയിൽ നിന്നും വെട്ടിയെടുത്ത കളിക്കാരുടെ ചിത്രങ്ങൾ വീടിന്റെ ചുമരിലും, മതിലിലുമെല്ലാം ഒട്ടിച്ചു വെച്ചതിനു വൃത്തിയായി പഴി കേള്ക്കുന്ന സമയം !

ഓരോ ലോകകപ്പും തുടങ്ങാൻ ഞങ്ങൾ കാത്തുകാത്തിരുന്നു. കൊണ്ടുപിടിച്ച്‌ ഉത്സവമാക്കിയ 2002ലെ ലോകകപ്പ്‌  ഓർമ്മയിൽ മായാതെ നില്ക്കുന്നു.

മത്സരങ്ങൾ ഒരിടത്ത് ഒരുമിച്ചിരുന്നു കാണുവാൻ ഞങ്ങളിൽ മുതിർന്നവരാണ് സൌകര്യമൊരുക്കാറ്. ഏതു പാതിരാത്രിക്ക് നടക്കുന്ന മത്സരങ്ങളും കൊട്ടും കുരവയുമായി മതി മറന്നു കാണാം.  പ്രിയ താരങ്ങളുടെ ഓരോ നീക്കത്തിനും ആവേശത്തിന്റെ ആർപ്പുവിളികൾ.

ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരെന്ന അഹന്തയുമായെത്തിയ ഫ്രാൻസിനെ സെനഗൽ മറികടന്ന രാത്രി ഞങ്ങള്ക്ക് ആഘോഷത്തിന്റെതായിരുന്നു. കറുത്ത കുതിരകൾക്ക് ജയ്‌ വിളിച്ച് ഞങ്ങൾ അന്നുതന്നെ ഫ്രാൻസിന്റെ ശവമടക്കും നടത്തി !

കാലം നീങ്ങും തോറും കൂട്ടത്തിൽ നിന്നും ഓരോരുത്തരും അതിജീവനത്തിനായി അകന്നു പൊയ്ക്കൊണ്ടിരുന്നു. എങ്കിലും ഓരോ അവധി സമയങ്ങളിലും കഴിയുന്നത്ര പേര് പഴയ കൂട്ടത്തിലേക്ക്, ലഹരിയിലേക്ക് മടങ്ങിയെത്തുമായിരുന്നു.

നാടും കൂട്ടും വിട്ടുള്ള ഒറ്റപെടൽ എത്ര സങ്കടകരമാണെന്ന് ഒരിക്കൽ കാലം എന്നെയും പഠിപ്പിച്ചു. ആദ്യത്തെ അമ്പരപ്പിൽ നിന്ന് പതിയെ മുക്തനായതോടെ പുതിയ സൌഹൃദങ്ങൾ ഇതൾ വിരിഞ്ഞു തുടങ്ങി. എങ്കിലും ഒന്നിച്ചു കളിച്ചു വളര്ന്ന ബന്ധങ്ങളുടെ ഇഴയടുപ്പം തിരിച്ചു കിട്ടില്ലല്ലോ.

ഇന്നിതാ മുന്നിലെ വലിയ സ്ക്രീനിൽ  വാശിയുള്ള ഫുട്ബാൾ മത്സരം നടക്കുകയാണ്. വേഗവും, സാങ്കേതിക തികവും, ഒരു പിടി സൂപ്പര് താരങ്ങളും; ഇല്ല ഇരു ടീമും ഒപ്പത്തിനൊപ്പം തന്നെ !

എങ്കിലും എവിടെയോ നഷ്ടപ്പെട്ട ആ പഴയ ആവേശം എനിക്ക് ഇപ്പോഴും തിരിച്ചു കിട്ടിയിട്ടില്ല. ബാറിനു മുകളിലൂടെ പറന്ന പന്തിനെ നോക്കി തലയിൽ കൈവെച്ചു അലറാൻ എന്തോ തോന്നുന്നില്ല, ഓരോ ഗോളിന്റെയും ആഘോഷം ഒരു ചെറു കൈയ്യടി മാത്രമായി ഒതുങ്ങുന്നു.

ഒന്നും നഷ്ടപ്പെട്ടില്ലെന്നതൊക്കെ വെറും തോന്നൽ മാത്രമായി അവശേഷിക്കുന്നു. ഈ യാത്രയിൽ എവിടെയൊക്കെയോ, എന്തൊക്കെയോ  കൈവിട്ടു പോയിരിക്കുന്നു, തീര്ച്ച...

---  ---  ---

Thursday, May 30, 2013

മഴ പെയ്യുന്നല്ലേ !

യാത്ര പറഞ്ഞ വേളയിൽ
നിന് മിഴികളിൽ കണ്ടതാണ്
തേങ്ങി നിന്നൊരു മഴ !

നിന്റെ കണ്ണിൽ നിന്ന്
അന്ന് പകര്ന്നതാണ്
എന്റെ ഹൃദയത്തിലേക്ക്
തോരാത്ത പെരുമഴ !

പുറത്തു പെയ്യുന്ന
മഴയെക്കുറിച്ചു പറഞ്ഞു നീ
ഇന്നു ചിരിക്കുമ്പോൾ
എന്റെ മനസ്സിൽ ഇതുവരെ
പെയ്ത മഴ പതിയെ തോരുകയാണ്. 

Monday, February 4, 2013

ജല്‍പ്പനങ്ങള്‍


അരുത്,
നീയങ്ങിനെ കാണാതെ പോകരുത് ;
നിന്‍ നേര്‍ക്കു നീളുമാ-
തിളക്കമറ്റ കണ്കളും,
ഒട്ടിയ വയറും,
എല്ലുന്തി ശോഷിച്ചരാ-
കുഞ്ഞു ശരീരവും.

അരുത്,
നീ തിരയരുതവന്റെ കെഞ്ചലില്‍ ;
തുടുത്ത കവിളിന്‍ പ്രസാദവും,
അകത്തളങ്ങളിലോമനിക്കും
കുസൃതിക്കിടാവുതന്‍
കൊഞ്ചലിന്‍ ചന്തവും.

ഏതോ പിഴച്ചൊരാ നിമിഷത്തിന്‍
ബധിര വികാര സൃഷ്ടിയവന്‍,
ഭാരമായ് തോന്നിയ ജനനിയെങ്ങോ
കളഞ്ഞിട്ടു പോയ സുകൃതമവന്‍

നിറമേതുമില്ലാ സ്വപ്‌നങ്ങള്‍
കാണുവോന്‍ , ഒരു പച്ച നോട്ടില്‍ ,
നാണയത്തുട്ടിന്‍  കിലുക്കങ്ങളില്‍ ,
വഴിയിലങ്ങാരോ കളഞ്ഞിട്ടു
പോവുമോരോ കളിപ്പാട്ടത്തുണ്ടിലു-
മായിരം മഴവില്ലു കാണുവോന്‍ .

ദയയാല്‍ , ദീനാനുകമ്പയാല്‍
വിരിയുന്ന ചിരികളില്‍ ; വെറുപ്പാല്‍
കറുക്കുന്ന കരാള മുഖങ്ങളില്‍
ഉപജീവനത്തിന്‍ വിത്തുകള്‍ തേടുവോന്‍.

-- -- --

ഒരുദിനം വരുമൊടുവില-
വനിലെ ബോധം സ്വയമുണരാന്‍ .

അന്നവന്‍ , അസ്ഥി ചൂളുമാ-
നോട്ടങ്ങളെ വെറുക്കും,
കത്തിയെരിയുമാ വയറിനെ മറക്കും,
ചുറ്റിലുമുയരും പരിഹാസ തരംഗങ്ങളില-
വന്റെ രോഷം അഗ്നിയായ് ജ്വലിക്കും.

ഒരു പിച്ചാത്തിപ്പിടിയിലൊ-
രു വടിവാളിന്‍ തുമ്പില-
വന്‍ സ്വയം ജീവിതം തിരയും.
ലഹരി സിരകളില്‍ അഗ്നിയായ്
പടരുമ്പോള്‍ അവനീ-
ലോകത്തെ മുഴുവനായ് ജയിക്കും.

മനുഷ്യത്വമെന്നു നീ പേരിട്ടു
വിളിക്കുമാമഹത്വത്തെ
ഹനിപ്പാനെന്‍ ജന്മം
പോലൊരു പാപം കൂടിയീ
മണ്ണില്‍ പിറവികൊള്ളും.

ഇതെന് വെറും ഭ്രാന്തന്‍
ജല്പനങ്ങളെന്നു ധരിയ്ക്ക നീ...
കാണാതെ പോക നീ നിന്‍
നേര്‍ക്ക്‌ നീളും അസ്ഥിശോഷിച്ചോരാ
കുരുന്നു ജീവനെ..

-- -- --