Tuesday, November 1, 2016

ഞാന്‍

ദുനിയാവിൻറെ അറ്റത്തേക്ക് പോകാൻ കൂട്ടുവരണമെന്നാരോ പറഞ്ഞു.

കൂട്ടം തെറ്റി നടക്കുന്പോൾ കൂട്ട് കൂടാൻ എവിടെ നേരം.

***   ***   ***

പുലരികൾക്കായി ഇപ്പോൾ കാത്തിരിക്കാറില്ല.

ജീവിതമെന്നാൽ സ്വപ്നങ്ങൾ മാത്രമായിത്തീർന്നിരിക്കുന്നു.

***   ***   ***

ഒരു തിരി കൊളുത്തണം !

ആഹ്ലാദത്തിൻറെ ആയിരം തിരികളെരിഞ്ഞിരുന്ന ശ്രീകോവിലിന്ന് കരിന്തിരി കെട്ടൊടുങ്ങിയ കൽവിളക്കായി മാറിയിരിക്കുന്നു.

***   ***   ***

ആത്മവിശ്വാസം

വീണുപോകുന്പോൾ കേൾക്കേണ്ടത് ചുറ്റിലുമുള്ള കൂക്കുവിളികളല്ല.

ആരവങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ചില  കയ്യടികളുണ്ടാവും, വീണ്ടും എണീക്കാനായി കരുത്തു തരാൻ .


***   ***   ***

ആത്മവിശ്വാസം ഒരു പടച്ചട്ടയാണ്.

നിരായുധനാവുന്ന നിസ്സഹായതയിലും അങ്കം ജയിക്കാനൊരു മുറിച്ചുരിക മതിയെന്ന് മനസ്സ് മന്ത്രിക്കണം.

***   ***   ***

വിശ്വാസം

നീ പറയുക. ഞാൻ വിശ്വസിക്കും !

കള്ളമല്ല എന്ന് വീണ്ടും വീണ്ടും പറഞ്ഞ് നീയെന്നെ അവിശ്വസിക്കരുത്.

ആരോ ഒരാള്‍

എന്തോ പറയാൻ വന്ന് വേണ്ടെന്ന് വെച്ച് ഒന്നും പറയാതെപോവും ചിലർ.

പറഞ്ഞാലും പറഞ്ഞാലും മതിയാവാത്തവ മനസ്സിൽ സൂക്ഷിക്കുന്നവർ.


*** *** ***

ഒരിക്കൽ അയാൾ പറഞ്ഞു, കണ്ണീരൊക്കെ കപടമാണെന്ന്. 

കാണാനാരുമില്ലാത്തവർ ഒരിക്കലും കരയാറില്ലത്രേ !

രണ്ടു വരികള്‍, കഥകള്‍ !

പ്രണയിക്കുന്പോൾ കാലം
നിശ്ചലമാകുമെന്നല്ലേ നീ പറഞ്ഞിരുന്നത് ! നര കയറിത്തുടങ്ങിയ മുടിയിഴകൾ
മാത്രം നമ്മുടെ പ്രണയം അറിഞ്ഞില്ലയെന്നാണോ ?


*** *** ***

നീ പോയ് വരിക. നിനക്കുമാത്രം അറിയാവുന്ന ഈ മണ്ണിൽ എന്നെ നീ ഉറക്കിക്കിടത്തിയിട്ടുണ്ടെന്ന് മറക്കാതിരിക്കുക. നീ വരും വരെ ഞാനിവിടെയുറങ്ങാം.


*** *** ***

Sunday, July 31, 2016

പട്ടിണി കിടന്നിട്ടുണ്ടോ ?

പട്ടിണി കിടന്നിട്ടുണ്ടോ ?!

ചോറ്റുപാത്രത്തില്‍ അമ്മ ചോറ് നിറച്ചു കഴിഞ്ഞാല്‍
കലത്തില്‍ ഇനിയാര്‍ക്കും കഴിക്കാന്‍ മിച്ചമില്ലെന്ന് കണ്ട്
കണ്ണ് നിറഞ്ഞ് ചോറുപാത്രം മറന്നുവെച്ച് സ്കൂളില്‍ പോയിട്ടുണ്ടോ ?

ഉച്ചയ്ക്ക് ഇന്‍റര്‍വെല്‍ സമയത്ത് കഴിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ട്
ചുറ്റിലുമുള്ള ഇടവഴികളിലൂടെ കറങ്ങി നടന്ന് സമയം തീര്‍ത്തിട്ടുണ്ടോ ?

പാഠപുസ്തകക്കെട്ടിന് വീട്ടിലെ പ്രാരാബ്ധത്തേക്കാള്‍
ഭാരം തോന്നിത്തുടങ്ങിയപ്പോള്‍ പഠിത്തം വിട്ട്
ജോലിക്ക് പോയിത്തുടങ്ങിയത് ഓര്‍മ്മയിലുണ്ടോ ?

രാത്രിയില്‍ ജോലി കഴിഞ്ഞ് നിങ്ങള്‍ വരുന്നതും നോക്കി
അമ്മയും പെങ്ങളും കറണ്ട് ഇല്ലാത്ത വീട്ടില്‍
എണ്ണ തീര്ന്ന് കരിന്തിരി കത്തുന്ന ചിമ്മിനി വിളക്കിന്‍റെ
വെട്ടത്തില്‍ കാത്തിരിക്കാറുണ്ടോ ?

നിങ്ങള്‍ കൊടുത്ത അരിയും പൊതികളും വാങ്ങി
വേഗം അടുപ്പത്ത് വെള്ളം വെച്ച് അവര്‍ അന്നത്തെ
അത്താഴം തയ്യാറാക്കി തുടങ്ങുന്നത് നോക്കി
നിങ്ങള്‍ നെടുവീര്പ്പിട്ടിരുന്നിട്ടുണ്ടോ ?

നാളത്തേക്കുള്ള വകയ്ക്ക് എന്ത് ചെയ്യും എന്ന്
 ആലോചിച്ച് ആലോചിച്ച് അത്താഴം കഴിക്കുമ്പോള്‍
തൊണ്ടയില്‍ വറ്റ് തടഞ്ഞിട്ടുണ്ടോ ?

പട്ടിണി എന്നത് വിശന്ന് വയറ് കായുന്ന വികാരം മാത്രമാണെന്നും,
ദാരിദ്ര്യം എന്നത് ഒരു നേരത്തെ ഭക്ഷണപ്പൊതിയോ,
ഒരു കുപ്പായത്തുണിയോ കൊടുത്താല്‍ മാറുന്ന
അവസ്ഥ മാത്രമാണെന്നും അറിയുന്നവര്‍ എത്ര ഭാഗ്യവാന്മാരാണ് !