Sunday, July 1, 2012

മനസ്സില്‍ ഒരു തോരാമഴ.

"എന്റെ പേര് സുലൈമാന്‍ന്നാ. "

"ഹേയ്‌,  ഇങ്ങളൊക്കെ ന്താ ഇങ്ങനെ അന്തിച്ചു നോക്കണേ ? "
"എന്റെ താടീം മുടീം ഈ കരിപിടിച്ച കുപ്പായവുമൊക്കെ കണ്ടിട്ടാ ?"
"ന്നാ ഇങ്ങള് കേട്ടോളീന്‍ എനിക്ക് യാതോരു കുഴപ്പവുമില്ല. "

"ഈ നശിച്ച മഴ പെയ്തതോണ്ട് ഓടികേറിയതല്ലേ ഇങ്ങളൊക്കെ ഈ പീടികകൊലായിമ്മേല്. ഇനിയിപ്പോ അത് തോരണ വരെ ഇങ്ങള് എന്റെ കഥ കേക്കണം. എന്നിട്ട് പറയണം എന്താ എനിക്ക് കൊഴപ്പംന്ന്. "

"കുരുത്തംകെട്ട നേരത്താ എപ്പളും ഈ  മഴ പെയ്യാ. !"
അപ്പൊ ഇങ്ങള്‍ക്ക്‌ തോന്നും എനിക്ക് മഴയോടെന്താ ഇത്ര ദേഷ്യംന്ന്. എനിക്ക് മഴയോട് ഒരു ദേഷ്യോം തോന്നാത്ത, പെരുത്ത് ഇഷ്ടംണ്ടായിരുന്ന കാലം ഉണ്ടായിരുന്നു.

"പണ്ട് ചന്നം പിന്നം മഴ പെയ്യണ ദിവസായിരുന്നു എന്റെ ഉപ്പാന്റെ കയ്യിമ്മേല്‍ തൂങ്ങീട്ടു ഞാന്‍ സ്കൂളിന്റെ പടി ആദ്യായിട്ട് കാണണത്. പിന്നെ ഒറ്റയ്ക്ക് കൊട ചൂടി മഴേത്ത് നടക്കണത്, സ്കൂളീ പോണത്... ഹാ...എന്തൊരു രസായിരുന്നൂ അന്നൊക്കേന്നോ ! "

പിന്നെങ്ങോട്ട്‌ മഴ എന്റെ ജീവിതത്തില്‍ എല്ലാ സന്തോഷങ്ങള്‍ക്കും ദുഖങ്ങള്‍ക്കും കൂടെ ഉണ്ടായിരുന്നു.

പത്തില് പഠിക്കുമ്പോഴാണ് എന്റെ ഉമ്മ മരിക്കണത്. ഉമ്മാന്റെ മയ്യത്തിന്റെ അടുത്തുനിന്ന് എങ്ങി കരഞ്ഞോണ്ടിരുന്ന ഉപ്പ ഞാന്‍ നോക്കുന്നത്  കണ്ടപ്പോ മഴയത്തേക്ക് ഇറങ്ങി നിന്നിട്ട് എന്നെ അടുത്തേക്ക് വിളിച്ചു.

"മോന്‍ കരയണ്ടാട്ടോ, ഉമ്മ പടച്ചോന്റെ അടുത്തെക്കല്ലേ പോയെ.." ഉപ്പ അത് എന്നോട്  പറയുമ്പോ ഞാന്‍ ഉപ്പാന്റെ മുഖത്തേക്ക് തലയുയര്‍ത്തി നോക്കി. ഒഴുകി വരുന്ന മഴവെള്ളമല്ലാതെ ഉപ്പാന്റെ കണ്ണ് നിറഞ്ഞിരുന്നോന്നു കാണാന്‍ എനിക്ക് കഴിഞ്ഞില്ല.  

ഉമ്മ മരിച്ചതില്‍ പിന്നെ ഇന്നോട് പഠിത്തം നിര്‍ത്തിക്കോന്നു പറഞ്ഞു ഉപ്പ. ഒരു ദിവസം  രാവിലെ ഈ അങ്ങാടീല്‍ക്ക് കൂട്ടീട്ട് വന്നു. അങ്ങിനെ പിന്നെ ഞാന്‍ ഇവിടെ ഉപ്പാന്റെ കൂടെ ചൊമടെടുക്കാനും ലോഡെറക്കാനും തൊടങ്ങി.

കൊറച്ചു ദിവസം കഴിഞ്ഞപ്പോ ഒരു രാത്രി ഉപ്പ പറഞ്ഞു. "നാളെ ഇയ്യ് അബ്ദൂന്റെ കൂടെ ഒരിടം വരെ പോണം. ഓനൊരു പെണ്ണിനെ അനക്ക് നോക്കി വെച്ചിട്ടുണ്ട്."

അബ്ദുക്കാന്റൊപ്പം കൊടേം ചൂടി ഞാന്‍ കദീജാന്റെ പെരേലെത്തുമ്പോ ആകെ നനഞ്ഞു കുതിര്‍ന്നിരുന്നു. തണുത്ത് വിറച്ച് അങ്ങിനെ പെണ്ണ് കാണാനിരുന്നു. പൊറത്ത് മഴ പെയ്യുമ്പോ ഓള് രണ്ടു ഗ്ലാസില്‍ കട്ടന്‍ ചായയുമായിട്ട് ഞങ്ങടെ മുമ്പിലേക്ക് വന്നു.

"ഒന്നേ ഓളെ ഞാന്‍ നോക്കിയോള്ളൂ. എനിക്ക് ഇഷ്ടായി. അല്ല ആര്‍ക്കും ഓളെ ഇഷ്ടാവും."

ഉപ്പാനെ ഇങ്ങട്ട് അയക്കാംന്നു വാക്ക് പറഞ്ഞ് അബ്ദുക്കാന്റെ കൂടെ മഴയത്തേക്ക് ഇറങ്ങുമ്പോ എന്റെ ഖല്ബ് നിറയെ സ്വപ്നങ്ങളായിരുന്നു. മഴ ആര്‍ത്തു പെയ്യണതും ആകെ നനഞ്ഞു കുതിരുണതും ഒന്നും ഞാന്‍ അറിഞ്ഞില്ല.

അങ്ങിനെ ഞങ്ങടെ കല്യാണം കഴിഞ്ഞു. വൈകാതെ ഒരു കുട്ടിയും ആയി. ഞങ്ങള്‍ ഓളെ സുഹറാന്നു വിളിച്ചു. ശരിക്കും സ്വര്‍ഗ്ഗായിരുന്നു എന്റെ വീട്. സന്ധ്യക്ക്‌ ഈ ഭാരിച്ച പണിയൊക്കെ കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തുമ്പോ ക്ഷീണമെല്ലാം മറക്കണത് ഓള്‍ടെ ചിരിയും കളിയുമൊക്കെ കണ്ടിട്ടായിരുന്നു.

കൊല്ലം കൂടും തോറും എന്റെ സുഹറായും വലുതായി, സ്കൂളില്‍ ചേര്‍ക്കേണ്ട പ്രായമായി.

ഇവിടെ ഈ കാണുന്ന എല്‍.പി സ്കൂളിലാ ഞങ്ങള്‍ ഓളെ ചേര്‍ത്തത്. രാവിലെ എന്റെ കൂടെ ഓള് സ്കൂളില്‍ക്ക്  വരും, വൈകുന്നേരം കദീജയാണ് വരാറ് ഓളെ വീട്ടിലേക്കു കൂട്ടീട്ടു പോകാന്‍.

അങ്ങിനെയിരിക്കെ നല്ല മഴ പെയ്ത ഒരു വൈകുന്നേരം. ഈ കടേന്റെ മുമ്പില്‍ നിന്ന് ഞാന്‍ ലോഡെറക്കായിരുന്നു. സ്കൂള്‍ വിട്ട നേരം, കദീജ സുഹറാന്റെ കയ്യും പിടിച്ചു റോഡ്‌ മുറിച്ചു കടക്കുകായിരുന്നു. സ്പീഡില്‍ വന്ന ഒരു ലോറി രണ്ടാളേം ഇടിച്ചു തെറിപ്പിച്ചു ! "മഴ പെയ്തതോണ്ട് ചെലപ്പോ ലോറി വരണത് കണ്ടിട്ടുണ്ടാവില്ല അവര്."

ഓടി ചെന്ന് സുഹറാനെ വാരി എടുത്തപ്പോ തുറന്നു പിടിച്ച ഓളുടെ വായേന്നു ചോര വരണുണ്ട്. അപ്പഴേ ഓടി ഞാന്‍ ഓളേം കൊണ്ട് ആശുപത്രീക്ക്, അത്രേം വേഗം ഞാന്‍ ഓളെ കൊണ്ട് ചെന്നിട്ടും ഡോക്ടര്‍ എന്നോട് പറഞ്ഞു ഓള് മരിച്ചുന്ന് !

ഞാന്‍ വിശ്വസിക്കോ..!

സുഹറാനേം എടുത്തു തിരിച്ചോടി എന്റെ കദീജാന്റെ അടുത്തേക്ക്.  റോട്ടിലോക്കെ നോക്കീട്ടും ഓളെ കണ്ടില്ല, തിരിച്ച്  ആശുപത്രീല്‍ വന്നു നോക്കുമ്പോ ഉണ്ട് ഒരു വണ്ടീമ്മല്  കെടക്കണ് വെള്ള പൊതപ്പും തല വരെ മൂടീട്ട്...!

"ഈ മഴയാ, നശിച്ച ഈ മഴയാ എന്റെ ജീവിതം തൊലച്ചത്. "

അതിന്റെ ശേഷം ഞാന്‍ എന്റെ വീട്ടിലേക്ക് പോയിട്ടില്ല. ഈ സ്കൂള്‍ വിടുമ്പോ ഞാന്‍ ഇവിടെ  ഉണ്ടാവും, ഈ കുഞ്ഞു മക്കളെ റോഡു മുറിച്ചു കടത്തിക്കാന്‍, അങ്ങിനെ ഇനിയീ മഴ വേറെ ഒരാളേം പടച്ചോന്റെ അടുത്തേക്ക് കൂട്ടികൊണ്ട് പോവേണ്ട !

ഇനി ഇങ്ങള് പറയിന്‍ ഞാന്‍ ചെയ്യണതല്ലേ ശരി ?

വേണ്ട ഇങ്ങള് ആരും ഒന്നും പറയേണ്ട.. മഴ തോര്‍ന്നത് കണ്ടില്ലേ, എല്ലാരും പോയിക്കോളിന്‍. വീട്ടില് ഇങ്ങടെ കെട്ട്യോളും കുട്ട്യോളും ഒക്കെ കാത്തിരിക്കണുണ്ടാവും.

മഴ തോര്ന്നാല്‍ പിന്നെ എന്റെ പരാതീം പറയാനുള്ളതും ഒക്കെ തീര്‍ന്നു.
സ്കൂള്‍ വിട്ടത് കണ്ടില്ലേ, എനിക്ക് ആ കുഞ്ഞുമക്കളെ റോഡു മുറിച്ചു കടത്തണം.
വേഗം അടുത്ത മഴ വരുന്നതിനു മുമ്പേ ഇങ്ങള് വീട് പിടിച്ചോളിന്‍...!

--------

9 comments:

  1. നേരെ ഹൃദയത്തിലേയ്ക്കിറങ്ങുന്ന കഥ

    ReplyDelete
  2. ഇനി ഇങ്ങള് പറയിന്‍ ഞാന്‍ ചെയ്യണതല്ലേ ശരി ? നല്ല കഥ.

    ReplyDelete
  3. മഴയില്‍ കുതിര്‍ന്ന ഒരു നോവ് എവിടെയോ...... നല്ല അവതരണം..... ആശംസകള്‍

    ReplyDelete
  4. മഴയെ സ്നേഹിക്കാന്‍ പലര്‍ക്കും പല കാരണങ്ങള്‍, വെറുക്കാനും.
    നന്നായിട്ടുണ്ട്.

    ReplyDelete
  5. സന്തോഷം ! നന്ദി, വായനയ്ക്ക്, അഭിപ്രായങ്ങള്‍ക്ക്..

    ReplyDelete