Monday, April 23, 2012

മഴക്കോള്.

ഒരു പുലരി.
കണ്ണെത്താ ദൂരം പരന്നു കിടക്കും
പാതിവിളവെത്തിയ നെല്‍പ്പാടം.

വരമ്പൊന്നില്‍ കാവല്‍നിന്ന
നോക്കുകുത്തിത്തലയിലിരുന്ന്
ചിറകു കുടഞ്ഞ്‌ കൊണ്ടൊരു
കുരവി വെയില് കാഞ്ഞു.

കൂട്ടത്തോടെ പറന്നിറങ്ങിയ
അമ്പല പ്രാവുകള്‍
കുറുകിക്കൊണ്ട് എന്തൊക്കെയോ
സ്വകാര്യം പറഞ്ഞു. 

വിളഞ്ഞ് വീണ നെന്മണി
തിരഞ്ഞ് വിവശയായൊരു  
തത്ത പച്ച കതിരൊന്ന്
കൊത്തി  പറന്നകന്നു.

കാറ്റിലുലഞ്ഞ നെല്ലോലകള്‍
തപസ്സിനു ഭംഗം വരുത്തിയതില്‍
ശുണ്ഠി പിടിച്ച്‌  കൊറ്റിപ്പെണ്ണ്
ദൂരെ സ്ഥാനം മാറിയിരുന്നു.

പയ്യെ, മാനത്ത് കാലം തെറ്റി-
പ്പെയ്യാനൊരു മഴക്കോള് ഉരുണ്ടു.
താഴെ, സ്വാഗതം ചെയ്യാന്‍ ഘോഷം
കൂട്ടി കുറെ ചീവീടും തവളകളും.

ഉയരെ പറന്ന രണ്ടുകഴുകര്‍
ആഞ്ഞിലി മരത്തിന്റെ
മോളിലെ കൊമ്പില്‍
വന്നിരുന്ന്‌ മുഖം മിനുക്കി.

കടംകൊണ്ട കനവിനെ
മഴമുക്കി കളഞ്ഞതില്‍ നൊന്ത്‌ 
ആത്മഹത്യ ചെയ്യും കര്‍ഷക ദേഹം
കാത്ത് ഊറിച്ചിരിച്ച് അവരിരുന്നു.

4 comments:

  1. GOOD BLOG
    എന്റെ ബ്ലോഗിലേക്കും സ്വാഗതം സന്ദര്‍ശിക്കൂ
    http://www.themusicplus.com

    ReplyDelete
  2. ഐശ്വര്യം നിറഞ്ഞൊരു നെല്‍പ്പാടം.
    സമൃദ്ധി വിളിച്ചോതുന്ന പാടശേഖരത്തില്‍ വിരുന്നെത്തുന്ന
    കുരുവിയും,അമ്പലപ്രാവും,തത്തയും,കൊറ്റിപ്പെണ്ണും......
    വിളവാകും മുമ്പേ അശനിപാതമായി പതിച്ച അതിവര്‍ഷം
    ഹൃദയംതകര്‍ന്ന കര്‍ഷക ദേഹം കാത്തിരിക്കുന്ന കഴുകന്‍.
    നന്നായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  3. നന്ദി.. വായനയ്ക്ക്.. അഭിപ്രായങ്ങള്‍ക്ക്..

    ReplyDelete