Sunday, November 27, 2011

പ്രത്യാശ..



ഇരച്ചെത്തിയ തുലാമഴ ഒറ്റശ്വാസത്തില് ദേഷ്യം തീര്‍ത്തു കൊണ്ട് ഓടിപോയി.
എങ്കിലും പുതുക്കി മേയാത്ത മേല്‍ക്കൂരഇടക്കെവിടെയൊക്കെയോ ഓരോതുള്ളി വീഴ്തുന്നുണ്ട്. 

അടുക്കളയില് അമ്മ ആരൊക്കെയോ പ്രാകിക്കൊണ്ട് അടുപ്പ് ഊതിക്കത്തിക്കുന്നു.
ഈറന് വിറകു വീട് മുഴുവന് പുക നിറച്ചു കത്താന് മടി കാണിക്കുകയാണ്.
“എന്താണാവോ ഇത്ര വേവിക്കാന്,”
സന്ധ്യക്ക്  ഇല്ലത്ത്ന്നു ഓടി വരണത് കണ്ടു, 
ഒരു പൊതിയും ഉണ്ടായിരുന്നു കയ്യില്.
ഇന്നും അരി ഇരന്നു വാങ്ങിയിട്ടുണ്ടാവും. അത്താഴപട്ടിണി പാടില്ലത്രേ,

കര്‍ക്കിടകം പിറന്ന മഴയോടൊപ്പം വന്ന ദുരിതമാണ്, 
ഇത് വരെ നിവര്‍ന്നു നിന്നിട്ടില്ല.

പെരുമഴ പെയ്തു കുത്തിയൊലിച്ച ഒരു വൈകുന്നേരം; 
തോടും പാടവും ഒന്നായ നേരം,
തൊട്ടു വരമ്പ് പൊട്ടി പാടത്തേക്കു ചളിയും ചരലും ആവും 
എന്നു പറഞ്ഞു ഓടി പോയതാണ് അച്ഛന്, 
കാലു തെന്നി വഴുതി തോട്ടിലൂടെ കുറെ ദൂരം ഒലിച്ചു പോയത്രേ.. 
എവിടൊക്കെയോ ഒടിവും  ചതവുമായി ആരൊക്കെയോ 
രക്ഷപ്പെടുത്തിയപ്പോഴെക്ക് കുറെ നേരം കഴിഞ്ഞിരുന്നു. 
ആശുപത്രിയില് എത്തിയപ്പോഴേക്കും തീര്‍ന്നൂന്ന് ആരൊക്കെയോ പറേണ കേട്ടു.
അമ്മേടെ കരച്ചിലും ആളുകളുടെ അടക്കം പറച്ചിലും മാത്രമാണ് ഇന്നും കാതിലുള്ളത്. 

വയസ്സായാല് ഒരു വശത്ത് മിണ്ടാതിരുന്നാല് മതി,
അതെങ്ങിനെയാ ഒരുപാട് എടുത്താല്  പൊങ്ങാത്ത 
ആഗ്രഹങ്ങളും മനസ്സില് കൊണ്ട് നടക്കുകയായിരുന്നില്ലേ.. 
പത്താം ക്ലാസ്സ് കഴിഞ്ഞപ്പോ ഞാന് പഠിത്തം നിര്‍ത്തി 
വല്ല പണിക്കും പോവാംന്ന്  പറഞ്ഞതാണ്.  
"അപ്പൊ  എന്നെ  പഠിപ്പിച്ചു  വലിയ നിലയിലെക്കണം" 
എന്ന് പറഞ്ഞു  കോളേജില്  കൊണ്ട് ചേര്‍ത്തു. 
കാണുന്നോരുടെ കയ്യില് നിന്നെല്ലാം കടം വാങ്ങലും 
പിന്നെ അത് വീട്ടാനുള്ള നെട്ടോട്ടവും. 
ഇന്നത്തെ കാലത്ത് കൃഷി ചെയ്തിട്ട് എങ്ങിനെ മകനെ 
 കോളേജിലൊക്കെ പഠിപ്പിക്കാനാണ്.അത്യാഗ്രഹം അല്ലാണ്ടെന്താ.. 
ഇപ്പൊ എന്റെ പഠിത്തവും മുടങ്ങി. എല്ലാം നിന്നു.
പുറത്തിറങ്ങിയാല് നാലുഭാഗത്തും കടക്കാര് മാത്രം.
എല്ലാം ഒറ്റയ്ക്ക് വരുത്തി വെച്ചു.. 
എന്നിട്ടിപ്പോ അനുഭവിക്കാന് മറ്റുള്ളോരും..

*** ****** ***
വഴിയറിയാതെ ഇരുട്ടില് തപ്പി നിന്നപ്പോഴാണ് 
ഇന്നലെ മെമ്പര് വന്നു പറയുന്നത്, 
"സര്‍ക്കാരിന്റെ  ദുരിതാശ്വാസനിധി പാസ്സായ വിവരം.. 
MLA വരുന്നുണ്ടത്രേ തരാനായി.. ഈ ആഴ്ചയില്.."

“എത്ര  ലക്ഷം ഉണ്ടാവുമോ ആവോ.. “
എന്തായാലും  ഇനി നന്നായി ജീവിക്കണം,
അച്ഛനെപ്പോലെ  അത്യാഗ്രഹങ്ങളൊന്നും വേണ്ട.. 
പഠിത്തമൊക്കെ നിര്‍ത്തി അമ്മയെയും നോക്കി ജീവിക്കണം.

*** ****** ***
മെല്ലെ ഉമ്മറ പടിയില് നിന്നു പുറത്തേക്കിറങ്ങി..
തെക്കേമൂലയില് നിന്നും ഒരു തണുത്ത കാറ്റ്  പതിയെ വീശി..
വേഗം കതകടച്ചു അകത്തു കയറി..
തണുത്ത ഓര്മകളൊന്നും ഇനി വേണ്ട..

ഇരുണ്ട വെളിച്ചത്തില് മുറ്റത്തെ ചെമ്പരുത്തി 
മഴത്തുള്ളികളും താലോലിച്ചു തലയാട്ടി നില്പ്പുണ്ടായിരുന്നു..

4 comments:

  1. വായിച്ചു...
    എഴുത്ത് കൊള്ളം. പക്ഷേ ഉള്ളടക്കം കുറവാണ് എന്ന് തോനുന്നു

    ReplyDelete
  2. തുടര്‍ന്നും എഴുതുക.
    ആശംസകള്‍.

    ReplyDelete
  3. എഴുത്ത് തുടരൂ ...ആശംസകള്‍ ,,, ഇരിപ്പിടം മുഖേന വന്നതാണ്. ഇനിയും വരും

    ReplyDelete