Wednesday, October 12, 2011

ഉത്സവം..


അക്കരെ കാവില് ഉത്സവം കൊടിയേറി. ഇനിയങ്ങോട്ട് ആഘോഷ തിമിര്‍പ്പാണ്.
കുംഭമാസത്തില അവസാന വെള്ളിയാഴ്ചയാണ് പ്രധാന ഉത്സവം.

കൊടിയേറ്റം കഴിഞ്ഞാല് പിന്നെ കാത്തിരിപ്പിന്റെ ദിനങ്ങളാണ്. ഓരോ ദിവസവും ഓരോരോ ദേശങ്ങളില് നിന്നും നാടുചുറ്റാനിറങ്ങുന്ന പൂതനും തിറയും വീട്ടിലെക്കെത്തും.
അമ്മ മുറം നിറയെ നെല്ലും നിലവിളക്കുമായി സ്വീകരിക്കും. മുറ്റത്തെത്തിയ തിറ കളി കഴിഞ്ഞു അനുഗ്രഹം ചൊരിയാന് ഒരു പിടി നെന്മണി വാരി എറിയും. ഏറ...്റവും പുറകിലായി ഞാനും ആ നെന്മണി ഏറ്റുവാങ്ങാന് ഒളിഞ്ഞു നില്‍പ്പുണ്ടാവും.

ഉത്സവ ദിവസം രാവിലെ മുതലേ ഘോഷം കൂട്ടിതുടങ്ങും. അകലെയുള്ള ബന്ധുക്കളും കുട്ടികളും വീട്ടിലെക്കെത്തും. നാനാദേശക്കാരുടെയും തയ്യാറെടുപ്പിന്റെ പെരുമ്പറകള് ദൂരെനിന്നും മുഴങ്ങി കേള്‍ക്കാം. എല്ലാവരും സന്ധ്യക്കുള്ള ഒത്തുചേരലിന് കച്ച കെട്ടുകയാണ്.

എന്റെ ദേശത്തുനിന്നുമുണ്ടല്ലോ വരവ് പോകുന്നു. വലിയ രണ്ടു കാളകളും കാവടിയും ഇന്നലെ തന്നെ എത്തി. ബാന്‍ഡ് വാദ്യക്കാര് ഇന്നേ എത്തൂ.. അതോ ശിങ്കാരി മേളമോ അറിയില്ല. ശബ്ദം കേട്ട് തുടങ്ങിയാല് ഒന്ന് പോയിനോക്കണം. പടിഞ്ഞാറ്റേലെ ശങ്കരന് കെട്ടും ഒറ്റക്കാളയായിരിക്കും മുന്നില്, പിന്നെ രാമന്‍റെ പൂതനും.
ഇന്നലേം മുത്തശ്ശി പറയുന്ന കേട്ടു. “എത്ര വയസ്സായി എന്നാലും ഓനിത് മുടക്കില്ല.”

“എടാ കഴിഞ്ഞില്ലേ നിന്റെ കുളി ഇതുവരെ.. എന്തെടുക്കുവായിരുന്നു ഇവിടെ...” അമ്മയാണ്.. അമ്പലത്തില് നിന്നുള്ള വരവാണ്. ഏടത്തിയും ഉണ്ട് തൂക്കുപാത്രവും പിടിച്ചു കൂടെ. പായസമായിരിക്കും, ഇനി കുളിക്കാതെ തരമില്ല. ഇത്തിരി പോലും തരില്ല കുളിക്കാതെ ചെന്നാല്.

വേഗം കുളിച്ചൂന്നു വരുത്തി ഓടി എത്തി. “അമ്മേ.. എനിക്കും വേണം ഒരു ചന്ദനക്കുറി” ഇനി അമ്മയുടെ അടുത്ത് വേണം കാര്യം സാധിക്കാന്. ഇക്കുറിയെങ്കിലും ദേശവരവിന്റെ കൂടെ തുള്ളി കളിച്ചു വേണം ഉത്സവപറമ്പിലേക്ക് പോകാന്. ഇതുവരെ സമ്മതിച്ചിട്ടില്ല അമ്മ, കഴിഞ്ഞ കുറി എത്ര കെഞ്ചിയെന്നോ.. ഇനീം വലുതാവണം പോലും.. എന്തായാലും കഴിഞ്ഞ തവണത്തെക്കാള് വലുതായി‍ല്യെ ഞാന്.. ഇപ്രാവശ്യം സമ്മതിക്കുമായിരിക്കും.

ഹും.. ഇക്കുറിയും ഫലം തഥൈവ.. “ആളുകള് കള്ള് കുടിച്ചിട്ടാ പൊടിയില് കിടന്നു കൂത്താടുന്നെ.. ഇനി അതിന്റെ കുറവ് കൂടിയേ ഉള്ളൂ.. അടി മേടിക്കും നീ.. ഇനിയും ഇവിടെ കിടന്നു കരഞ്ഞാല്.”

ഇനി നിവര്‍ത്തിയില്ല. എല്ലാവരുടെയും വാലേല് തൂങ്ങി വേണം ഇത്തവണയും ഉത്സവത്തിനു പോവാന്. എന്തായാലും ഉത്സവപറമ്പില് എത്തട്ടെ.

ഉച്ചയൂണ് കഴിഞ്ഞതോടെ അമ്പലത്തിലേക്ക് തിരിക്കേണ്ട തിരക്കായി. തലേന്ന് രാത്രി അച്ഛന് മേടിച്ചു തന്ന പുത്തന് ഷര്‍ട്ടും നിക്കറും ധരിച്ചു ഞാന് തന്നെ മുന്നില് നടന്നു.

ഇടവഴി കടന്നു പാടത്തെക്കിറങ്ങി. കണ്ണെത്താത്ത ദൂരം ഒഴിഞ്ഞു കിടക്കുന്ന പാടങ്ങള്.
മകരത്തില് കഴിഞ്ഞ കൊയ്ത്തിന്റെ ബാക്കി നെല്കുറ്റികള് കാലിനെ വേദനിപ്പിക്കാന് നിരന്നു നില്‍പ്പുണ്ട്. എങ്കിലും ഉയര്‍ന്നു കേള്‍ക്കുന്ന ഉത്സവമേളങ്ങളില് മുഴുകി നടന്ന മനസ്സിന് അതൊട്ടും തടസ്സമായിരുന്നില്ല.

പാടം കയറി റോഡിലെത്തി. ഇനി ഒരു കയറ്റം മാത്രം. ദൂരെ നിന്നെ കാണാം കുന്നിന് മുകളില് അമ്പലപ്പറമ്പിലെ ആള്‍ക്കൂട്ടം. പലവര്ണ ബലൂണുകളും കളിക്കോപ്പുകളും തൂക്കി ചെറുകച്ചവടക്കാര് വഴിയരികിലുണ്ട്.

നേരെ അമ്പലനടയില് ചെന്ന് ദേവിയെ തൊഴുതു. ഇനി ആല്‍ത്തറയില് സ്ഥാനം പിടിക്കണം. എന്നാലേ എല്ലാ വരവുകളും ശരിക്ക് കാണാന് പറ്റൂ..

എല്ലാവരും ഇരുന്നു കഴിഞ്ഞു.. എന്റെ സ്ഥാനം ആല്‍മുത്തശ്ശന്റെ താഴത്തെ കൊമ്പിലായിരുന്നു.
ഞാന് ചുറ്റും നോക്കി. ഇനി ഇവിടെ ഇരുന്നാല് ആരെയും പേടിക്കേണ്ട. കലി തുള്ളി എഴുന്നെള്ളും കോമരങ്ങളും തിറയും വൈക്കോല് പൂതനും എല്ലാം താഴെ കൂടി ഒഴുകി പോയ്കോളും. ആകെ പേടിക്കാനുള്ളത് ഹനുമാന് വേഷത്തിനെ മാത്രമാണ്. എപ്പോഴാണ് ആള്‍ക്കൂട്ടത്തിലേക്കു കയറി വരിക എന്ന് പറയാന് വയ്യ. എന്തായാലും ഇവിടെ ഇരിപ്പുറപ്പിക്കുക തന്നെ.

ആലിന് മുന്നിലിരുന്ന ദേവിയുടെ തേര് ആണ് ആദ്യം കയറേണ്ടത്. ആളുകള് ചേര്‍ന്ന് എടുത്തു പൊക്കി തുടങ്ങി. കൂടെയുള്ള വാദ്യക്കാരുടെ താളത്തിനോത്ത് കോമരം ഉറഞ്ഞു തുള്ളി. പിറകെ വരവുകളോരോന്നായി ആല്‍മരം ചുറ്റി കയറാന് തുടങ്ങി. പലവര്ണ കാവടികളും ഇണക്കാളകളും പോരാത്തതിനു അതാ ദേവീ ദേവന്മാരുടെ വേഷപ്പകര്ച്ചകളും കൂടെ.. കൊഴുപ്പ് കൂട്ടാന് വാദ്യ മേളങ്ങളും.

എത്ര നേരം മുഴുകി ഇരുന്നെന്നറിയില്ല. ഒരുപാടു ദേശക്കാര് മുന്നിലൂടെ നടന്നു കയറി. നേരം ഇരുട്ടി തുടങ്ങി. ഇണക്കാളകളില് ലൈറ്റുകള് തെളിയുന്നു. ചില കാളകള്‍ക്ക് ജീവനുണ്ടോ.. അവ എന്നെ നോക്കി കണ്ണടച്ച് തുറക്കുന്നു ഇടയ്ക്കിടെ.

ഓരോരുത്തരായി എണീറ്റ് തുടങ്ങി. കൂട്ടം തെറ്റാതിരിക്കാന് അമ്മ കൈ മുറുകെ പിടിച്ചു. ഇനി കച്ചവട തിരക്കിലേക്ക്. ചൂട് പറക്കും ജിലേബിയും മുറുക്കും കുറെ വാങ്ങിച്ചു. എല്ലാം ബന്ധു വീടുകളിലേക്ക് പകര്‍ന്നു കൊടുക്കേണ്ടേ.

എടത്തി എന്നെയും വിളിച്ചു കൊണ്ട് വളക്കച്ചവടക്കാരനടുതെക്ക് നടന്നു. രണ്ടു കൈയും നിറയെ വളയണിഞ്ഞു അഹങ്കാരത്തോടെ എന്നെ നോക്കി. ഞാനും മേടിച്ചു രണ്ടു മത്തങ്ങ ബലൂണും ഓടക്കുഴലും.

അപ്പോഴേക്ക് വീട്ടിലേക്കു മടങ്ങാന് സമയമായി. രാത്രി വൈകി തുടങ്ങുന്ന നൃത്തനാടകം കാണുവാന് ഊണ് കഴിച്ചു മടങ്ങി വരണം.

മെല്ലെ കുന്നിറങ്ങി റോഡിലൂടെ ഇരുള് പറന്നു തുടങ്ങിയ പാടത്തെക്കിറങ്ങി. അപ്പോഴും പുറകില് ഉത്സവ പറമ്പിലെ ആരവങ്ങള് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു.

എന്തെ ഇന്നിതെല്ലാം എഴുതാന്.. അമ്മ വിളിച്ചു വീട്ടില് നിന്നും.. ഉത്സവം കൊടിയേറിയത് അറിയിക്കാന്.

ഇനിയെനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. നേരം ഇരുട്ടിയാല് എന്റെ ബാല്യം ഉത്സവ പറമ്പില് ചുറ്റാനിറങ്ങും....

No comments:

Post a Comment