Friday, January 16, 2015

വഴിത്തിരിവുകള്‍

അനന്ത നഗരി പതിയെ കണ്ണു തുറക്കുന്നതെയുള്ളൂ, അവിടവിടെയായി കെട്ടിക്കിടക്കുന്ന ചെളിവെള്ളം രാത്രി പെയ്ത മഴയെ  ഓർമ്മിപ്പിച്ചു.
മെഡിക്കൽ കോളേജ് പരിസരം പതിവ് തെറ്റിയ്ക്കാതെ നേരത്തെത്തന്നെ ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. ആഴ്ച-ദിവസങ്ങൾ വ്യത്യാസമില്ലാത്ത ഇവിടെ എല്ലാം സ്ഥിരം കാഴ്ചകളാണ്.

യന്ത്രങ്ങളെപ്പോലെ പ്രവർത്തിക്കുന്ന ഒരുകൂട്ടം ആളുകൾ ധൃതിയിൽ നടക്കുന്നു. അത്ഭുതം തോന്നും! അവരെല്ലാവർക്കും ഇവിടെ ഒരേ മുഖമാണ്, ഒരേ ഭാവവും. തീക്കനൽ കോരിയിട്ട മനസ്സുമായി നടക്കുന്ന വിഷാദഛായയുള്ള മനുഷ്യര്‍!

ഇടതടവില്ലാതെ മുഴങ്ങിക്കേള്‍ക്കുന്ന ആംബുലന്‍സുകളുടെ സൈറണ്‍ ഇവിടുത്തുകാര്‍ക്ക് ചിരപരിചിതമായിരിക്കും ?! അലമുറയിട്ടുകൊണ്ട് ഓടിയണയുന്ന ഓരോ വാഹനങ്ങളില്‍ നിന്നും പ്രാണനായ് പിടയുന്ന ദേഹങ്ങള്‍ പുറത്തിറക്കുന്നു. നിസ്സംഗതയോടെ ഒന്നു നോക്കുവാന്‍ പോലും ആരും തുനിയുന്നില്ലെന്നത് തികച്ചും ആകുലപ്പെടുത്തും.

ദൈവസന്നിധിയിലെ മാലാഖമാരെപ്പോലെ തോന്നിപ്പിക്കുന്ന തൂവെള്ള വസ്ത്രം ധരിച്ചവര്‍ ഇരുകയ്യും നീട്ടി ശുശ്രൂഷക്കായി ഓടിയടുക്കുന്നു. പുഞ്ചിരിയോടെ മടങ്ങുന്ന അവരോരുത്തരുടേയും ചുണ്ടില്‍ പുനരുജ്ജീവിപ്പിക്കുന്ന ഏതോ മന്ത്രം തത്തിക്കളിക്കുന്നതായി തോന്നും.

തീര്‍ച്ചയായുമിത് മറ്റൊരു ലോകമാണ്. ദൈവം തിരികെ വിളിക്കുന്ന പ്രാണനെ  പിടിച്ചു നിര്‍ത്തി ഒരവധി കൂടി നീട്ടിച്ചോദിക്കുന്ന ഇടം.

വെയിലുദിച്ചു തുടങ്ങി. വിശപ്പിന്‍റെ വിളി അറിഞ്ഞു തുടങ്ങിയപ്പോഴാണ് ഓര്‍ത്തത്, ഇന്നലെ രാത്രി ഒന്നും കഴിച്ചിട്ടില്ല. ആശുപത്രി സമീപത്തുനിന്നും ആഹാരം കഴിക്കാന്‍ മനസ്സു വരുന്നില്ല. സാവധാനത്തില്‍ പുറത്തേക്ക് നടന്നു.

ജീവിതത്തിലാദ്യമായാണ് ഒരു രാത്രി ആശുപത്രിയില്‍ കഴിച്ചു കൂട്ടുന്നത്. ആശുപത്രികളില്‍ എവിടേയും നിറഞ്ഞു നില്‍ക്കുന്നത് ഒരേ ഗന്ധമാണ്. പല പല ആവശ്യങ്ങള്‍ക്കായി വന്നു പോയപ്പോഴൊക്കെയും അതു വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. പക്ഷേ ഇന്നലെ രാത്രി മുതല്‍ എങ്ങിനെയോ അതിനോട്  പൊരുത്തപ്പെട്ടിരിക്കുന്നു. അപരിചിതത്വം തോന്നിപ്പിക്കുന്ന ഒന്നും തന്നെ ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നില്ല. എത്ര വേഗമാണ് നാം സാഹചര്യങ്ങളോട് ഇണങ്ങുന്നത് !

മെഡിക്കല്‍ കോളേജ് കവാടത്തിന്‍റെ ഇരുവശങ്ങളും കച്ചവടക്കാര്‍ സ്വന്തമാക്കിയിരിക്കുന്നു. ഭക്ഷണപ്പൊതികളും കുടിവെള്ളവും മുതല്‍ ലോട്ടറി ടിക്കറ്റുകള്‍ വരെ അവിടെ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്.  'ആരായിരിക്കും ആശുപത്രി കവാടത്തില്‍ വെച്ച് തന്‍റെ ഭാഗ്യം പരീക്ഷിക്കാന്‍ തുനിയുക ?!'

പരിചിതമായ ഏതോ പാട്ടിന്‍റെ ഈണം കേള്‍ക്കുന്നു. റോഡരികിലെ ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ നിന്ന് ആരോ പാടുന്നുണ്ട്. ആകാംക്ഷയോടെ അടുത്തേക്ക് ചെന്നു.

മനോഹരമായ ശബദ്ധത്തില്‍ ഒരു അന്ധഗായകന്‍ മതി മറന്നു പാടുകയാണ്. മുന്നില്‍ രണ്ടു ചെറിയ ബക്കറ്റുകള്‍ വെച്ചിട്ടുണ്ട്. കൂടി നില്‍ക്കുന്നവരില്‍ പലരും അതിലേക്ക് നാണയത്തുട്ടുകള്‍ വലിച്ചെറിയുന്നു.

"അലയും കാറ്റിന്‍ ഹൃദയം അരയാല്‍ കൊമ്പില്‍ തേങ്ങീ..." വളരെ അനായാസമായാണ് അയാള്‍ പാടുന്നത്. നിത്യേനയുള്ള ആലാപനമായിരിക്കാം അയാളിലെ താളവും ശ്രുതിബോധവും ഇത്രയേറെ മിനുക്കിയെടുത്തത്.
ആരെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നതോ, തനിക്കു മുന്നിലെ ബക്കറ്റില്‍ വീഴുന്ന നാണയത്തുട്ടുകള്‍ എത്രയെന്നതോ നോക്കാതെ അയാള്‍ നിര്‍ത്താതെ പാടിക്കൊണ്ടിരിക്കുന്നു.

കൈകഴിയിരുന്ന് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തു. സാമാന്യം നന്നായിത്തന്നെ വിശക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് എന്തെങ്കിലും കഴിച്ചതാണ്. ഊണു കഴിഞ്ഞ് കൈ കഴുകുന്പോഴായിരുന്നു അപകട വിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ എത്തിയത്.

കൂട്ടത്തിലൊരുത്തന് അരുതാത്തത് സംഭവിച്ചുവെന്ന വാര്‍ത്ത വല്ലാത്ത ഞെട്ടലാണ് ആദ്യം തന്നത്.
അപ്പോഴേക്കും അപകടം നടന്ന് രണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചതുകൊണ്ടുമാത്രമാണ് ജീവന്‍ രക്ഷിക്കാനായതു പോലും !

എത്ര വേഗത്തില്‍, എത്ര കൃത്യതയോടെയാണ് ദൈവത്തിന്‍റെ കരുനീക്കങ്ങള്‍. 'എല്ലാമറിയുന്ന' മനുഷ്യന്‍ പോലും അവന്‍റെ കയ്യടക്കത്തിനു മുന്നില്‍ വെറും നിസ്സാരനായി മാറുന്നു. തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിന്‍റെ ചെറിയ സൂചന പോലും ചില അവസരങ്ങളില്‍ നമുക്ക് അന്യമാവുന്നു.

അനാഥാലയത്തിന്‍റെ ഏകാന്തതയില്‍ നിന്നും മോചിതനായത് ഉള്ളു തുറക്കാന്‍ പറ്റിയ സൗഹൃദങ്ങള്‍ കിട്ടിയപ്പോഴാണെന്ന് അവന്‍ പറഞ്ഞിരുന്നത് ഓര്‍മ്മ വരുന്നു. അനാഥത്വം എന്ന വാക്കിന് എത്രത്തോളം ആഴമുണ്ടെന്നറിയാത്ത തങ്ങളാരും അതൊട്ടും ഗൗനിക്കാറുണ്ടായിരുന്നില്ല.

ഈ അവസ്ഥയിലും ഒരു വാക്കും ശബ്ദിക്കാതെ കിടന്ന് അവന്‍ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുന്നത് അതിന്‍റെ കഠിനതയെ കുറിച്ചു തന്നെയാണല്ലോ!

വിളിച്ചറിയിക്കാനായി ആകെയുള്ളത് അവന്‍ വളര്‍ന്ന ഓര്‍ഫനേജില്‍ ആണ്. ഇങ്ങനെയൊരവസരത്തില്‍ തങ്ങള്‍ അതുവേണ്ടെന്ന് തീരുമാനിച്ചത് അവനിഷ്ടപ്പെടില്ലെന്നു കരുതിയാണ്. സന്തോഷങ്ങള്‍ പങ്കുവെക്കാനായി മാത്രമേ അവനിപ്പോള്‍ അവിടേക്ക് പോകാറുള്ളൂ. വിഷമങ്ങളും പരാതികളും കൊണ്ട് ഒരിക്കലും ഇനിയങ്ങോട്ട് ചെല്ലരുതെന്ന് അവന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.

ഭക്ഷണം കഴിച്ച് വേഗം ഇറങ്ങി. ആദ്യം തന്നെ ഡോക്ടറെ കാണണം. ഇന്നലെ ഓപ്പറേഷന്‍ തിയ്യേറ്ററില്‍ നിന്ന് അവനെ നേരേ ഐ.സി.യുവിലേക്കാണ് മാറ്റിയത്.

'എന്തെങ്കിലും പറയണമെങ്കില്‍ ബോധം തെളിയണം.' അതിലധികമൊന്നും ഡോക്ടര്‍ക്ക് പറയാനില്ലെന്ന് തോന്നി. ഇന്നെന്തായാലും എല്ലാം തന്നെ വിശദമായിത്തന്നെ ചോദിച്ചറിയണം.

പത്തുമണിയാവുന്പോഴേക്ക് അരുണും സുജിത്തും വരും. ഇന്നലെ രാത്രി യാത്ര പറയുന്പോള്‍ അങ്ങിനെയാണ് പറഞ്ഞത്. അവര്‍ വന്നു കഴിഞ്ഞുവേണം തനിക്കു മടങ്ങാന്‍. എത്ര ദിവസം ജോലിയില്‍ നിന്നും അവധിയെടുക്കേണ്ടി വരുമെന്നറിയില്ല. എത്രയായാലും രണ്ടു ദിവസം കൂടുമ്പോള്‍ ഒരു ദിവസം മതിയാവുമായിരിക്കും. അവര്‍ രണ്ടുപേരും മാറി മാറി ഉണ്ടായിരിക്കുമല്ലോ.

ഡോക്ടറുടെ മുറിയുടെ വാതില്‍ക്കല്‍ മുന്നു നാലുപേര്‍ നില്‍ക്കുന്നുണ്ട്. സംശയം തീര്‍ക്കാനായി അവരോട് ചോദിച്ചു.

ഡോക്ടര്‍ എത്തിയില്ലേ ?

ഉവ്വ്, വന്നിട്ട് പത്തു മിനിട്ടായി.

നഴ്സ് പുറത്തേക്കു വന്നപ്പോള്‍ കാര്യം അറിയിച്ചു. 'വിളിക്കാം ഇവിടെ വെയിറ്റ് ചെയ്യൂ' എന്നറിയിച്ച് അവര്‍ അകത്തേക്കു തന്നെ മടങ്ങി.

'എന്തായിരിക്കും ഡോക്ടര്‍ പറയാന്‍ പോകുന്നത് !' പ്രാര്‍ത്ഥനയോടെ കാത്തു നിന്നു.

നിമിഷങ്ങള്‍ക്കിപ്പോള്‍ മണിക്കൂറുകളേക്കാള്‍ ദൈര്‍ഘ്യം തോന്നുന്നു. ഓരോ ഹൃദയമിടിപ്പും പെരുന്പറ മുഴക്കം പോലെ അനുഭവപ്പെടുന്നു. നില്‍ക്കാന്‍ തന്‍റെ കാലുകള്‍ക്കു കരുത്തില്ലെന്ന് തോന്നിത്തുടങ്ങി. 'ഈശ്വരാ.. നല്ലതു മാത്രം വരുത്തണേ..'

അകത്തേക്കു വരൂ.., നഴ്സ് വന്നു വിളിച്ചു.

കണ്ണട വെച്ച് സ്വതവേ ഗൗരവക്കാരനായ ഡോക്ടര്‍. ചുറ്റിലും  രണ്ടു മൂന്നു പേര്‍ ഇരിക്കുന്നുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാര്‍ ആയിരിക്കാം.

"സുനിലിന്‍റെ ആരായിട്ട് വരും ?"

"അവന്‍റെ കൂട്ടുകാരനാണ്."

"വീട്ടുകാരെ വിവരമറിയിച്ചിട്ടില്ലേ. ?" ചോദ്യം അല്പം കര്‍ക്കശമായിത്തോന്നി.

"അവനു വീട്ടുകാരായി ആരുമില്ല. വളര്‍ന്നതെല്ലാം ഒരു ഓര്‍ഫനേജിലാണ്. അവിടെ അറിയിക്കേണ്ടെന്നാണ് ഞങ്ങള്‍ കരുതിയത്."

ഡോക്ടറുടെ മുഖം ഒന്നു പതറിയായി തോന്നി. ശബ്ദം അല്‍പ്പം മൃദുവായി തോന്നി.

"ശ്രദ്ധിച്ച് കേള്‍ക്കണം. സുനിലിന്‍റെ കാര്യം അല്‍പ്പം വിഷമമാണ്. നട്ടെല്ലിന് ഏറ്റ പരിക്ക് സാരമുള്ളാണ്. എന്തായാലും എഴുന്നേറ്റിരിക്കാന്‍ ഒരുപാട് സമയമെടുക്കും. ചിലപ്പോള്‍ ഇനി തീരെ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞെന്നും വരില്ല. റിക്കവര്‍ ചെയ്യാനുള്ള ചാന്‍സ് ഇപ്പോള്‍ വളരെ കുറവാണ്...."
ഡോക്ടര്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞെന്നു തോന്നുന്നു. ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഒരുതരം ഭയം, മരവിപ്പ്..

ഡോക്ടറുടെ മുറിയില്‍ നിന്ന് എങ്ങിനേയോ പുറത്തേക്ക് ഇറങ്ങി.

ഇനി എന്ത് എന്ന ചോദ്യം മുന്നില്‍ നില്‍ക്കുന്നു.

എത്രകാലം തനിക്ക് അവനെ നോക്കി കൂടെ നില്‍ക്കാന്‍ കഴിയും ? ഇനി അഥവാ അവനൊരിക്കലും എഴുന്നേല്‍ക്കില്ലെങ്കില്‍.. ?

സുജിത്തും അരുണും ? ഇതറിയുന്പോള്‍ എന്തായിരിക്കും അവരുടെ പ്രതികരണം ?

സൗഹൃദങ്ങള്‍ അവസാനിക്കുന്നത് അത് വെറും ബാദ്ധ്യത മാത്രമായിത്തീരുമ്പോഴാണോ?

ചോദ്യങ്ങള്‍ ഉത്തരമില്ലാതെ ഉയരുന്നു.

അകലെ നിന്നിപ്പോള്‍ ആ അന്ധഗായകന്‍റെ പാട്ട് മെല്ലെ കേള്‍ക്കുന്നുണ്ട്.

"സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം.. ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം.."

--- # --- # ---

1 comment:

  1. കഥ വായിച്ചു.
    അക്ഷരത്തെറ്റുകളും ശ്രദ്ധിക്കണം

    ReplyDelete