Monday, June 4, 2012

അന്നാമ്മച്ചിയുടെ ആത്മഗതം.

തന്റെ മക്കളുടെ
ഭാര്യമാര്‍ തമ്മിലുള്ള
കലഹം തുടങ്ങിയത്
രണ്ടാമത്തെ മരുമകള്‍
വീട്ടില്‍ കാലെടുത്തു
കുത്തിയപ്പോള്‍ മുതലെന്ന്
അന്നാമ്മച്ചി നാട്ടില്‍
നടന്ന് പറയാറുണ്ട്‌.

കാലത്ത് ഉമ്മറത്ത്‌
എത്തുന്ന ഇംഗ്ലീഷ്
പത്രത്തിനായി
തുടങ്ങുന്ന അങ്കം
രാത്രി അടുക്കളയിലെ
ലൈറ്റ് അണക്കാന്‍
പരസ്പരം ആജ്ഞ
പുറപ്പെടുവിക്കുന്നിടത്താണത്രേ
ഒരുവിധം അവസാനിക്കുന്നത്.

മത്സരിച്ചുള്ള സല്ക്കരിക്കല്‍ 
കാരണം വീട്ടിലേക്കു
വിരുന്നുകാരോന്നും
വരാതെയായി.
ആകെ കിട്ടിയ മെച്ചം !

ഇന്ന് സന്ധ്യക്ക്‌
ടിവിയില്‍ സീരിയല്‍
കണ്ടിരിക്കുമ്പോഴാണ്
അന്നാമ്മച്ചിയുടെ
കണ്ണും മനസ്സും
ഒരുമിച്ചു നിറയുന്നത് !

വിവാഹം കഴിഞ്ഞ
അടുത്ത ദിവസം
അമ്മായിയമ്മയുമായി
വഴക്കിട്ടതിന്
ഭര്‍ത്താവ് നായികയെ
കൈയൊഴിയുന്ന സീന്‍
കണ്ട് രണ്ടുപേരും
കണ്ണ് തുടക്കുന്നു.
അടുത്ത എപ്പിസോഡില്‍
എല്ലാം ശരിയാവുമെന്ന് 
പറഞ്ഞ് പരസ്പരം
ആശ്വസിപ്പിക്കുന്നു.
പ്രാര്‍ത്ഥിക്കുന്നു. 

കണ്ണ് തുടച്ച്
ദൈവത്തിന് നന്ദി
പറഞ്ഞുകൊണ്ട്
അന്നാമ്മച്ചിയുടെ
ആത്മഗതം.
"അന്ന്യന്റെ സങ്കടത്തില്‍
ഉള്ളുരുകുന്നു
ദൈവഭയമുള്ള കുട്ടികള്‍."

അത് കേട്ടോ ആവോ,  
ചുമരിലിരുന്ന പല്ലി
ഉറക്കെ ചിരിച്ചു.
അന്നാമ്മച്ചി ഉറപ്പിച്ചു.
സത്യം !!!

10 comments:

  1. ചെറുതെങ്കിലും നന്നായിരിക്കുന്നു..

    ReplyDelete
  2. എപ്പിസോഡ് തീരുന്നത് എന്നാണാവോ?!!
    നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  3. ...............എന്നിട്ടും സീരിയലിനെ കുറ്റം പറയാനാണ് ചിലര്‍ക്ക് നേരം

    ReplyDelete
  4. നന്ദി.. വായനയ്ക്ക്.. അഭിപ്രായങ്ങള്‍ക്ക്..

    ReplyDelete
  5. ഇങ്ങനെയെങ്കിലും സങ്കടം വരുന്നുണ്ടല്ലോ ...!

    ReplyDelete