Saturday, May 19, 2012

ഓട്ടം.

എന്നെ തടയരുത് !
നിശബ്ദതയുടെ
തണലും തേടി
ഓടുകയാണ് ഞാന്‍ .

സുഖത്തിന്റെ പറുദീസ
സ്വപ്നം കാണാന്‍
കഞ്ചാവ് ബീഡിയ്ക്കാ-
യാര്‍ത്തി പൂണ്ട പകല്‍ .

മത്തുപിടിപ്പിക്കും
മധുരസ്വപ്നങ്ങള്‍ക്ക് പകരം
നഗരത്തിന്റെ ഹുങ്കാരം
കാതുകളെ തുളച്ച്‌
ഞരമ്പുകളെ പൊട്ടിത്തെറി-
പ്പിക്കുമെന്നായപ്പോഴാണ്
ഓട്ടം തുടങ്ങിയത്.

സര്‍ക്കാര്‍ ആശുപത്രിയുടെ
കവാടത്തിലപ്പോള്‍
രക്തഗ്രൂപ്പുകള്‍ വിളിച്ച് കൂവി
വിലപേശല്‍ തകൃതിയായിരുന്നു.
ഓടി.. നിര്‍ത്താതെ..

കുരുന്നുകളുടെ
പൊട്ടിച്ചിരികള്‍ പ്രതീക്ഷിച്ച
അനാഥമന്ദിരത്തില്‍ നിന്നും
മുഴങ്ങിക്കേട്ടതോ
ആരുടെയോക്കെയോ
ആജ്ഞകളും അട്ടഹാസങ്ങളും.

ന്യായാധിപന്റെ മേശപ്പുറത്ത് 
പണക്കെട്ടുകള്‍ സാക്ഷിമൊഴി
രേഖപ്പെടുത്തിയപ്പോള്‍
നിസ്സഹായനായ സത്യം 
ജയിലഴിക്കുള്ളിലിരുന്ന്
അലമുറയിടുന്നുണ്ടായിരുന്നു.

രക്തസാക്ഷിത്വത്തിന്റെ
പേരിലേതോ പാര്‍ട്ടി
മുദ്രാവാക്യങ്ങള്‍ മുഴക്കി
ജാഥയായി വരുന്നുണ്ട്.
ആക്രോശങ്ങള്‍ കൊടുമ്പിരി
കൊണ്ടപ്പോള്‍ തിരിഞ്ഞു
നോക്കാതെ ഓടി.

നഗരത്തില്‍ നിന്നും
ഒഴിഞ്ഞു നിന്ന
പഴയ കെട്ടിടത്തിന്റെ
ഇടനാഴിയിലെ ശൂന്യതയി-
ലെത്തിയപ്പോഴാണ്
തലകറങ്ങി വീണത്‌..

ചുറ്റിലും ആരവങ്ങള്‍
തല കൊത്തിപ്പറിച്ചു
തുടങ്ങിയപ്പോള്‍ ഉണര്‍ന്ന് 
കണ്ണുകള്‍ മിഴിച്ച് പിടിച്ചു.

അരികെ ശരീര വില്‍പ്പന
കൊഴുക്കുകയാണ്.
പല്ലിളിച്ചുകൊണ്ടൊരുത്തി
പാഞ്ഞു വന്നപ്പോള്‍
വീണ്ടും എണീറ്റ്‌ ഓടി.

ഓടിയോടി
ആളൊഴിഞ്ഞൊരു
പൊതുശ്മശാനത്തിലെത്തി
മലര്‍ന്നടിച്ചുവീണ് കിതച്ചു. 

മാനം നോക്കി
ആശ്വാസത്തോടെ
മയക്കത്തിലേക്ക്‌... ..

ഏതോ യാമത്തില്‍
ആരൊക്കെയോ
പിറുപിറുക്കുന്നതു കേട്ടാണ്
വീണ്ടും ഉണര്‍ന്നത്.   

മണ്ണില്‍ തലവെച്ച്
ചെവിടോര്‍ത്തു.
പാതിവഴിയില്‍
പിടഞ്ഞു തീര്‍ന്നവര്‍ 
മണ്ണിനടിയില്‍ കിടന്നും
പരസ്പരം പോര്‍വിളിക്കയാണ്.
ശബ്ദം സഹിക്ക വയ്യ...

ഓടുകയാണ് ഞാന്‍.
നിര്‍ത്താതെ ഓടുകയാണ്.

7 comments:

  1. വിപ്ലവപരമാണല്ലോ..!!

    ReplyDelete
  2. ഹൊ......ഭയങ്കരം.....ഭീകരം....ഓട്ടം തന്നെ ഓട്ടം.

    ReplyDelete
  3. നിസഹായരുടെ നിരാലംബരുടെ ഓട്ടം!!!
    എന്നാണ് ഇനിയൊരവതാരം???
    ആശംസകളോടെ

    ReplyDelete
  4. ഓട്ടം കൊള്ളാം

    ReplyDelete
  5. നന്ദി.. വായനയ്ക്ക്.. അഭിപ്രായങ്ങള്‍ക്ക്..

    ReplyDelete