Tuesday, November 1, 2016

രണ്ടു വരികള്‍, കഥകള്‍ !

പ്രണയിക്കുന്പോൾ കാലം
നിശ്ചലമാകുമെന്നല്ലേ നീ പറഞ്ഞിരുന്നത് ! നര കയറിത്തുടങ്ങിയ മുടിയിഴകൾ
മാത്രം നമ്മുടെ പ്രണയം അറിഞ്ഞില്ലയെന്നാണോ ?


*** *** ***

നീ പോയ് വരിക. നിനക്കുമാത്രം അറിയാവുന്ന ഈ മണ്ണിൽ എന്നെ നീ ഉറക്കിക്കിടത്തിയിട്ടുണ്ടെന്ന് മറക്കാതിരിക്കുക. നീ വരും വരെ ഞാനിവിടെയുറങ്ങാം.


*** *** ***

Sunday, July 31, 2016

പട്ടിണി കിടന്നിട്ടുണ്ടോ ?

പട്ടിണി കിടന്നിട്ടുണ്ടോ ?!

ചോറ്റുപാത്രത്തില്‍ അമ്മ ചോറ് നിറച്ചു കഴിഞ്ഞാല്‍
കലത്തില്‍ ഇനിയാര്‍ക്കും കഴിക്കാന്‍ മിച്ചമില്ലെന്ന് കണ്ട്
കണ്ണ് നിറഞ്ഞ് ചോറുപാത്രം മറന്നുവെച്ച് സ്കൂളില്‍ പോയിട്ടുണ്ടോ ?

ഉച്ചയ്ക്ക് ഇന്‍റര്‍വെല്‍ സമയത്ത് കഴിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ട്
ചുറ്റിലുമുള്ള ഇടവഴികളിലൂടെ കറങ്ങി നടന്ന് സമയം തീര്‍ത്തിട്ടുണ്ടോ ?

പാഠപുസ്തകക്കെട്ടിന് വീട്ടിലെ പ്രാരാബ്ധത്തേക്കാള്‍
ഭാരം തോന്നിത്തുടങ്ങിയപ്പോള്‍ പഠിത്തം വിട്ട്
ജോലിക്ക് പോയിത്തുടങ്ങിയത് ഓര്‍മ്മയിലുണ്ടോ ?

രാത്രിയില്‍ ജോലി കഴിഞ്ഞ് നിങ്ങള്‍ വരുന്നതും നോക്കി
അമ്മയും പെങ്ങളും കറണ്ട് ഇല്ലാത്ത വീട്ടില്‍
എണ്ണ തീര്ന്ന് കരിന്തിരി കത്തുന്ന ചിമ്മിനി വിളക്കിന്‍റെ
വെട്ടത്തില്‍ കാത്തിരിക്കാറുണ്ടോ ?

നിങ്ങള്‍ കൊടുത്ത അരിയും പൊതികളും വാങ്ങി
വേഗം അടുപ്പത്ത് വെള്ളം വെച്ച് അവര്‍ അന്നത്തെ
അത്താഴം തയ്യാറാക്കി തുടങ്ങുന്നത് നോക്കി
നിങ്ങള്‍ നെടുവീര്പ്പിട്ടിരുന്നിട്ടുണ്ടോ ?

നാളത്തേക്കുള്ള വകയ്ക്ക് എന്ത് ചെയ്യും എന്ന്
 ആലോചിച്ച് ആലോചിച്ച് അത്താഴം കഴിക്കുമ്പോള്‍
തൊണ്ടയില്‍ വറ്റ് തടഞ്ഞിട്ടുണ്ടോ ?

പട്ടിണി എന്നത് വിശന്ന് വയറ് കായുന്ന വികാരം മാത്രമാണെന്നും,
ദാരിദ്ര്യം എന്നത് ഒരു നേരത്തെ ഭക്ഷണപ്പൊതിയോ,
ഒരു കുപ്പായത്തുണിയോ കൊടുത്താല്‍ മാറുന്ന
അവസ്ഥ മാത്രമാണെന്നും അറിയുന്നവര്‍ എത്ര ഭാഗ്യവാന്മാരാണ് !

Friday, January 16, 2015

വഴിത്തിരിവുകള്‍

അനന്ത നഗരി പതിയെ കണ്ണു തുറക്കുന്നതെയുള്ളൂ, അവിടവിടെയായി കെട്ടിക്കിടക്കുന്ന ചെളിവെള്ളം രാത്രി പെയ്ത മഴയെ  ഓർമ്മിപ്പിച്ചു.
മെഡിക്കൽ കോളേജ് പരിസരം പതിവ് തെറ്റിയ്ക്കാതെ നേരത്തെത്തന്നെ ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. ആഴ്ച-ദിവസങ്ങൾ വ്യത്യാസമില്ലാത്ത ഇവിടെ എല്ലാം സ്ഥിരം കാഴ്ചകളാണ്.

യന്ത്രങ്ങളെപ്പോലെ പ്രവർത്തിക്കുന്ന ഒരുകൂട്ടം ആളുകൾ ധൃതിയിൽ നടക്കുന്നു. അത്ഭുതം തോന്നും! അവരെല്ലാവർക്കും ഇവിടെ ഒരേ മുഖമാണ്, ഒരേ ഭാവവും. തീക്കനൽ കോരിയിട്ട മനസ്സുമായി നടക്കുന്ന വിഷാദഛായയുള്ള മനുഷ്യര്‍!

ഇടതടവില്ലാതെ മുഴങ്ങിക്കേള്‍ക്കുന്ന ആംബുലന്‍സുകളുടെ സൈറണ്‍ ഇവിടുത്തുകാര്‍ക്ക് ചിരപരിചിതമായിരിക്കും ?! അലമുറയിട്ടുകൊണ്ട് ഓടിയണയുന്ന ഓരോ വാഹനങ്ങളില്‍ നിന്നും പ്രാണനായ് പിടയുന്ന ദേഹങ്ങള്‍ പുറത്തിറക്കുന്നു. നിസ്സംഗതയോടെ ഒന്നു നോക്കുവാന്‍ പോലും ആരും തുനിയുന്നില്ലെന്നത് തികച്ചും ആകുലപ്പെടുത്തും.

ദൈവസന്നിധിയിലെ മാലാഖമാരെപ്പോലെ തോന്നിപ്പിക്കുന്ന തൂവെള്ള വസ്ത്രം ധരിച്ചവര്‍ ഇരുകയ്യും നീട്ടി ശുശ്രൂഷക്കായി ഓടിയടുക്കുന്നു. പുഞ്ചിരിയോടെ മടങ്ങുന്ന അവരോരുത്തരുടേയും ചുണ്ടില്‍ പുനരുജ്ജീവിപ്പിക്കുന്ന ഏതോ മന്ത്രം തത്തിക്കളിക്കുന്നതായി തോന്നും.

തീര്‍ച്ചയായുമിത് മറ്റൊരു ലോകമാണ്. ദൈവം തിരികെ വിളിക്കുന്ന പ്രാണനെ  പിടിച്ചു നിര്‍ത്തി ഒരവധി കൂടി നീട്ടിച്ചോദിക്കുന്ന ഇടം.

വെയിലുദിച്ചു തുടങ്ങി. വിശപ്പിന്‍റെ വിളി അറിഞ്ഞു തുടങ്ങിയപ്പോഴാണ് ഓര്‍ത്തത്, ഇന്നലെ രാത്രി ഒന്നും കഴിച്ചിട്ടില്ല. ആശുപത്രി സമീപത്തുനിന്നും ആഹാരം കഴിക്കാന്‍ മനസ്സു വരുന്നില്ല. സാവധാനത്തില്‍ പുറത്തേക്ക് നടന്നു.

ജീവിതത്തിലാദ്യമായാണ് ഒരു രാത്രി ആശുപത്രിയില്‍ കഴിച്ചു കൂട്ടുന്നത്. ആശുപത്രികളില്‍ എവിടേയും നിറഞ്ഞു നില്‍ക്കുന്നത് ഒരേ ഗന്ധമാണ്. പല പല ആവശ്യങ്ങള്‍ക്കായി വന്നു പോയപ്പോഴൊക്കെയും അതു വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. പക്ഷേ ഇന്നലെ രാത്രി മുതല്‍ എങ്ങിനെയോ അതിനോട്  പൊരുത്തപ്പെട്ടിരിക്കുന്നു. അപരിചിതത്വം തോന്നിപ്പിക്കുന്ന ഒന്നും തന്നെ ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നില്ല. എത്ര വേഗമാണ് നാം സാഹചര്യങ്ങളോട് ഇണങ്ങുന്നത് !

മെഡിക്കല്‍ കോളേജ് കവാടത്തിന്‍റെ ഇരുവശങ്ങളും കച്ചവടക്കാര്‍ സ്വന്തമാക്കിയിരിക്കുന്നു. ഭക്ഷണപ്പൊതികളും കുടിവെള്ളവും മുതല്‍ ലോട്ടറി ടിക്കറ്റുകള്‍ വരെ അവിടെ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്.  'ആരായിരിക്കും ആശുപത്രി കവാടത്തില്‍ വെച്ച് തന്‍റെ ഭാഗ്യം പരീക്ഷിക്കാന്‍ തുനിയുക ?!'

പരിചിതമായ ഏതോ പാട്ടിന്‍റെ ഈണം കേള്‍ക്കുന്നു. റോഡരികിലെ ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ നിന്ന് ആരോ പാടുന്നുണ്ട്. ആകാംക്ഷയോടെ അടുത്തേക്ക് ചെന്നു.

മനോഹരമായ ശബദ്ധത്തില്‍ ഒരു അന്ധഗായകന്‍ മതി മറന്നു പാടുകയാണ്. മുന്നില്‍ രണ്ടു ചെറിയ ബക്കറ്റുകള്‍ വെച്ചിട്ടുണ്ട്. കൂടി നില്‍ക്കുന്നവരില്‍ പലരും അതിലേക്ക് നാണയത്തുട്ടുകള്‍ വലിച്ചെറിയുന്നു.

"അലയും കാറ്റിന്‍ ഹൃദയം അരയാല്‍ കൊമ്പില്‍ തേങ്ങീ..." വളരെ അനായാസമായാണ് അയാള്‍ പാടുന്നത്. നിത്യേനയുള്ള ആലാപനമായിരിക്കാം അയാളിലെ താളവും ശ്രുതിബോധവും ഇത്രയേറെ മിനുക്കിയെടുത്തത്.
ആരെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നതോ, തനിക്കു മുന്നിലെ ബക്കറ്റില്‍ വീഴുന്ന നാണയത്തുട്ടുകള്‍ എത്രയെന്നതോ നോക്കാതെ അയാള്‍ നിര്‍ത്താതെ പാടിക്കൊണ്ടിരിക്കുന്നു.

കൈകഴിയിരുന്ന് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തു. സാമാന്യം നന്നായിത്തന്നെ വിശക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് എന്തെങ്കിലും കഴിച്ചതാണ്. ഊണു കഴിഞ്ഞ് കൈ കഴുകുന്പോഴായിരുന്നു അപകട വിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ എത്തിയത്.

കൂട്ടത്തിലൊരുത്തന് അരുതാത്തത് സംഭവിച്ചുവെന്ന വാര്‍ത്ത വല്ലാത്ത ഞെട്ടലാണ് ആദ്യം തന്നത്.
അപ്പോഴേക്കും അപകടം നടന്ന് രണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചതുകൊണ്ടുമാത്രമാണ് ജീവന്‍ രക്ഷിക്കാനായതു പോലും !

എത്ര വേഗത്തില്‍, എത്ര കൃത്യതയോടെയാണ് ദൈവത്തിന്‍റെ കരുനീക്കങ്ങള്‍. 'എല്ലാമറിയുന്ന' മനുഷ്യന്‍ പോലും അവന്‍റെ കയ്യടക്കത്തിനു മുന്നില്‍ വെറും നിസ്സാരനായി മാറുന്നു. തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിന്‍റെ ചെറിയ സൂചന പോലും ചില അവസരങ്ങളില്‍ നമുക്ക് അന്യമാവുന്നു.

അനാഥാലയത്തിന്‍റെ ഏകാന്തതയില്‍ നിന്നും മോചിതനായത് ഉള്ളു തുറക്കാന്‍ പറ്റിയ സൗഹൃദങ്ങള്‍ കിട്ടിയപ്പോഴാണെന്ന് അവന്‍ പറഞ്ഞിരുന്നത് ഓര്‍മ്മ വരുന്നു. അനാഥത്വം എന്ന വാക്കിന് എത്രത്തോളം ആഴമുണ്ടെന്നറിയാത്ത തങ്ങളാരും അതൊട്ടും ഗൗനിക്കാറുണ്ടായിരുന്നില്ല.

ഈ അവസ്ഥയിലും ഒരു വാക്കും ശബ്ദിക്കാതെ കിടന്ന് അവന്‍ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുന്നത് അതിന്‍റെ കഠിനതയെ കുറിച്ചു തന്നെയാണല്ലോ!

വിളിച്ചറിയിക്കാനായി ആകെയുള്ളത് അവന്‍ വളര്‍ന്ന ഓര്‍ഫനേജില്‍ ആണ്. ഇങ്ങനെയൊരവസരത്തില്‍ തങ്ങള്‍ അതുവേണ്ടെന്ന് തീരുമാനിച്ചത് അവനിഷ്ടപ്പെടില്ലെന്നു കരുതിയാണ്. സന്തോഷങ്ങള്‍ പങ്കുവെക്കാനായി മാത്രമേ അവനിപ്പോള്‍ അവിടേക്ക് പോകാറുള്ളൂ. വിഷമങ്ങളും പരാതികളും കൊണ്ട് ഒരിക്കലും ഇനിയങ്ങോട്ട് ചെല്ലരുതെന്ന് അവന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.

ഭക്ഷണം കഴിച്ച് വേഗം ഇറങ്ങി. ആദ്യം തന്നെ ഡോക്ടറെ കാണണം. ഇന്നലെ ഓപ്പറേഷന്‍ തിയ്യേറ്ററില്‍ നിന്ന് അവനെ നേരേ ഐ.സി.യുവിലേക്കാണ് മാറ്റിയത്.

'എന്തെങ്കിലും പറയണമെങ്കില്‍ ബോധം തെളിയണം.' അതിലധികമൊന്നും ഡോക്ടര്‍ക്ക് പറയാനില്ലെന്ന് തോന്നി. ഇന്നെന്തായാലും എല്ലാം തന്നെ വിശദമായിത്തന്നെ ചോദിച്ചറിയണം.

പത്തുമണിയാവുന്പോഴേക്ക് അരുണും സുജിത്തും വരും. ഇന്നലെ രാത്രി യാത്ര പറയുന്പോള്‍ അങ്ങിനെയാണ് പറഞ്ഞത്. അവര്‍ വന്നു കഴിഞ്ഞുവേണം തനിക്കു മടങ്ങാന്‍. എത്ര ദിവസം ജോലിയില്‍ നിന്നും അവധിയെടുക്കേണ്ടി വരുമെന്നറിയില്ല. എത്രയായാലും രണ്ടു ദിവസം കൂടുമ്പോള്‍ ഒരു ദിവസം മതിയാവുമായിരിക്കും. അവര്‍ രണ്ടുപേരും മാറി മാറി ഉണ്ടായിരിക്കുമല്ലോ.

ഡോക്ടറുടെ മുറിയുടെ വാതില്‍ക്കല്‍ മുന്നു നാലുപേര്‍ നില്‍ക്കുന്നുണ്ട്. സംശയം തീര്‍ക്കാനായി അവരോട് ചോദിച്ചു.

ഡോക്ടര്‍ എത്തിയില്ലേ ?

ഉവ്വ്, വന്നിട്ട് പത്തു മിനിട്ടായി.

നഴ്സ് പുറത്തേക്കു വന്നപ്പോള്‍ കാര്യം അറിയിച്ചു. 'വിളിക്കാം ഇവിടെ വെയിറ്റ് ചെയ്യൂ' എന്നറിയിച്ച് അവര്‍ അകത്തേക്കു തന്നെ മടങ്ങി.

'എന്തായിരിക്കും ഡോക്ടര്‍ പറയാന്‍ പോകുന്നത് !' പ്രാര്‍ത്ഥനയോടെ കാത്തു നിന്നു.

നിമിഷങ്ങള്‍ക്കിപ്പോള്‍ മണിക്കൂറുകളേക്കാള്‍ ദൈര്‍ഘ്യം തോന്നുന്നു. ഓരോ ഹൃദയമിടിപ്പും പെരുന്പറ മുഴക്കം പോലെ അനുഭവപ്പെടുന്നു. നില്‍ക്കാന്‍ തന്‍റെ കാലുകള്‍ക്കു കരുത്തില്ലെന്ന് തോന്നിത്തുടങ്ങി. 'ഈശ്വരാ.. നല്ലതു മാത്രം വരുത്തണേ..'

അകത്തേക്കു വരൂ.., നഴ്സ് വന്നു വിളിച്ചു.

കണ്ണട വെച്ച് സ്വതവേ ഗൗരവക്കാരനായ ഡോക്ടര്‍. ചുറ്റിലും  രണ്ടു മൂന്നു പേര്‍ ഇരിക്കുന്നുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാര്‍ ആയിരിക്കാം.

"സുനിലിന്‍റെ ആരായിട്ട് വരും ?"

"അവന്‍റെ കൂട്ടുകാരനാണ്."

"വീട്ടുകാരെ വിവരമറിയിച്ചിട്ടില്ലേ. ?" ചോദ്യം അല്പം കര്‍ക്കശമായിത്തോന്നി.

"അവനു വീട്ടുകാരായി ആരുമില്ല. വളര്‍ന്നതെല്ലാം ഒരു ഓര്‍ഫനേജിലാണ്. അവിടെ അറിയിക്കേണ്ടെന്നാണ് ഞങ്ങള്‍ കരുതിയത്."

ഡോക്ടറുടെ മുഖം ഒന്നു പതറിയായി തോന്നി. ശബ്ദം അല്‍പ്പം മൃദുവായി തോന്നി.

"ശ്രദ്ധിച്ച് കേള്‍ക്കണം. സുനിലിന്‍റെ കാര്യം അല്‍പ്പം വിഷമമാണ്. നട്ടെല്ലിന് ഏറ്റ പരിക്ക് സാരമുള്ളാണ്. എന്തായാലും എഴുന്നേറ്റിരിക്കാന്‍ ഒരുപാട് സമയമെടുക്കും. ചിലപ്പോള്‍ ഇനി തീരെ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞെന്നും വരില്ല. റിക്കവര്‍ ചെയ്യാനുള്ള ചാന്‍സ് ഇപ്പോള്‍ വളരെ കുറവാണ്...."
ഡോക്ടര്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞെന്നു തോന്നുന്നു. ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഒരുതരം ഭയം, മരവിപ്പ്..

ഡോക്ടറുടെ മുറിയില്‍ നിന്ന് എങ്ങിനേയോ പുറത്തേക്ക് ഇറങ്ങി.

ഇനി എന്ത് എന്ന ചോദ്യം മുന്നില്‍ നില്‍ക്കുന്നു.

എത്രകാലം തനിക്ക് അവനെ നോക്കി കൂടെ നില്‍ക്കാന്‍ കഴിയും ? ഇനി അഥവാ അവനൊരിക്കലും എഴുന്നേല്‍ക്കില്ലെങ്കില്‍.. ?

സുജിത്തും അരുണും ? ഇതറിയുന്പോള്‍ എന്തായിരിക്കും അവരുടെ പ്രതികരണം ?

സൗഹൃദങ്ങള്‍ അവസാനിക്കുന്നത് അത് വെറും ബാദ്ധ്യത മാത്രമായിത്തീരുമ്പോഴാണോ?

ചോദ്യങ്ങള്‍ ഉത്തരമില്ലാതെ ഉയരുന്നു.

അകലെ നിന്നിപ്പോള്‍ ആ അന്ധഗായകന്‍റെ പാട്ട് മെല്ലെ കേള്‍ക്കുന്നുണ്ട്.

"സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം.. ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം.."

--- # --- # ---

Tuesday, September 9, 2014

കത്ത്

വിലാസം മാറി തന്നിലേക്കെത്തിയ വെറുമൊരു എഴുത്ത്. അത്രമാത്രമാണ് നിലത്തുനിന്നും ആ കത്തെടുക്കുമ്പോൾ അയാള് ചിന്തിച്ചത്.

കവറിനു പുറത്ത് പരിചിതമായ അക്ഷരങ്ങളിൽ തൻറെ പേര് !

ഇതെനിക്ക് തന്നെയോ ? അയാളിൽ ആകാംക്ഷ നിറഞ്ഞു.

കത്ത് തുറന്ന് അക്ഷരങ്ങളിലേക്ക് കണ്ണോടിക്കവേ അയാളുടെ മനസ്സിൽ ആധിയേറി.

ഒരു നിമിഷത്തിൽ അയാൾ തിരിച്ചറിയുന്നു. അമ്മ ! ഒരു ഗദ്ഗദം വന്നലയ്ക്കുന്നു. കണ്ണുകൾ താനേ നിറയുന്നു.

നെഞ്ചിടിപ്പിന്റെ അകമ്പടിയോടെയാണ് പിന്നീടങ്ങോട്ട് വരികളോരോന്നും അയാള് വായിച്ചു തീർത്തത്. കണ്ണീരിൽ കുതിർന്ന, വാത്സല്ല്യത്തിന്റെ മധുരമുള്ള അക്ഷരങ്ങൾ.

ഇനിയും തനിക്കായി കാത്തിരിക്കുന്നെന്നോ, അമ്മ ?!

കണ്ണും, മനസ്സും ചെല്ലാത്തത്ര ദൂരെ നിന്നും തന്നെ തേടിയെത്തിയ അക്ഷരങ്ങൾക്ക് ഇന്ധനം മാതൃസ്നേഹം മാത്രമാണെന്നു അയാള് തിരിച്ചറിയുന്നു. ആത്മീയമോക്ഷം തിരഞ്ഞു യാത്ര ചെയ്യുന്ന അയാളിലെ 'അപഥ സഞ്ചാരി' തലകുനിക്കുന്നു. 

Sunday, November 3, 2013

വഴികാട്ടികൾ

നിഴല് പോലും
കൂട്ടിനില്ലാത്ത ഇരുട്ടിലാണ്
പലപ്പോഴും ഓർമ്മകൾ വന്ന്‌
വെട്ടം പകരുന്നത്.

വലിയ കുട്ടിയായാൽ പിന്നെ
കണ്ണ് നിറയരുതെന്ന് 
ഇരുട്ടിൽ എങ്ങോ ഇരുന്ന്‌
അമ്മ എന്നോട് മാത്രമായി പറയും.

മനസ്സില് ഭയം ഉരുണ്ടുകൂടി
കനക്കുമ്പോൾ, എന്ത് വന്നാലും
ഒറ്റയ്ക്ക് നേരിടണമെന്ന്,
അച്ഛന്റെ മുരടനക്കം
വല്ലാതെ ധൈര്യപ്പെടുത്തും.   

മുന്നിലൊരു വഴിയും
തെളിയാതെ വരുമ്പോൾ,
എന്നോ പുറത്തു തട്ടി അഭിനന്ദിച്ച
ഒരദ്ധ്യാപകന്റെ മുഖം
ചൂട്ടു കത്തിച്ചു മുമ്പേ നടക്കും.
ഉത്തരം കിട്ടാത്ത
ഒരുപാട് ചോദ്യങ്ങള്ക്ക്
സ്വയം ഉത്തരം തേടി പിടിച്ച്
ഞാൻ വീണ്ടും മിടുക്കനാവും.

----

Wednesday, June 19, 2013

കളിയാരവങ്ങൾ.


കൈകോർത്തു നടന്ന ഞങ്ങൾ കൂട്ടുകാർ തമ്മിൽ കൊയ്ത്തു കഴിഞ്ഞ പാടത്ത് കവുങ്ങിൻ തടിയിൽ തീർത്ത രണ്ടു ഗോൾപോസ്റ്റുകൾക്ക്‌ മദ്ധ്യേ പരസ്പരം പോരാടിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

വേനൽ ചൂടിന്റെ കാഠിന്യം തെല്ലും കൂസാതെ സന്ധ്യമയങ്ങും വരെ കളിക്കളത്തിൽ മത്സരിച്ചൊടുവിൽ വിയര്പ്പ് വറ്റാൻ തോട്ടിൻ മുകളിലെ പാലത്തിൽ ചെന്നിരിക്കും. അവനവന്റെ ടീമിന്റെ അന്നത്തെ പ്രകടനത്തെ പുകഴ്ത്തി കലപില കൂട്ടി അങ്ങനെ അങ്ങനെ നേരം ഇരുട്ടും.

വിശ്രമ ശേഷം കുളിക്കാനായി വീടുകളിലേക്ക് മടങ്ങും മുൻപേ അന്നത്തെ അടുത്ത ഉദ്യോഗത്തെക്കുറിച്ച് തീരുമാനിച്ചുറപ്പിച്ചിരിക്കും. അങ്ങാടിയിലെ തട്ടുകടയിൽ ചെന്ന് ഭക്ഷണം, സെവന്സ് കളി കാണൽ,  സെക്കന്റ്‌ ഷോ സിനിമ, ദേശത്തെ ഏതെങ്കിലും ക്ഷേത്രത്തിൽ വേലയോ, പൂരമോ ഉണ്ടെങ്കിൽ അത്;  ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ എതെങ്കിലുമൊന്നിനു നറുക്ക് വീഴും.

കുളിയെല്ലാം കഴിഞ്ഞ് ഉടുത്തൊരുങ്ങി ഇറങ്ങുമ്പോൾ "എവിടെക്കാ ഇനി നിന്റെ പടപ്പുറപ്പാടെ"ന്ന വീട്ടില് നിന്നുയരുന്ന ചോദ്യത്തിന് "ഞങ്ങളാ കടയുടെ മുന്നില് കാണും" എന്ന പതിവ് മറുപടിയുമായി പടിയിറക്കം.

മിക്കവാറും സെവന്സ് മത്സരത്തിന്റെ ആവേശത്തിലേക്ക് തന്നെയായിരിക്കും ഞങ്ങളുടെ വഴി നീളുന്നത്. അന്നത്തെ ബദ്ധവൈരികളായ "സൂപ്പർ സ്റ്റുഡിയോ മലപ്പുറ"ത്തിന്റെയും, "ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് കോഴിക്കൊടിന്റെ"യും കറതീർന്ന ആരാധകർ ആയിരുന്നല്ലോ ഞങ്ങൾ !

ഓരോ ചടുല നീക്കങ്ങൾക്കും ആർപ്പു വിളികളോടെ പിന്തുണ നല്കുന്ന ഗ്യാലറിയിലെ ഏതെങ്കിലുമൊരു കോണിൽ ഞങ്ങളുടെ ആവേശവും, ആക്രോശങ്ങളും അണപൊട്ടിയൊഴുകും. കളിയുടെ ആദ്യ പകുതി കഴിഞ്ഞുള്ള ഇടവേളയിൽ ഞങ്ങളുടെ പിന്തുണ 'നേരിട്ട്' കളിക്കാരെ അറിയിക്കുന്നതിനായി കളർ ഐസും നുണഞ്ഞ് കൊണ്ട് പതിയെ ഗ്രൌണ്ടിലേക്ക് ഇറങ്ങും.

കളി തീർന്നാൽ പിന്നെ പിറന്ന ഗോളുകളെയെല്ലാം ഞങ്ങൾ സൌകര്യപൂര്വ്വം മാറ്റി നിര്ത്തും. അവസരങ്ങൾ നഷ്ടപ്പെടുത്തിയ കളിക്കാരുടെ ജെര്സി നമ്പർ ഓർത്തെടുത്ത് കടുത്ത ഭാഷയിൽ വിമര്ശിച്ചു കൊണ്ട് കൂട്ടത്തോടെ തിരിച്ചു നടക്കും.

ഫുട്ബാളിന്റെ ആവേശം ഞങ്ങളിൽ ആളിക്കത്തിയ ദിനങ്ങൾ. ആരാധനയുടെ മൂർദ്ധന്യത്തിൽ സ്പോര്ട്സ് മാസികയിൽ നിന്നും വെട്ടിയെടുത്ത കളിക്കാരുടെ ചിത്രങ്ങൾ വീടിന്റെ ചുമരിലും, മതിലിലുമെല്ലാം ഒട്ടിച്ചു വെച്ചതിനു വൃത്തിയായി പഴി കേള്ക്കുന്ന സമയം !

ഓരോ ലോകകപ്പും തുടങ്ങാൻ ഞങ്ങൾ കാത്തുകാത്തിരുന്നു. കൊണ്ടുപിടിച്ച്‌ ഉത്സവമാക്കിയ 2002ലെ ലോകകപ്പ്‌  ഓർമ്മയിൽ മായാതെ നില്ക്കുന്നു.

മത്സരങ്ങൾ ഒരിടത്ത് ഒരുമിച്ചിരുന്നു കാണുവാൻ ഞങ്ങളിൽ മുതിർന്നവരാണ് സൌകര്യമൊരുക്കാറ്. ഏതു പാതിരാത്രിക്ക് നടക്കുന്ന മത്സരങ്ങളും കൊട്ടും കുരവയുമായി മതി മറന്നു കാണാം.  പ്രിയ താരങ്ങളുടെ ഓരോ നീക്കത്തിനും ആവേശത്തിന്റെ ആർപ്പുവിളികൾ.

ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരെന്ന അഹന്തയുമായെത്തിയ ഫ്രാൻസിനെ സെനഗൽ മറികടന്ന രാത്രി ഞങ്ങള്ക്ക് ആഘോഷത്തിന്റെതായിരുന്നു. കറുത്ത കുതിരകൾക്ക് ജയ്‌ വിളിച്ച് ഞങ്ങൾ അന്നുതന്നെ ഫ്രാൻസിന്റെ ശവമടക്കും നടത്തി !

കാലം നീങ്ങും തോറും കൂട്ടത്തിൽ നിന്നും ഓരോരുത്തരും അതിജീവനത്തിനായി അകന്നു പൊയ്ക്കൊണ്ടിരുന്നു. എങ്കിലും ഓരോ അവധി സമയങ്ങളിലും കഴിയുന്നത്ര പേര് പഴയ കൂട്ടത്തിലേക്ക്, ലഹരിയിലേക്ക് മടങ്ങിയെത്തുമായിരുന്നു.

നാടും കൂട്ടും വിട്ടുള്ള ഒറ്റപെടൽ എത്ര സങ്കടകരമാണെന്ന് ഒരിക്കൽ കാലം എന്നെയും പഠിപ്പിച്ചു. ആദ്യത്തെ അമ്പരപ്പിൽ നിന്ന് പതിയെ മുക്തനായതോടെ പുതിയ സൌഹൃദങ്ങൾ ഇതൾ വിരിഞ്ഞു തുടങ്ങി. എങ്കിലും ഒന്നിച്ചു കളിച്ചു വളര്ന്ന ബന്ധങ്ങളുടെ ഇഴയടുപ്പം തിരിച്ചു കിട്ടില്ലല്ലോ.

ഇന്നിതാ മുന്നിലെ വലിയ സ്ക്രീനിൽ  വാശിയുള്ള ഫുട്ബാൾ മത്സരം നടക്കുകയാണ്. വേഗവും, സാങ്കേതിക തികവും, ഒരു പിടി സൂപ്പര് താരങ്ങളും; ഇല്ല ഇരു ടീമും ഒപ്പത്തിനൊപ്പം തന്നെ !

എങ്കിലും എവിടെയോ നഷ്ടപ്പെട്ട ആ പഴയ ആവേശം എനിക്ക് ഇപ്പോഴും തിരിച്ചു കിട്ടിയിട്ടില്ല. ബാറിനു മുകളിലൂടെ പറന്ന പന്തിനെ നോക്കി തലയിൽ കൈവെച്ചു അലറാൻ എന്തോ തോന്നുന്നില്ല, ഓരോ ഗോളിന്റെയും ആഘോഷം ഒരു ചെറു കൈയ്യടി മാത്രമായി ഒതുങ്ങുന്നു.

ഒന്നും നഷ്ടപ്പെട്ടില്ലെന്നതൊക്കെ വെറും തോന്നൽ മാത്രമായി അവശേഷിക്കുന്നു. ഈ യാത്രയിൽ എവിടെയൊക്കെയോ, എന്തൊക്കെയോ  കൈവിട്ടു പോയിരിക്കുന്നു, തീര്ച്ച...

---  ---  ---

Thursday, May 30, 2013

മഴ പെയ്യുന്നല്ലേ !

യാത്ര പറഞ്ഞ വേളയിൽ
നിന് മിഴികളിൽ കണ്ടതാണ്
തേങ്ങി നിന്നൊരു മഴ !

നിന്റെ കണ്ണിൽ നിന്ന്
അന്ന് പകര്ന്നതാണ്
എന്റെ ഹൃദയത്തിലേക്ക്
തോരാത്ത പെരുമഴ !

പുറത്തു പെയ്യുന്ന
മഴയെക്കുറിച്ചു പറഞ്ഞു നീ
ഇന്നു ചിരിക്കുമ്പോൾ
എന്റെ മനസ്സിൽ ഇതുവരെ
പെയ്ത മഴ പതിയെ തോരുകയാണ്.