Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Friday, January 16, 2015

വഴിത്തിരിവുകള്‍

അനന്ത നഗരി പതിയെ കണ്ണു തുറക്കുന്നതെയുള്ളൂ, അവിടവിടെയായി കെട്ടിക്കിടക്കുന്ന ചെളിവെള്ളം രാത്രി പെയ്ത മഴയെ  ഓർമ്മിപ്പിച്ചു.
മെഡിക്കൽ കോളേജ് പരിസരം പതിവ് തെറ്റിയ്ക്കാതെ നേരത്തെത്തന്നെ ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. ആഴ്ച-ദിവസങ്ങൾ വ്യത്യാസമില്ലാത്ത ഇവിടെ എല്ലാം സ്ഥിരം കാഴ്ചകളാണ്.

യന്ത്രങ്ങളെപ്പോലെ പ്രവർത്തിക്കുന്ന ഒരുകൂട്ടം ആളുകൾ ധൃതിയിൽ നടക്കുന്നു. അത്ഭുതം തോന്നും! അവരെല്ലാവർക്കും ഇവിടെ ഒരേ മുഖമാണ്, ഒരേ ഭാവവും. തീക്കനൽ കോരിയിട്ട മനസ്സുമായി നടക്കുന്ന വിഷാദഛായയുള്ള മനുഷ്യര്‍!

ഇടതടവില്ലാതെ മുഴങ്ങിക്കേള്‍ക്കുന്ന ആംബുലന്‍സുകളുടെ സൈറണ്‍ ഇവിടുത്തുകാര്‍ക്ക് ചിരപരിചിതമായിരിക്കും ?! അലമുറയിട്ടുകൊണ്ട് ഓടിയണയുന്ന ഓരോ വാഹനങ്ങളില്‍ നിന്നും പ്രാണനായ് പിടയുന്ന ദേഹങ്ങള്‍ പുറത്തിറക്കുന്നു. നിസ്സംഗതയോടെ ഒന്നു നോക്കുവാന്‍ പോലും ആരും തുനിയുന്നില്ലെന്നത് തികച്ചും ആകുലപ്പെടുത്തും.

ദൈവസന്നിധിയിലെ മാലാഖമാരെപ്പോലെ തോന്നിപ്പിക്കുന്ന തൂവെള്ള വസ്ത്രം ധരിച്ചവര്‍ ഇരുകയ്യും നീട്ടി ശുശ്രൂഷക്കായി ഓടിയടുക്കുന്നു. പുഞ്ചിരിയോടെ മടങ്ങുന്ന അവരോരുത്തരുടേയും ചുണ്ടില്‍ പുനരുജ്ജീവിപ്പിക്കുന്ന ഏതോ മന്ത്രം തത്തിക്കളിക്കുന്നതായി തോന്നും.

തീര്‍ച്ചയായുമിത് മറ്റൊരു ലോകമാണ്. ദൈവം തിരികെ വിളിക്കുന്ന പ്രാണനെ  പിടിച്ചു നിര്‍ത്തി ഒരവധി കൂടി നീട്ടിച്ചോദിക്കുന്ന ഇടം.

വെയിലുദിച്ചു തുടങ്ങി. വിശപ്പിന്‍റെ വിളി അറിഞ്ഞു തുടങ്ങിയപ്പോഴാണ് ഓര്‍ത്തത്, ഇന്നലെ രാത്രി ഒന്നും കഴിച്ചിട്ടില്ല. ആശുപത്രി സമീപത്തുനിന്നും ആഹാരം കഴിക്കാന്‍ മനസ്സു വരുന്നില്ല. സാവധാനത്തില്‍ പുറത്തേക്ക് നടന്നു.

ജീവിതത്തിലാദ്യമായാണ് ഒരു രാത്രി ആശുപത്രിയില്‍ കഴിച്ചു കൂട്ടുന്നത്. ആശുപത്രികളില്‍ എവിടേയും നിറഞ്ഞു നില്‍ക്കുന്നത് ഒരേ ഗന്ധമാണ്. പല പല ആവശ്യങ്ങള്‍ക്കായി വന്നു പോയപ്പോഴൊക്കെയും അതു വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. പക്ഷേ ഇന്നലെ രാത്രി മുതല്‍ എങ്ങിനെയോ അതിനോട്  പൊരുത്തപ്പെട്ടിരിക്കുന്നു. അപരിചിതത്വം തോന്നിപ്പിക്കുന്ന ഒന്നും തന്നെ ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നില്ല. എത്ര വേഗമാണ് നാം സാഹചര്യങ്ങളോട് ഇണങ്ങുന്നത് !

മെഡിക്കല്‍ കോളേജ് കവാടത്തിന്‍റെ ഇരുവശങ്ങളും കച്ചവടക്കാര്‍ സ്വന്തമാക്കിയിരിക്കുന്നു. ഭക്ഷണപ്പൊതികളും കുടിവെള്ളവും മുതല്‍ ലോട്ടറി ടിക്കറ്റുകള്‍ വരെ അവിടെ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്.  'ആരായിരിക്കും ആശുപത്രി കവാടത്തില്‍ വെച്ച് തന്‍റെ ഭാഗ്യം പരീക്ഷിക്കാന്‍ തുനിയുക ?!'

പരിചിതമായ ഏതോ പാട്ടിന്‍റെ ഈണം കേള്‍ക്കുന്നു. റോഡരികിലെ ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ നിന്ന് ആരോ പാടുന്നുണ്ട്. ആകാംക്ഷയോടെ അടുത്തേക്ക് ചെന്നു.

മനോഹരമായ ശബദ്ധത്തില്‍ ഒരു അന്ധഗായകന്‍ മതി മറന്നു പാടുകയാണ്. മുന്നില്‍ രണ്ടു ചെറിയ ബക്കറ്റുകള്‍ വെച്ചിട്ടുണ്ട്. കൂടി നില്‍ക്കുന്നവരില്‍ പലരും അതിലേക്ക് നാണയത്തുട്ടുകള്‍ വലിച്ചെറിയുന്നു.

"അലയും കാറ്റിന്‍ ഹൃദയം അരയാല്‍ കൊമ്പില്‍ തേങ്ങീ..." വളരെ അനായാസമായാണ് അയാള്‍ പാടുന്നത്. നിത്യേനയുള്ള ആലാപനമായിരിക്കാം അയാളിലെ താളവും ശ്രുതിബോധവും ഇത്രയേറെ മിനുക്കിയെടുത്തത്.
ആരെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നതോ, തനിക്കു മുന്നിലെ ബക്കറ്റില്‍ വീഴുന്ന നാണയത്തുട്ടുകള്‍ എത്രയെന്നതോ നോക്കാതെ അയാള്‍ നിര്‍ത്താതെ പാടിക്കൊണ്ടിരിക്കുന്നു.

കൈകഴിയിരുന്ന് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തു. സാമാന്യം നന്നായിത്തന്നെ വിശക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് എന്തെങ്കിലും കഴിച്ചതാണ്. ഊണു കഴിഞ്ഞ് കൈ കഴുകുന്പോഴായിരുന്നു അപകട വിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ എത്തിയത്.

കൂട്ടത്തിലൊരുത്തന് അരുതാത്തത് സംഭവിച്ചുവെന്ന വാര്‍ത്ത വല്ലാത്ത ഞെട്ടലാണ് ആദ്യം തന്നത്.
അപ്പോഴേക്കും അപകടം നടന്ന് രണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചതുകൊണ്ടുമാത്രമാണ് ജീവന്‍ രക്ഷിക്കാനായതു പോലും !

എത്ര വേഗത്തില്‍, എത്ര കൃത്യതയോടെയാണ് ദൈവത്തിന്‍റെ കരുനീക്കങ്ങള്‍. 'എല്ലാമറിയുന്ന' മനുഷ്യന്‍ പോലും അവന്‍റെ കയ്യടക്കത്തിനു മുന്നില്‍ വെറും നിസ്സാരനായി മാറുന്നു. തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിന്‍റെ ചെറിയ സൂചന പോലും ചില അവസരങ്ങളില്‍ നമുക്ക് അന്യമാവുന്നു.

അനാഥാലയത്തിന്‍റെ ഏകാന്തതയില്‍ നിന്നും മോചിതനായത് ഉള്ളു തുറക്കാന്‍ പറ്റിയ സൗഹൃദങ്ങള്‍ കിട്ടിയപ്പോഴാണെന്ന് അവന്‍ പറഞ്ഞിരുന്നത് ഓര്‍മ്മ വരുന്നു. അനാഥത്വം എന്ന വാക്കിന് എത്രത്തോളം ആഴമുണ്ടെന്നറിയാത്ത തങ്ങളാരും അതൊട്ടും ഗൗനിക്കാറുണ്ടായിരുന്നില്ല.

ഈ അവസ്ഥയിലും ഒരു വാക്കും ശബ്ദിക്കാതെ കിടന്ന് അവന്‍ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുന്നത് അതിന്‍റെ കഠിനതയെ കുറിച്ചു തന്നെയാണല്ലോ!

വിളിച്ചറിയിക്കാനായി ആകെയുള്ളത് അവന്‍ വളര്‍ന്ന ഓര്‍ഫനേജില്‍ ആണ്. ഇങ്ങനെയൊരവസരത്തില്‍ തങ്ങള്‍ അതുവേണ്ടെന്ന് തീരുമാനിച്ചത് അവനിഷ്ടപ്പെടില്ലെന്നു കരുതിയാണ്. സന്തോഷങ്ങള്‍ പങ്കുവെക്കാനായി മാത്രമേ അവനിപ്പോള്‍ അവിടേക്ക് പോകാറുള്ളൂ. വിഷമങ്ങളും പരാതികളും കൊണ്ട് ഒരിക്കലും ഇനിയങ്ങോട്ട് ചെല്ലരുതെന്ന് അവന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.

ഭക്ഷണം കഴിച്ച് വേഗം ഇറങ്ങി. ആദ്യം തന്നെ ഡോക്ടറെ കാണണം. ഇന്നലെ ഓപ്പറേഷന്‍ തിയ്യേറ്ററില്‍ നിന്ന് അവനെ നേരേ ഐ.സി.യുവിലേക്കാണ് മാറ്റിയത്.

'എന്തെങ്കിലും പറയണമെങ്കില്‍ ബോധം തെളിയണം.' അതിലധികമൊന്നും ഡോക്ടര്‍ക്ക് പറയാനില്ലെന്ന് തോന്നി. ഇന്നെന്തായാലും എല്ലാം തന്നെ വിശദമായിത്തന്നെ ചോദിച്ചറിയണം.

പത്തുമണിയാവുന്പോഴേക്ക് അരുണും സുജിത്തും വരും. ഇന്നലെ രാത്രി യാത്ര പറയുന്പോള്‍ അങ്ങിനെയാണ് പറഞ്ഞത്. അവര്‍ വന്നു കഴിഞ്ഞുവേണം തനിക്കു മടങ്ങാന്‍. എത്ര ദിവസം ജോലിയില്‍ നിന്നും അവധിയെടുക്കേണ്ടി വരുമെന്നറിയില്ല. എത്രയായാലും രണ്ടു ദിവസം കൂടുമ്പോള്‍ ഒരു ദിവസം മതിയാവുമായിരിക്കും. അവര്‍ രണ്ടുപേരും മാറി മാറി ഉണ്ടായിരിക്കുമല്ലോ.

ഡോക്ടറുടെ മുറിയുടെ വാതില്‍ക്കല്‍ മുന്നു നാലുപേര്‍ നില്‍ക്കുന്നുണ്ട്. സംശയം തീര്‍ക്കാനായി അവരോട് ചോദിച്ചു.

ഡോക്ടര്‍ എത്തിയില്ലേ ?

ഉവ്വ്, വന്നിട്ട് പത്തു മിനിട്ടായി.

നഴ്സ് പുറത്തേക്കു വന്നപ്പോള്‍ കാര്യം അറിയിച്ചു. 'വിളിക്കാം ഇവിടെ വെയിറ്റ് ചെയ്യൂ' എന്നറിയിച്ച് അവര്‍ അകത്തേക്കു തന്നെ മടങ്ങി.

'എന്തായിരിക്കും ഡോക്ടര്‍ പറയാന്‍ പോകുന്നത് !' പ്രാര്‍ത്ഥനയോടെ കാത്തു നിന്നു.

നിമിഷങ്ങള്‍ക്കിപ്പോള്‍ മണിക്കൂറുകളേക്കാള്‍ ദൈര്‍ഘ്യം തോന്നുന്നു. ഓരോ ഹൃദയമിടിപ്പും പെരുന്പറ മുഴക്കം പോലെ അനുഭവപ്പെടുന്നു. നില്‍ക്കാന്‍ തന്‍റെ കാലുകള്‍ക്കു കരുത്തില്ലെന്ന് തോന്നിത്തുടങ്ങി. 'ഈശ്വരാ.. നല്ലതു മാത്രം വരുത്തണേ..'

അകത്തേക്കു വരൂ.., നഴ്സ് വന്നു വിളിച്ചു.

കണ്ണട വെച്ച് സ്വതവേ ഗൗരവക്കാരനായ ഡോക്ടര്‍. ചുറ്റിലും  രണ്ടു മൂന്നു പേര്‍ ഇരിക്കുന്നുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാര്‍ ആയിരിക്കാം.

"സുനിലിന്‍റെ ആരായിട്ട് വരും ?"

"അവന്‍റെ കൂട്ടുകാരനാണ്."

"വീട്ടുകാരെ വിവരമറിയിച്ചിട്ടില്ലേ. ?" ചോദ്യം അല്പം കര്‍ക്കശമായിത്തോന്നി.

"അവനു വീട്ടുകാരായി ആരുമില്ല. വളര്‍ന്നതെല്ലാം ഒരു ഓര്‍ഫനേജിലാണ്. അവിടെ അറിയിക്കേണ്ടെന്നാണ് ഞങ്ങള്‍ കരുതിയത്."

ഡോക്ടറുടെ മുഖം ഒന്നു പതറിയായി തോന്നി. ശബ്ദം അല്‍പ്പം മൃദുവായി തോന്നി.

"ശ്രദ്ധിച്ച് കേള്‍ക്കണം. സുനിലിന്‍റെ കാര്യം അല്‍പ്പം വിഷമമാണ്. നട്ടെല്ലിന് ഏറ്റ പരിക്ക് സാരമുള്ളാണ്. എന്തായാലും എഴുന്നേറ്റിരിക്കാന്‍ ഒരുപാട് സമയമെടുക്കും. ചിലപ്പോള്‍ ഇനി തീരെ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞെന്നും വരില്ല. റിക്കവര്‍ ചെയ്യാനുള്ള ചാന്‍സ് ഇപ്പോള്‍ വളരെ കുറവാണ്...."
ഡോക്ടര്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞെന്നു തോന്നുന്നു. ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഒരുതരം ഭയം, മരവിപ്പ്..

ഡോക്ടറുടെ മുറിയില്‍ നിന്ന് എങ്ങിനേയോ പുറത്തേക്ക് ഇറങ്ങി.

ഇനി എന്ത് എന്ന ചോദ്യം മുന്നില്‍ നില്‍ക്കുന്നു.

എത്രകാലം തനിക്ക് അവനെ നോക്കി കൂടെ നില്‍ക്കാന്‍ കഴിയും ? ഇനി അഥവാ അവനൊരിക്കലും എഴുന്നേല്‍ക്കില്ലെങ്കില്‍.. ?

സുജിത്തും അരുണും ? ഇതറിയുന്പോള്‍ എന്തായിരിക്കും അവരുടെ പ്രതികരണം ?

സൗഹൃദങ്ങള്‍ അവസാനിക്കുന്നത് അത് വെറും ബാദ്ധ്യത മാത്രമായിത്തീരുമ്പോഴാണോ?

ചോദ്യങ്ങള്‍ ഉത്തരമില്ലാതെ ഉയരുന്നു.

അകലെ നിന്നിപ്പോള്‍ ആ അന്ധഗായകന്‍റെ പാട്ട് മെല്ലെ കേള്‍ക്കുന്നുണ്ട്.

"സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം.. ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം.."

--- # --- # ---

Tuesday, September 9, 2014

കത്ത്

വിലാസം മാറി തന്നിലേക്കെത്തിയ വെറുമൊരു എഴുത്ത്. അത്രമാത്രമാണ് നിലത്തുനിന്നും ആ കത്തെടുക്കുമ്പോൾ അയാള് ചിന്തിച്ചത്.

കവറിനു പുറത്ത് പരിചിതമായ അക്ഷരങ്ങളിൽ തൻറെ പേര് !

ഇതെനിക്ക് തന്നെയോ ? അയാളിൽ ആകാംക്ഷ നിറഞ്ഞു.

കത്ത് തുറന്ന് അക്ഷരങ്ങളിലേക്ക് കണ്ണോടിക്കവേ അയാളുടെ മനസ്സിൽ ആധിയേറി.

ഒരു നിമിഷത്തിൽ അയാൾ തിരിച്ചറിയുന്നു. അമ്മ ! ഒരു ഗദ്ഗദം വന്നലയ്ക്കുന്നു. കണ്ണുകൾ താനേ നിറയുന്നു.

നെഞ്ചിടിപ്പിന്റെ അകമ്പടിയോടെയാണ് പിന്നീടങ്ങോട്ട് വരികളോരോന്നും അയാള് വായിച്ചു തീർത്തത്. കണ്ണീരിൽ കുതിർന്ന, വാത്സല്ല്യത്തിന്റെ മധുരമുള്ള അക്ഷരങ്ങൾ.

ഇനിയും തനിക്കായി കാത്തിരിക്കുന്നെന്നോ, അമ്മ ?!

കണ്ണും, മനസ്സും ചെല്ലാത്തത്ര ദൂരെ നിന്നും തന്നെ തേടിയെത്തിയ അക്ഷരങ്ങൾക്ക് ഇന്ധനം മാതൃസ്നേഹം മാത്രമാണെന്നു അയാള് തിരിച്ചറിയുന്നു. ആത്മീയമോക്ഷം തിരഞ്ഞു യാത്ര ചെയ്യുന്ന അയാളിലെ 'അപഥ സഞ്ചാരി' തലകുനിക്കുന്നു. 

Wednesday, June 19, 2013

കളിയാരവങ്ങൾ.


കൈകോർത്തു നടന്ന ഞങ്ങൾ കൂട്ടുകാർ തമ്മിൽ കൊയ്ത്തു കഴിഞ്ഞ പാടത്ത് കവുങ്ങിൻ തടിയിൽ തീർത്ത രണ്ടു ഗോൾപോസ്റ്റുകൾക്ക്‌ മദ്ധ്യേ പരസ്പരം പോരാടിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

വേനൽ ചൂടിന്റെ കാഠിന്യം തെല്ലും കൂസാതെ സന്ധ്യമയങ്ങും വരെ കളിക്കളത്തിൽ മത്സരിച്ചൊടുവിൽ വിയര്പ്പ് വറ്റാൻ തോട്ടിൻ മുകളിലെ പാലത്തിൽ ചെന്നിരിക്കും. അവനവന്റെ ടീമിന്റെ അന്നത്തെ പ്രകടനത്തെ പുകഴ്ത്തി കലപില കൂട്ടി അങ്ങനെ അങ്ങനെ നേരം ഇരുട്ടും.

വിശ്രമ ശേഷം കുളിക്കാനായി വീടുകളിലേക്ക് മടങ്ങും മുൻപേ അന്നത്തെ അടുത്ത ഉദ്യോഗത്തെക്കുറിച്ച് തീരുമാനിച്ചുറപ്പിച്ചിരിക്കും. അങ്ങാടിയിലെ തട്ടുകടയിൽ ചെന്ന് ഭക്ഷണം, സെവന്സ് കളി കാണൽ,  സെക്കന്റ്‌ ഷോ സിനിമ, ദേശത്തെ ഏതെങ്കിലും ക്ഷേത്രത്തിൽ വേലയോ, പൂരമോ ഉണ്ടെങ്കിൽ അത്;  ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ എതെങ്കിലുമൊന്നിനു നറുക്ക് വീഴും.

കുളിയെല്ലാം കഴിഞ്ഞ് ഉടുത്തൊരുങ്ങി ഇറങ്ങുമ്പോൾ "എവിടെക്കാ ഇനി നിന്റെ പടപ്പുറപ്പാടെ"ന്ന വീട്ടില് നിന്നുയരുന്ന ചോദ്യത്തിന് "ഞങ്ങളാ കടയുടെ മുന്നില് കാണും" എന്ന പതിവ് മറുപടിയുമായി പടിയിറക്കം.

മിക്കവാറും സെവന്സ് മത്സരത്തിന്റെ ആവേശത്തിലേക്ക് തന്നെയായിരിക്കും ഞങ്ങളുടെ വഴി നീളുന്നത്. അന്നത്തെ ബദ്ധവൈരികളായ "സൂപ്പർ സ്റ്റുഡിയോ മലപ്പുറ"ത്തിന്റെയും, "ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് കോഴിക്കൊടിന്റെ"യും കറതീർന്ന ആരാധകർ ആയിരുന്നല്ലോ ഞങ്ങൾ !

ഓരോ ചടുല നീക്കങ്ങൾക്കും ആർപ്പു വിളികളോടെ പിന്തുണ നല്കുന്ന ഗ്യാലറിയിലെ ഏതെങ്കിലുമൊരു കോണിൽ ഞങ്ങളുടെ ആവേശവും, ആക്രോശങ്ങളും അണപൊട്ടിയൊഴുകും. കളിയുടെ ആദ്യ പകുതി കഴിഞ്ഞുള്ള ഇടവേളയിൽ ഞങ്ങളുടെ പിന്തുണ 'നേരിട്ട്' കളിക്കാരെ അറിയിക്കുന്നതിനായി കളർ ഐസും നുണഞ്ഞ് കൊണ്ട് പതിയെ ഗ്രൌണ്ടിലേക്ക് ഇറങ്ങും.

കളി തീർന്നാൽ പിന്നെ പിറന്ന ഗോളുകളെയെല്ലാം ഞങ്ങൾ സൌകര്യപൂര്വ്വം മാറ്റി നിര്ത്തും. അവസരങ്ങൾ നഷ്ടപ്പെടുത്തിയ കളിക്കാരുടെ ജെര്സി നമ്പർ ഓർത്തെടുത്ത് കടുത്ത ഭാഷയിൽ വിമര്ശിച്ചു കൊണ്ട് കൂട്ടത്തോടെ തിരിച്ചു നടക്കും.

ഫുട്ബാളിന്റെ ആവേശം ഞങ്ങളിൽ ആളിക്കത്തിയ ദിനങ്ങൾ. ആരാധനയുടെ മൂർദ്ധന്യത്തിൽ സ്പോര്ട്സ് മാസികയിൽ നിന്നും വെട്ടിയെടുത്ത കളിക്കാരുടെ ചിത്രങ്ങൾ വീടിന്റെ ചുമരിലും, മതിലിലുമെല്ലാം ഒട്ടിച്ചു വെച്ചതിനു വൃത്തിയായി പഴി കേള്ക്കുന്ന സമയം !

ഓരോ ലോകകപ്പും തുടങ്ങാൻ ഞങ്ങൾ കാത്തുകാത്തിരുന്നു. കൊണ്ടുപിടിച്ച്‌ ഉത്സവമാക്കിയ 2002ലെ ലോകകപ്പ്‌  ഓർമ്മയിൽ മായാതെ നില്ക്കുന്നു.

മത്സരങ്ങൾ ഒരിടത്ത് ഒരുമിച്ചിരുന്നു കാണുവാൻ ഞങ്ങളിൽ മുതിർന്നവരാണ് സൌകര്യമൊരുക്കാറ്. ഏതു പാതിരാത്രിക്ക് നടക്കുന്ന മത്സരങ്ങളും കൊട്ടും കുരവയുമായി മതി മറന്നു കാണാം.  പ്രിയ താരങ്ങളുടെ ഓരോ നീക്കത്തിനും ആവേശത്തിന്റെ ആർപ്പുവിളികൾ.

ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരെന്ന അഹന്തയുമായെത്തിയ ഫ്രാൻസിനെ സെനഗൽ മറികടന്ന രാത്രി ഞങ്ങള്ക്ക് ആഘോഷത്തിന്റെതായിരുന്നു. കറുത്ത കുതിരകൾക്ക് ജയ്‌ വിളിച്ച് ഞങ്ങൾ അന്നുതന്നെ ഫ്രാൻസിന്റെ ശവമടക്കും നടത്തി !

കാലം നീങ്ങും തോറും കൂട്ടത്തിൽ നിന്നും ഓരോരുത്തരും അതിജീവനത്തിനായി അകന്നു പൊയ്ക്കൊണ്ടിരുന്നു. എങ്കിലും ഓരോ അവധി സമയങ്ങളിലും കഴിയുന്നത്ര പേര് പഴയ കൂട്ടത്തിലേക്ക്, ലഹരിയിലേക്ക് മടങ്ങിയെത്തുമായിരുന്നു.

നാടും കൂട്ടും വിട്ടുള്ള ഒറ്റപെടൽ എത്ര സങ്കടകരമാണെന്ന് ഒരിക്കൽ കാലം എന്നെയും പഠിപ്പിച്ചു. ആദ്യത്തെ അമ്പരപ്പിൽ നിന്ന് പതിയെ മുക്തനായതോടെ പുതിയ സൌഹൃദങ്ങൾ ഇതൾ വിരിഞ്ഞു തുടങ്ങി. എങ്കിലും ഒന്നിച്ചു കളിച്ചു വളര്ന്ന ബന്ധങ്ങളുടെ ഇഴയടുപ്പം തിരിച്ചു കിട്ടില്ലല്ലോ.

ഇന്നിതാ മുന്നിലെ വലിയ സ്ക്രീനിൽ  വാശിയുള്ള ഫുട്ബാൾ മത്സരം നടക്കുകയാണ്. വേഗവും, സാങ്കേതിക തികവും, ഒരു പിടി സൂപ്പര് താരങ്ങളും; ഇല്ല ഇരു ടീമും ഒപ്പത്തിനൊപ്പം തന്നെ !

എങ്കിലും എവിടെയോ നഷ്ടപ്പെട്ട ആ പഴയ ആവേശം എനിക്ക് ഇപ്പോഴും തിരിച്ചു കിട്ടിയിട്ടില്ല. ബാറിനു മുകളിലൂടെ പറന്ന പന്തിനെ നോക്കി തലയിൽ കൈവെച്ചു അലറാൻ എന്തോ തോന്നുന്നില്ല, ഓരോ ഗോളിന്റെയും ആഘോഷം ഒരു ചെറു കൈയ്യടി മാത്രമായി ഒതുങ്ങുന്നു.

ഒന്നും നഷ്ടപ്പെട്ടില്ലെന്നതൊക്കെ വെറും തോന്നൽ മാത്രമായി അവശേഷിക്കുന്നു. ഈ യാത്രയിൽ എവിടെയൊക്കെയോ, എന്തൊക്കെയോ  കൈവിട്ടു പോയിരിക്കുന്നു, തീര്ച്ച...

---  ---  ---

Thursday, July 19, 2012

ആരും വാ തുറക്കരുത് !

നട്ടുച്ചയ്ക്ക് സൂര്യന്‍ പുരപ്പുറത്തെ പൊട്ടിയ ഓടിന് ഇടയിലൂടെ മുഖത്തേക്ക് തറപ്പിച്ചു നോക്കിയപ്പോഴാണ് പാപ്പിച്ചേട്ടന്‍ കണ്ണുതുറന്നത് ! തലേരാത്രിയില്‍ തലയ്ക്ക് പിടിച്ച കെട്ട് മുഴുവനായി കണ്ണുകളില്‍ നിന്ന് വിട്ടിട്ടില്ല. ഉടുമുണ്ട് അരയില്‍ മുറുക്കി എഴുന്നേറ്റ് പട്ടി മോങ്ങുന്ന ശബ്ദത്തില്‍ ഒന്ന് കോട്ടുവായിട്ടു ! ദേ.. കട്ടിലിനു കീഴില്‍ നിന്നൊരു പൂച്ച ശരംവിട്ട പോലെ പുറത്തേക്ക് പായുന്നു ! പാപ്പിച്ചേട്ടന്റെ ദിവസം അവിടെ തുടങ്ങി.

പതിവ് ശൈലിയില്‍ വാ തോരാതെ പാട്ടുകള്‍ പാടി ആശാന്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചു. തലേന്നത്തെ 'അങ്ക'ത്തില്‍ മുഷിഞ്ഞ മുണ്ടും ഷര്‍ട്ടും മുക്കിലേക്ക്‌ ചുഴറ്റി എറിഞ്ഞ് അയയില്‍ കിടന്ന അലക്കി വെളുപ്പിച്ചവ എടുത്തിട്ട് കുട്ടപ്പനായി. കണ്ണാടിയില്‍ നോക്കി കൊമ്പന്‍ മീശ മുകളിലേക്ക് ശരിയാം വണ്ണം തെറുത്തു വച്ച് അടുക്കളയിലേക്ക് നടന്നു.

തനിക്കുള്ള ഊണ് പാത്രത്തില്‍ വിളമ്പി അടച്ചു വെച്ചിരിക്കണം, അങ്ങിനെയാണ് പാപ്പിച്ചേട്ടന്റെ കല്‍പ്പന ! ഇന്നും കടുകിട തെറ്റിയിട്ടില്ല, ഊണ് റെഡി ! കഴിച്ച് കഴിഞ്ഞ് ഏമ്പക്കവും വിട്ട് ആശാന്‍ ഉമ്മറക്കോലായില്‍ വന്നിരുന്ന് ഒരു ബീഡിക്ക് തീ കൊളുത്തി.

"എരിഞ്ഞു തീര്‍ന്ന ബീഡിക്കുറ്റി എറിഞ്ഞ്‌ കളഞ്ഞ ഉടനെ പാപ്പിച്ചേട്ടന്‍ വീടിന് പ്രദക്ഷിണം വെക്കാന്‍ തുടങ്ങി !" ങേ...! നിങ്ങള്‍ക്കങ്ങിനെയേ തോന്നൂ.. എന്നാല്‍ അങ്ങിനെയല്ല !

ചുറ്റുവട്ടത്തെ പട്ടികള്‍ക്ക് പാപ്പിച്ചേട്ടന്റെ ചെരിപ്പിനോട് അടങ്ങാത്ത അനുരാഗമാണ് ! രാത്രി ഊരിക്കളഞ്ഞ ചെരിപ്പുകള്‍ വല്ല തെങ്ങിന്റെ കടയ്ക്കലോ, കുപ്പത്തൊട്ടിയിലോ ഒക്കെ ചെന്ന് നോക്കിയാലേ കണി കാണാന്‍ കിട്ടുകയുള്ളൂ ! ഇന്ന് എന്തായാലും അധികം അധ്വാനിക്കേണ്ടി വന്നിട്ടില്ല. ഒരെണ്ണം ചവിട്ടു പടിയില്‍ നിന്ന് തന്നെ കിട്ടി. മറ്റൊരെണ്ണത്തിനായുള്ള തിരച്ചിലിലാണ് കക്ഷി.

"രക്ഷയില്ല ! രണ്ടു ചുറ്റു ചുറ്റി" ഇനിയെന്ത് ചെയ്യും എന്ന് ആലോചിട്ടു പടിക്കലേക്കു കണ്ണും നട്ട് ഉമ്മറത്ത്‌ വന്നിരുന്ന പാപ്പിച്ചേട്ടന്റെ കണ്ണുകള്‍ പെട്ടെന്ന്‍ തിളങ്ങി. "ഒരെണ്ണം അതാ ഇന്നലെ പടി കടന്നിട്ടേയില്ല ! "


സമയം നാലര !
പാപ്പിച്ചേട്ടന്‍ യാത്ര തുടങ്ങി. എവിടെക്കാണെന്ന് പറയാതെ തന്നെ വഴിയിലെ കല്ലിനും മുള്ളിനും വരെ അറിയാം. ഇപ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്കും. ഷാപ്പിലെ കള്ള് ആശാന്‍ കൈ കൊണ്ട് തൊടാറില്ല ! നല്ല കളറുള്ള ഫോറിനെ അടിക്കൂ.. അപ്പോള്‍ പിന്നെ ബാറിലേക്ക് തന്നെയാണ്. സംശയം വേണ്ട.

റോട്ടിലൊന്നും പതിവ് പോലെ ആളുകളെ കാണുന്നില്ല. "ഇനിയെങ്ങാനും എല്ലാവരും കൂടെ ബാറിനകത്തേക്ക് കയറിയോ ?" പാപ്പിച്ചേട്ടന്റെ സംശയം ന്യായം ! വാഹനങ്ങളും കുറവ്. ആശാന്‍ നടത്തത്തിന് വേഗം കൂട്ടി.

ബാറിനടുത്തെത്തിയപ്പോഴേക്കും നെഞ്ചിടിപ്പിന്റെ വേഗത കൂടി. തിരക്കൊന്നും കാണുന്നില്ല. മുന്നില്‍ ഒന്ന് രണ്ടു വണ്ടികള്‍ മാത്രമേ പാര്‍ക്ക്‌ ചെയ്തിട്ടുമുള്ളൂ. "ദൈവമേ ! എന്തുപറ്റി ?"

തകര്‍ന്ന മനസ്സോടെ പാപ്പിച്ചേട്ടന്‍ ആ സത്യം വായിച്ചറിഞ്ഞു. "ബാറിന് ഇന്ന് അവധി."

"ങേ ! ഇത്ര വേഗം ഒന്നാന്തിയായോ ?" ഒരെത്തും പിടിയും കിട്ടാതെ പാപ്പിച്ചേട്ടന്‍ നിന്നു വട്ടം കറങ്ങി. ഒന്ന് ചോദിക്കാനും അടുത്ത് ആരെയും കാണുന്നില്ല.

ഇനി ചിന്തിച്ചു നിന്നിട്ട് കാര്യമില്ല. ആശാന്‍ വീട്ടിലേക്കു വെച്ച് പിടിച്ചു. ഇന്ന് കെട്ട്യോള്‍ക്ക്‌ ശമ്പളം കിട്ടിയിരിക്കും. തന്റെ ഓഹരി പെട്ടെന്ന് കൈക്കലാക്കിയില്ലെങ്കില്‍ പിന്നെ അവളതെടുത്തു തിരിമറി നടത്തും. പാപ്പിച്ചേട്ടന്‍ നിലം തൊടാതെ പാഞ്ഞു !

പാപ്പിച്ചേട്ടന്‍ ആ നേരത്ത് ഇരുകാലില്‍ പോകുന്നത് കണ്ട നാല്‍ക്കാലികള്‍ തങ്ങളുടെ ഗ്രൂപ്പിനോട് അനുഭവം കാണിക്കാത്തതിന്റെ പ്രതിഷേധം അറിയിക്കാന്‍ കൂട്ടത്തോടെ മുദ്രാവാക്യം വിളിച്ചു !!

ആശാന്‍ ഒരുവിധം വീട്ടിലെത്തി. ആഹാ.. കെട്ട്യോള്‍ ഒന്നും അറിയാത്ത പോലെ നിന്ന് പാത്രം കഴുകുന്നു.

"കൊണ്ടടീ എന്റെ കാശ് !"

"കാശോ ? എനിക്കെന്താ നോട്ടടിക്കലാണോ പണി മനുഷ്യാ ?"

തര്‍ക്കുത്തരം പാപ്പിച്ചേട്ടന് സഹിക്കില്ല."ഒന്നാന്തിയായിട്ടു ശമ്പളം കിട്ടിയ കാശെന്തിയേടി ?"

"നിങ്ങള്‍ക്കെന്താ, മാസത്തില്‍ രണ്ടു ഒന്നാന്തിയോ ?" കെട്ട്യോള്‍ പാത്രം കഴുകല്‍ തുടര്‍ന്നു.

"ഒന്നാന്തിയായിട്ടു നീ എന്നോട് നുണ പറയേണ്ട. എനിക്ക് ഒറപ്പാ.. ബാര്‍ ഇന്ന് തുറന്നിട്ടില്ല."

"ഹേ മനുഷ്യാ.. ഇന്ന് ഹര്‍ത്താലാ.. ബാര്‍ എങ്ങിനെ തുറക്കാനാ ? ഇന്നലെയല്ലേ ഒരാളെ വെട്ടിക്കൊന്നത് ? അതിനെങ്ങിനാ നിങ്ങള്ക്ക് ബോധം ഉണ്ടായിട്ടു വേണ്ടേ വല്ലതും അറിയാന്‍ ?!"

"ങേ ! എന്നോട് ചോദിക്കാതെ പാര്‍ട്ടിക്കാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചോ ? നിനക്കെങ്കിലും എന്നോട് പറഞ്ഞു കൂടായിരുന്നോ ?" പാപ്പിച്ചേട്ടന്‍ നിന്നു കത്തി.

"ദേ.. വേലിപ്പുറത്ത് അയല്‍ക്കാരെല്ലാം കൂട്ടം കൂടി തുടങ്ങി, ഒന്ന് നിര്‍ത്തുന്നുണ്ടോ നിങ്ങള്.."

"ഞാന്‍ എന്റെ കെട്ട്യോളോട് വഴക്ക് കൂടുന്നതിന് നാട്ടുകാര്‍ക്കെന്താ .."
പാപ്പിചെട്ടന്‍ രണ്ടും കല്‍പ്പിച്ച് പുറത്ത് ചാടി !

ഇനിയാരും മിണ്ടേണ്ട ! വാ തുറന്നു ചിരിക്കുകയും വേണ്ട ! ആശാന്‍ നല്ല ചൂടിലാണ്...

- ശുഭം -


Wednesday, July 11, 2012

ഓരോന്നിനും വേണം ഓരോ യോഗം !

കാര്‍ത്തിക തിയ്യേറ്ററില്‍ നിന്ന് 'പ്രാഞ്ചിയേട്ടന്‍' സെക്കന്റ്‌ ഷോ കണ്ട് ഇറങ്ങി വരുമ്പോഴാണ് ഞാന്‍ ബാബുവിനെ വീണ്ടും കാണുന്നത് ! തിയേറ്റര്‍ കാന്റീനിലെ ബെഞ്ചിലിരുന്ന് ഏതോ സിനിമാവാരിക മറിച്ച് നോക്കുകയാണ് കക്ഷി.

ബാബുവിനെ ഞാനൊന്ന് പരിചയപ്പെടുത്തിത്തരാം. ഞങ്ങള്‍ അഞ്ചാറു കൊല്ലം സ്കൂളില്‍ ഒരുമിച്ചു പഠിച്ചതാണ്. അന്നേ സിനിമ തിയേറ്റര്‍ ചുറ്റിപ്പറ്റിയായിരുന്നു അവന്റെ ജീവിതം. അത്യാവശ്യം കൈമണി സംഘടിപ്പിക്കാനായി ആശാന്‍ അവിടത്തെ ചെറിയ പണികളൊക്കെ ഏല്‍ക്കും !  മാറുന്ന സിനിമകളുടെ പോസ്ടറുകള്‍ ചുവരില്‍ ഒട്ടിക്കലാണ് മുഖ്യജോലിസിനിമ പോസ്ടറുകളില്‍ പൊതിഞ്ഞ പുറംചട്ടയുള്ള രണ്ടോ മൂന്നോ പുസ്തകങ്ങളുമായി കക്ഷി ക്ലാസിലെ ഏറ്റവും പിന്നിലത്തെ ബെഞ്ചില്‍ തലയെടുപ്പോടെ അങ്ങിനെ ഇരിക്കും ! അതാണ്‌ ഓര്‍മ്മ.

പത്താം ക്ലാസ് വിട്ടതില്‍ പിന്നെ എനിക്ക് ആളെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. ഇപ്പോള്‍ ഈ ഇരിക്കുന്ന രൂപവും അന്നത്തെ ബാബുവും തമ്മില്‍ പറയത്തക്ക വ്യത്യാസമൊന്നും ഒറ്റനോട്ടത്തില്‍ എനിക്ക് തോന്നിയില്ല. 

സിനിമ വിട്ട തിരക്ക് ഒന്നൊഴിഞ്ഞപ്പോള്‍ ഞാന്‍ അവന്റെ അടുക്കലേക്ക് ചെന്നു.

"ബാബുവേ.. നിനക്കെന്നെ ഓര്‍മ്മയുണ്ടോ.. ? "

"ആരടാപ്പാ ഈ പാതിരാത്രിയില്‍" എന്ന ഭാവത്തില്‍ കക്ഷി മുഖമുയര്‍ത്തി. ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല, എവിടെയോ കണ്ട പരിചയം ഭാവിച്ച മട്ടില്‍ ഒന്നു ചിരിച്ചെന്നു വരുത്തി.

"എന്താടോ നിന്റെ വിശേഷം ? ഒരു മാറ്റവുമില്ലല്ലോ നിനക്ക് ?!"

"ഓ.. എനിക്കെന്തു വിശേഷം ?! നമ്മളിങ്ങനെ അല്ലറ ചില്ലറ ഏര്‍പ്പാടൊക്കെയായിട്ടു കഴിഞ്ഞു പോവുന്നു"; ഇതൊക്കെ എത്ര കേട്ടതാ എന്നാ മട്ടില്‍ പുള്ളീടെ ഒഴുക്കന്‍ റിപ്ലേ. അതോടെ തീര്‍ന്നു. ആള് പിന്നെയും വായ മൂടിക്കെട്ടി പുസ്തകത്തിലേക്ക് തലതാഴ്ത്തി.

അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ..! മടിച്ചു നില്‍ക്കാതെ ഞാന്‍ അടുത്ത ചോദ്യം പാസ്സാക്കി.

"അല്ല നിന്റെ കല്യാണം കഴിഞ്ഞൂന്നോ.. മക്കളായീന്നോ ഒക്കെ കേട്ടൂലോ.. ? നേരാണോടാ.. ?"

"ആ അതൊള്ളതാ.. കൊച്ചുങ്ങള് രണ്ടായി !" അത്ര പിടിച്ചിട്ടില്ല എന്ന് തോന്നുന്നു. വിഷയം മാറ്റാനായാണോ എന്തോ ? കക്ഷി എനിക്കിട്ടൊരു ചോദ്യം !

"അല്ലാ.. പടം എങ്ങിനെയുണ്ട് ?"

"തരക്കേടില്ല. സംഭവം, എനിക്കിഷ്ടായി."

"ഇഷ്ടാവും ! നമ്മുടെ രഞ്ജിത്തേട്ടന്റെ സിനിമയല്ലേ ! ആളുടെ ഏതു പടത്തിനും ഒരു മിനിമം ഗ്യാരണ്ടി  ഒക്കെയുണ്ട്. മൂപ്പര്‍ക്കൊക്കെയാ ഇപ്പോ സിനിമ കാണാന്‍ വരുന്നോരുടെ ടേസ്റ്റ് അറിയാ.. അല്ലെങ്കിലിപ്പൊ എന്താ ഇത്ര കഥ ഈ പടത്തില്‍ ?"

വിഷയം സിനിമ ആയതോടെ ആള് കത്തിക്കയറി ! മമ്മൂട്ടിയുടെയും, ലാലേട്ടന്റെയും മറ്റു പുതിയ പടങ്ങള്‍ പൊട്ടി പാളീസായതും പുതിയ സിനിമാക്കാര് ചെക്കന്മാര് ഇംഗ്ലീഷില്‍ നിന്നും ഒക്കെ കോപ്പിയടിച്ച് സിനിമ ഉണ്ടാക്കുന്നതുമെല്ലാം പുള്ളി നല്ല ആവേശത്തില്‍ വെച്ചുകാച്ചുകയാണ് !

സംഭവം പിടിവിട്ടു എന്ന് തോന്നി തുടങ്ങിയപ്പോള്‍ ഞാന്‍ ഇടയ്ക്ക് കയറി ചോദിച്ചു.

"അല്ലാ.. സമയം കുറെ ആയല്ലോ, ബാബുവേ നീ ഭക്ഷണം കഴിച്ചോ ?"

"ആ.. അതൊക്കെ ഞാന്‍ എപ്പോഴേ കഴിച്ചു."

"അതെയോ, എന്നാല്‍ ഞാന്‍ കഴിച്ചിട്ടില്ല കേട്ടോ. നല്ല വിശപ്പ്‌. പിന്നെ കാണാം നമുക്ക്  ബാബുവേ.." ഞാന്‍ മെല്ലെ തടിയൂരി.

ബൈക്കില്‍ കയറി ഇരുന്ന് സ്റ്റാര്‍ട്ട്‌ ചെയ്യവേ ഒന്നുകൂടി അവനെ നോക്കി. നടുവിലെ പേജ് ആരോ പറിച്ചെടുത്ത സിനിമാ വാരിക പിന്നെയും മറിച്ച് തുടങ്ങിയിരിക്കുന്നു കക്ഷി. എന്നെ കുറിച്ചോ, പഴയ കാലത്തേ കുറിച്ചോ ബാബു ഒന്നും ചോദിച്ചില്ല എന്നത് വിസ്മയത്തോടെ ഞാന്‍ ഓര്‍ത്തു. 

ദൈവമേ ! പണ്ട് ആ ശാരദ ടീച്ചറുടെ ഉപദേശങ്ങള്‍ എല്ലാം ചെവിക്കൊണ്ട് ഈ കാണുന്ന ഉത്സാഹത്തോടെ ആ പാഠപുസ്തകങ്ങള്‍ എങ്ങാനും ഇവന്‍ മറിച്ച് നോക്കിയിരുന്നെങ്കില്‍ ! ഇത്രയും  മനസ്സമാധാനത്തോടെ, ഇത്രേം കൂളായിട്ട് ഈ നേരത്ത് ഈ ബെഞ്ചിമ്മേല്‍ ഇങ്ങനെ ഇരിക്കാന് അവന് കഴിയുമായിരുന്നോ ?! അവന്റെയൊക്കെ ഓരോ തലയിലെഴുത്ത് !

നേരം കുറെയായി, വീട്ടുകാരൊക്കെ ഉറങ്ങിക്കാണും. ധൃതിയില്‍ ഞാന്‍ വീട്ടിലേക്കുള്ള വഴിയെ വെച്ചുപിടിക്കുമ്പോള്‍ സ്വയം സമാധാനിച്ചു.  "ആ.. അതാവും പണ്ടുള്ളോര് പറയുന്നേ.. ഓരോന്നിനും വേണം ഓരോ യോഗം !!" 

--ശുഭം -- 

Saturday, July 7, 2012

തസ്കരചരിതം

ഗ്രാമം മിഴിപൂട്ടി ഉറങ്ങി തുടങ്ങുമ്പോഴാണ് അയാള്‍ തന്റെ വീട്ടില്‍ നിന്നും പതിവ് യാത്ര ആരംഭിക്കുക. നടന്നു പരിചയിച്ച വഴിയിലൂടെ അയാളുടെ കാലുകള്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ച വീട്ടിലേക്ക് സാവധാനം സഞ്ചരിക്കും. അവിടുത്തെ അവസാന വെളിച്ചവും അണയാന്‍ മതിലിനു പുറത്ത് അയാള്‍ ക്ഷമയോടെ കാത്തിരിക്കും. പിന്നെ ചുറ്റുമതില്‍ ആയാസമൊട്ടുമില്ലാതെ ചാടിക്കടക്കും. ഒടുക്കം വെളിച്ചം അണഞ്ഞ മുറിയുടെ ജനലരികില്‍ പതിയെ പോയി ചെവികൂര്‍പ്പിച്ചു നില്‍ക്കും. സംസാരങ്ങളെല്ലാം ഒടുങ്ങി മെല്ലെ കേള്‍ക്കുന്ന നിശ്വാസങ്ങള്‍ ഗാഡനിദ്രയിലേക്ക് ആഴ്ന്നിറങ്ങുന്നതാണെന്ന തിരിച്ചറിവില്‍ അയാള്‍ ഒരുക്കം തുടങ്ങും. വീടിനുള്ളില്‍ കൂര്‍ക്കംവലി ഉറക്കെ മുഴങ്ങി തുടങ്ങുമ്പോള്‍ ആദ്യത്തെ ഓട് ഇളക്കി അയാള്‍ താഴോട്ടു നോക്കി ഇരിക്കുകയായിരിക്കും !

ഇന്നും പതിവ് എവിടെയും പിഴച്ചിട്ടില്ല. അയാള്‍ വാച്ചില്‍ സമയം നോക്കി. നേരം ഒരു മണിയോട് അടുക്കുന്നു. താഴോട്ടിട്ട കയറിലൂടെ പതിയെ അകത്തേക്ക് ഊര്‍ന്നിറങ്ങി.

ആദ്യം കണ്ടുപിടിക്കേണ്ടത്‌ അടുക്കളയാണ്‌. വിഷമിക്കേണ്ടി വന്നില്ല, കൊതിയൂറുന്ന ഇറച്ചിക്കറിയുടെ ഗന്ധം വഴികാട്ടിയായി. കഴുകാതെ വാഷ് ബേസിനില്‍ അലസമായി ഇട്ട പ്ലേറ്റുകളില്‍ ചിതറിക്കിടന്ന എല്ലിന്‍ കഷ്ണങ്ങള്‍  ജനലിലൂടെ വന്ന നേരിയ നിലാവിന്‍ വെട്ടത്തില്‍ പല്ലിളിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ അറപ്പോടെ മുഖം തിരിച്ചു. നല്ല വിശപ്പുണ്ടെങ്കിലും ഇനിയിവിടുന്ന് അത്താഴം വേണ്ട, അയാള്‍ പിന്തിരിഞ്ഞു. 

സമയം ഒരുപാടുണ്ട്. ശബ്ദമുണ്ടാക്കാതെ അയാള്‍ വലിയ ഹാളിലെ സെറ്റിയില്‍ വന്നിരുന്നു.
"മോശമാവില്ല ഇന്നത്തെ കോള് "എന്ന് മനസ്സില്‍ കണക്കുകൂട്ടി ഇരുണ്ട വെളിച്ചത്തില്‍ അലസമായി എല്ലായിടത്തും ഒന്നു കണ്ണോടിച്ചു. പെട്ടെന്നാണ് ചുവരില്‍ തൂങ്ങുന്ന വലിയൊരു ഫോട്ടോ ശ്രദ്ധയില്‍ പെട്ടത് ! അയാള്‍ അടുത്തേക്ക് ചെന്ന് നോക്കി.

ഈ വീട്ടിലെ കുടുംബനാഥന്‍ പട്ടാളത്തിലാണെന്ന് അയാള്‍ക്ക്‌ മുമ്പേ അറിയാമായിരുന്നു. ചുവരിലെ ഫോട്ടോയില്‍ എട്ടു-പത്തു പേര്‍, പട്ടാള യൂണിഫോം ധരിച്ച് തോക്കെല്ലാം പിടിച്ച് ഏതോ മലയിടുക്കില്‍ നിന്നെടുത്ത ഫോട്ടോ ആണ്. ചിത്രത്തിനടിയില്‍ രണ്ടു വരി. "നിങ്ങള്‍ ധൈര്യമായി ഉറങ്ങിക്കോളൂ, ഞങ്ങളിവിടെ ഉറങ്ങാതെ കാവലിരിപ്പുണ്ട്." ഈ അടുത്തിടെ കണ്ട ഏതോ സിനിമയില്‍ കേട്ട് മറന്ന ഡയലോഗ് ! അയാളുടെ കണ്ണുകള്‍ വീണ്ടും ചിത്രത്തിലെ മുഖങ്ങളിലേക്ക് തിരികെ പോയി.

അവരില്‍ തലയില്‍ കെട്ട് കെട്ടിയ സിക്ക്കാരുണ്ട്, കണ്ടാല്‍ തമിഴനെന്നു തോന്നിപ്പിക്കുന്നവരുണ്ട്, വെളുത്ത് തുടുത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ആളാവാം ഇവിടുത്തെ ഗൃഹനാഥന്‍. എല്ലാവരുടെയും മുഖത്ത് അഭിമാനം നിറഞ്ഞു നില്‍ക്കുന്ന പോലെ.. ഞങ്ങളെല്ലാം  നിങ്ങള്‍ക്കായി ഇവിടെ ഉറങ്ങാതെ കാവലിരിക്കയാണെന്ന്  വിളിച്ചു പറയുന്ന പോലെ.. കുറച്ചു നിമിഷങ്ങള്‍ ചിത്രത്തിലേക്ക് തന്നെ നോക്കി അയാള്‍ തിരികെ വന്ന് സെറ്റിയില്‍ ഇരുന്നു.

ഇപ്പോള്‍ അയാളുടെ മനസ്സില്‍ കുറ്റബോധത്തിന്റെ ചെറിയൊരു ലാഞ്ചനയുണ്ട്. നാടും വീടും കുടുംബത്തെയും വിട്ട് തന്റെ രാജ്യത്തെ ശത്രുക്കളില്‍ നിന്നും കാത്തുരക്ഷിക്കാന്‍ പോയ ആ ധീരവ്യക്തികളെ ഓര്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ മനസ്സില്‍ ആദരവ് തോന്നുന്നുണ്ട്. പതിയെ ആ ഫോട്ടോയില്‍ നിന്നും അയാള്‍ നോട്ടം പിന്‍വലിച്ചു. മനസ്സ് ഒന്ന് പതറിയോ ? തല കുമ്പിട്ട് കുറെ നേരം അയാള്‍ സെറ്റിയില്‍ അതേ ഇരിപ്പിരുന്നു.

രാത്രിയുടെ നിശബ്ദതയെ മുറിച്ച് ക്ലോക്കില്‍ സമയം മൂന്നു മണി അടിച്ചു !

താന്‍ എന്തായാലും ഇവിടെ നിന്നിനി മോഷ്ടിക്കുന്നില്ല എന്ന് തീരുമാനിച്ചുറപ്പിച്ചായിരിക്കാം അയാള്‍ എഴുന്നേറ്റ് അടുക്കള വാതിലിനടുത്തേക്ക് നടന്നു. പതിയെ ശബ്ദമില്ലാതെ വാതില്‍ തുറന്ന് പുറത്തിറങ്ങി. കതക്‌  പുറത്തു നിന്ന് ചാരവേ, അയാളുടെ മനസ്സില്‍ എന്തോ ആ കുടുംബത്തിനെ കുറിച്ച് അരക്ഷിതത്വ ബോധം തോന്നിയോ ? ഒരു കുടുംബം ഒന്നുമറിയാതെ അകത്തു കിടന്നുറങ്ങുന്നുണ്ട്.

തിരികെ വീട്ടിനുള്ളിലേക്കു തന്നെ കയറി അയാള്‍ വാതില്‍ അടച്ചു കുറ്റിയിട്ടു. ഹാളിലെക്കെത്തി താഴേക്ക്‌ തൂങ്ങിയിറങ്ങിയ അതേ കയറിലൂടെ മുകളിലേക്ക് വലിഞ്ഞു കയറി. ഇളക്കിയ ഓട്‌ നിറഞ്ഞ മനസ്സോടെ യഥാസ്ഥാനത്ത് ഉറപ്പിച്ചു വെക്കുമ്പോള്‍ മേഘകൂട്ടത്തിനിടയില്‍ മറഞ്ഞിരുന്ന അമ്പിളി പുറത്ത്‌ വന്ന് വെളുക്കെ ചിരിച്ചു. വല്ലാത്ത നിറവോടെ, ആഹ്ലാദത്തോടെ.. !

Sunday, July 1, 2012

മനസ്സില്‍ ഒരു തോരാമഴ.

"എന്റെ പേര് സുലൈമാന്‍ന്നാ. "

"ഹേയ്‌,  ഇങ്ങളൊക്കെ ന്താ ഇങ്ങനെ അന്തിച്ചു നോക്കണേ ? "
"എന്റെ താടീം മുടീം ഈ കരിപിടിച്ച കുപ്പായവുമൊക്കെ കണ്ടിട്ടാ ?"
"ന്നാ ഇങ്ങള് കേട്ടോളീന്‍ എനിക്ക് യാതോരു കുഴപ്പവുമില്ല. "

"ഈ നശിച്ച മഴ പെയ്തതോണ്ട് ഓടികേറിയതല്ലേ ഇങ്ങളൊക്കെ ഈ പീടികകൊലായിമ്മേല്. ഇനിയിപ്പോ അത് തോരണ വരെ ഇങ്ങള് എന്റെ കഥ കേക്കണം. എന്നിട്ട് പറയണം എന്താ എനിക്ക് കൊഴപ്പംന്ന്. "

"കുരുത്തംകെട്ട നേരത്താ എപ്പളും ഈ  മഴ പെയ്യാ. !"
അപ്പൊ ഇങ്ങള്‍ക്ക്‌ തോന്നും എനിക്ക് മഴയോടെന്താ ഇത്ര ദേഷ്യംന്ന്. എനിക്ക് മഴയോട് ഒരു ദേഷ്യോം തോന്നാത്ത, പെരുത്ത് ഇഷ്ടംണ്ടായിരുന്ന കാലം ഉണ്ടായിരുന്നു.

"പണ്ട് ചന്നം പിന്നം മഴ പെയ്യണ ദിവസായിരുന്നു എന്റെ ഉപ്പാന്റെ കയ്യിമ്മേല്‍ തൂങ്ങീട്ടു ഞാന്‍ സ്കൂളിന്റെ പടി ആദ്യായിട്ട് കാണണത്. പിന്നെ ഒറ്റയ്ക്ക് കൊട ചൂടി മഴേത്ത് നടക്കണത്, സ്കൂളീ പോണത്... ഹാ...എന്തൊരു രസായിരുന്നൂ അന്നൊക്കേന്നോ ! "

പിന്നെങ്ങോട്ട്‌ മഴ എന്റെ ജീവിതത്തില്‍ എല്ലാ സന്തോഷങ്ങള്‍ക്കും ദുഖങ്ങള്‍ക്കും കൂടെ ഉണ്ടായിരുന്നു.

പത്തില് പഠിക്കുമ്പോഴാണ് എന്റെ ഉമ്മ മരിക്കണത്. ഉമ്മാന്റെ മയ്യത്തിന്റെ അടുത്തുനിന്ന് എങ്ങി കരഞ്ഞോണ്ടിരുന്ന ഉപ്പ ഞാന്‍ നോക്കുന്നത്  കണ്ടപ്പോ മഴയത്തേക്ക് ഇറങ്ങി നിന്നിട്ട് എന്നെ അടുത്തേക്ക് വിളിച്ചു.

"മോന്‍ കരയണ്ടാട്ടോ, ഉമ്മ പടച്ചോന്റെ അടുത്തെക്കല്ലേ പോയെ.." ഉപ്പ അത് എന്നോട്  പറയുമ്പോ ഞാന്‍ ഉപ്പാന്റെ മുഖത്തേക്ക് തലയുയര്‍ത്തി നോക്കി. ഒഴുകി വരുന്ന മഴവെള്ളമല്ലാതെ ഉപ്പാന്റെ കണ്ണ് നിറഞ്ഞിരുന്നോന്നു കാണാന്‍ എനിക്ക് കഴിഞ്ഞില്ല.  

ഉമ്മ മരിച്ചതില്‍ പിന്നെ ഇന്നോട് പഠിത്തം നിര്‍ത്തിക്കോന്നു പറഞ്ഞു ഉപ്പ. ഒരു ദിവസം  രാവിലെ ഈ അങ്ങാടീല്‍ക്ക് കൂട്ടീട്ട് വന്നു. അങ്ങിനെ പിന്നെ ഞാന്‍ ഇവിടെ ഉപ്പാന്റെ കൂടെ ചൊമടെടുക്കാനും ലോഡെറക്കാനും തൊടങ്ങി.

കൊറച്ചു ദിവസം കഴിഞ്ഞപ്പോ ഒരു രാത്രി ഉപ്പ പറഞ്ഞു. "നാളെ ഇയ്യ് അബ്ദൂന്റെ കൂടെ ഒരിടം വരെ പോണം. ഓനൊരു പെണ്ണിനെ അനക്ക് നോക്കി വെച്ചിട്ടുണ്ട്."

അബ്ദുക്കാന്റൊപ്പം കൊടേം ചൂടി ഞാന്‍ കദീജാന്റെ പെരേലെത്തുമ്പോ ആകെ നനഞ്ഞു കുതിര്‍ന്നിരുന്നു. തണുത്ത് വിറച്ച് അങ്ങിനെ പെണ്ണ് കാണാനിരുന്നു. പൊറത്ത് മഴ പെയ്യുമ്പോ ഓള് രണ്ടു ഗ്ലാസില്‍ കട്ടന്‍ ചായയുമായിട്ട് ഞങ്ങടെ മുമ്പിലേക്ക് വന്നു.

"ഒന്നേ ഓളെ ഞാന്‍ നോക്കിയോള്ളൂ. എനിക്ക് ഇഷ്ടായി. അല്ല ആര്‍ക്കും ഓളെ ഇഷ്ടാവും."

ഉപ്പാനെ ഇങ്ങട്ട് അയക്കാംന്നു വാക്ക് പറഞ്ഞ് അബ്ദുക്കാന്റെ കൂടെ മഴയത്തേക്ക് ഇറങ്ങുമ്പോ എന്റെ ഖല്ബ് നിറയെ സ്വപ്നങ്ങളായിരുന്നു. മഴ ആര്‍ത്തു പെയ്യണതും ആകെ നനഞ്ഞു കുതിരുണതും ഒന്നും ഞാന്‍ അറിഞ്ഞില്ല.

അങ്ങിനെ ഞങ്ങടെ കല്യാണം കഴിഞ്ഞു. വൈകാതെ ഒരു കുട്ടിയും ആയി. ഞങ്ങള്‍ ഓളെ സുഹറാന്നു വിളിച്ചു. ശരിക്കും സ്വര്‍ഗ്ഗായിരുന്നു എന്റെ വീട്. സന്ധ്യക്ക്‌ ഈ ഭാരിച്ച പണിയൊക്കെ കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തുമ്പോ ക്ഷീണമെല്ലാം മറക്കണത് ഓള്‍ടെ ചിരിയും കളിയുമൊക്കെ കണ്ടിട്ടായിരുന്നു.

കൊല്ലം കൂടും തോറും എന്റെ സുഹറായും വലുതായി, സ്കൂളില്‍ ചേര്‍ക്കേണ്ട പ്രായമായി.

ഇവിടെ ഈ കാണുന്ന എല്‍.പി സ്കൂളിലാ ഞങ്ങള്‍ ഓളെ ചേര്‍ത്തത്. രാവിലെ എന്റെ കൂടെ ഓള് സ്കൂളില്‍ക്ക്  വരും, വൈകുന്നേരം കദീജയാണ് വരാറ് ഓളെ വീട്ടിലേക്കു കൂട്ടീട്ടു പോകാന്‍.

അങ്ങിനെയിരിക്കെ നല്ല മഴ പെയ്ത ഒരു വൈകുന്നേരം. ഈ കടേന്റെ മുമ്പില്‍ നിന്ന് ഞാന്‍ ലോഡെറക്കായിരുന്നു. സ്കൂള്‍ വിട്ട നേരം, കദീജ സുഹറാന്റെ കയ്യും പിടിച്ചു റോഡ്‌ മുറിച്ചു കടക്കുകായിരുന്നു. സ്പീഡില്‍ വന്ന ഒരു ലോറി രണ്ടാളേം ഇടിച്ചു തെറിപ്പിച്ചു ! "മഴ പെയ്തതോണ്ട് ചെലപ്പോ ലോറി വരണത് കണ്ടിട്ടുണ്ടാവില്ല അവര്."

ഓടി ചെന്ന് സുഹറാനെ വാരി എടുത്തപ്പോ തുറന്നു പിടിച്ച ഓളുടെ വായേന്നു ചോര വരണുണ്ട്. അപ്പഴേ ഓടി ഞാന്‍ ഓളേം കൊണ്ട് ആശുപത്രീക്ക്, അത്രേം വേഗം ഞാന്‍ ഓളെ കൊണ്ട് ചെന്നിട്ടും ഡോക്ടര്‍ എന്നോട് പറഞ്ഞു ഓള് മരിച്ചുന്ന് !

ഞാന്‍ വിശ്വസിക്കോ..!

സുഹറാനേം എടുത്തു തിരിച്ചോടി എന്റെ കദീജാന്റെ അടുത്തേക്ക്.  റോട്ടിലോക്കെ നോക്കീട്ടും ഓളെ കണ്ടില്ല, തിരിച്ച്  ആശുപത്രീല്‍ വന്നു നോക്കുമ്പോ ഉണ്ട് ഒരു വണ്ടീമ്മല്  കെടക്കണ് വെള്ള പൊതപ്പും തല വരെ മൂടീട്ട്...!

"ഈ മഴയാ, നശിച്ച ഈ മഴയാ എന്റെ ജീവിതം തൊലച്ചത്. "

അതിന്റെ ശേഷം ഞാന്‍ എന്റെ വീട്ടിലേക്ക് പോയിട്ടില്ല. ഈ സ്കൂള്‍ വിടുമ്പോ ഞാന്‍ ഇവിടെ  ഉണ്ടാവും, ഈ കുഞ്ഞു മക്കളെ റോഡു മുറിച്ചു കടത്തിക്കാന്‍, അങ്ങിനെ ഇനിയീ മഴ വേറെ ഒരാളേം പടച്ചോന്റെ അടുത്തേക്ക് കൂട്ടികൊണ്ട് പോവേണ്ട !

ഇനി ഇങ്ങള് പറയിന്‍ ഞാന്‍ ചെയ്യണതല്ലേ ശരി ?

വേണ്ട ഇങ്ങള് ആരും ഒന്നും പറയേണ്ട.. മഴ തോര്‍ന്നത് കണ്ടില്ലേ, എല്ലാരും പോയിക്കോളിന്‍. വീട്ടില് ഇങ്ങടെ കെട്ട്യോളും കുട്ട്യോളും ഒക്കെ കാത്തിരിക്കണുണ്ടാവും.

മഴ തോര്ന്നാല്‍ പിന്നെ എന്റെ പരാതീം പറയാനുള്ളതും ഒക്കെ തീര്‍ന്നു.
സ്കൂള്‍ വിട്ടത് കണ്ടില്ലേ, എനിക്ക് ആ കുഞ്ഞുമക്കളെ റോഡു മുറിച്ചു കടത്തണം.
വേഗം അടുത്ത മഴ വരുന്നതിനു മുമ്പേ ഇങ്ങള് വീട് പിടിച്ചോളിന്‍...!

--------

Monday, June 4, 2012

അന്നാമ്മച്ചിയുടെ ആത്മഗതം.

തന്റെ മക്കളുടെ
ഭാര്യമാര്‍ തമ്മിലുള്ള
കലഹം തുടങ്ങിയത്
രണ്ടാമത്തെ മരുമകള്‍
വീട്ടില്‍ കാലെടുത്തു
കുത്തിയപ്പോള്‍ മുതലെന്ന്
അന്നാമ്മച്ചി നാട്ടില്‍
നടന്ന് പറയാറുണ്ട്‌.

കാലത്ത് ഉമ്മറത്ത്‌
എത്തുന്ന ഇംഗ്ലീഷ്
പത്രത്തിനായി
തുടങ്ങുന്ന അങ്കം
രാത്രി അടുക്കളയിലെ
ലൈറ്റ് അണക്കാന്‍
പരസ്പരം ആജ്ഞ
പുറപ്പെടുവിക്കുന്നിടത്താണത്രേ
ഒരുവിധം അവസാനിക്കുന്നത്.

മത്സരിച്ചുള്ള സല്ക്കരിക്കല്‍ 
കാരണം വീട്ടിലേക്കു
വിരുന്നുകാരോന്നും
വരാതെയായി.
ആകെ കിട്ടിയ മെച്ചം !

ഇന്ന് സന്ധ്യക്ക്‌
ടിവിയില്‍ സീരിയല്‍
കണ്ടിരിക്കുമ്പോഴാണ്
അന്നാമ്മച്ചിയുടെ
കണ്ണും മനസ്സും
ഒരുമിച്ചു നിറയുന്നത് !

വിവാഹം കഴിഞ്ഞ
അടുത്ത ദിവസം
അമ്മായിയമ്മയുമായി
വഴക്കിട്ടതിന്
ഭര്‍ത്താവ് നായികയെ
കൈയൊഴിയുന്ന സീന്‍
കണ്ട് രണ്ടുപേരും
കണ്ണ് തുടക്കുന്നു.
അടുത്ത എപ്പിസോഡില്‍
എല്ലാം ശരിയാവുമെന്ന് 
പറഞ്ഞ് പരസ്പരം
ആശ്വസിപ്പിക്കുന്നു.
പ്രാര്‍ത്ഥിക്കുന്നു. 

കണ്ണ് തുടച്ച്
ദൈവത്തിന് നന്ദി
പറഞ്ഞുകൊണ്ട്
അന്നാമ്മച്ചിയുടെ
ആത്മഗതം.
"അന്ന്യന്റെ സങ്കടത്തില്‍
ഉള്ളുരുകുന്നു
ദൈവഭയമുള്ള കുട്ടികള്‍."

അത് കേട്ടോ ആവോ,  
ചുമരിലിരുന്ന പല്ലി
ഉറക്കെ ചിരിച്ചു.
അന്നാമ്മച്ചി ഉറപ്പിച്ചു.
സത്യം !!!

Thursday, May 31, 2012

രാത്രിമഴയില്‍ നനഞ്ഞ്..

സമയം രാത്രി പത്തു പതിനൊന്നു മണി ആയിക്കഴിഞ്ഞു. അപ്പോഴും ഇടയ്ക്കിടെ ചാറി കൊണ്ടുനിന്ന മഴയെ ശപിച്ച് റഷീദ്‌ ഇരുട്ടിലൂടെ ബൈക്കും തള്ളി നടക്കുകയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുന്നവഴിയാണ് സുഹൃത്തിന്റെ അച്ഛന് തീരെ സുഖമില്ലെന്ന വിവരം അറിയുന്നത്. അവിടെയൊന്നു കയറി,  സംസാരിച്ചിരുന്നപ്പോള്‍ സമയം കുറച്ച് വൈകി. അതിന്റെ കൂടെയിപ്പോള്‍ ബൈക്കും വഴിയില്‍ വെച്ച് തകരാറിലായിരിക്കുന്നു.

വീട്ടിലേക്ക് മൂന്നു നാല് കിലോമീറ്റര്‍ ദൂരമേയുള്ളൂ. സ്ഥിരം സഞ്ചരിക്കുന്ന വഴിയായതിനാല്‍ ബൈക്കും തള്ളി നടക്കാമെന്ന് കരുതി. സന്ധ്യക്ക് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നത് കണ്ടപ്പോഴേ ഓര്‍ത്തതാണ് രാത്രി മഴ പെയ്യുമെന്ന്. പക്ഷെ ഇതിങ്ങനെ രാത്രിയില്‍ മഴയും കൊണ്ട് നടക്കേണ്ടി വരുമെന്ന് ഒട്ടും കരുതിയതല്ല. എന്തായാലും കുറച്ചു ദൂരം കൂടിയേ ഉള്ളൂ. മഴത്തുള്ളികളുടെ വേഗം കൂടുന്നതിനനുസരിച്ച് റഷീദിന്റെ നടത്തത്തിന്റെ വേഗതയും കൂടി വന്നു. 

കുത്തനെയുള്ള ഇറക്കം ഇറങ്ങി വളവു തിരിഞ്ഞപ്പോള്‍ പെരുമ്പലം കവലയിലെ അപ്പുണ്ണി നായരുടെ ചായക്കടക്ക് മുന്നില്‍ കത്തിനില്‍ക്കുന്ന തെരുവിളക്കിന്റെ മങ്ങിയ വെളിച്ചം കണ്ടു. പെട്ടെന്നാണ് മഴയ്ക്ക് ശക്തി കൂടി തുടങ്ങിയത്. എവിടെയെങ്കിലും കയറി നിന്നേ മതിയാവൂ. കവല എത്തുന്നതിനു മുമ്പേയുള്ള വാസുദേവമേനോന്റെ പറമ്പിലെ പണി തീര്‍ന്നു തുടങ്ങിയ ബഹുനില കെട്ടിടം തന്നെ ഇനി ആശ്രയം. ബൈക്ക് സ്റ്റാന്‍ഡില്‍ നിര്‍ത്തി കെട്ടിടത്തിലേക്കുള്ള പടികള്‍ കയറുമ്പോള്‍ ഇരുണ്ട വെളിച്ചത്തില്‍ കണ്ട ബോര്‍ഡ്‌ റഷീദ് ഇങ്ങനെ വായിച്ചു. "ആവശ്യക്കാര്‍ക്ക് മുറികള്‍ വാടകയ്ക്ക് നല്‍കപ്പെടും." 

പരുക്കനായി സിമന്റിട്ട കെട്ടിടത്തിനുള്ളിലെ പടിയില്‍ ഇരുന്ന് റഷീദ് പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ എടുത്ത്‌ സമയം നോക്കി. നേരം പന്ത്രണ്ടോടുക്കുന്നു. പുറത്തു മഴ തകര്‍ത്തു പെയ്തു തുടങ്ങി. അകത്തേക്ക് അടിച്ചു കയറുന്ന ഈറന്‍ കാറ്റില്‍ വെള്ളത്തുള്ളികള്‍ മുഖത്ത് വന്നടിച്ചപ്പോള്‍ എഴുന്നേറ്റ് കുറച്ചു പിന്നിലേക്ക്‌ മാറിയിരുന്നു.

കെട്ടിടത്തിനുള്ളില്‍ ചാരി വെച്ചിരുന്ന മുളക്കമ്പുകളും മരകഷ്ണങ്ങകളും മിന്നല്‍ വെളിച്ചത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വല്ലാതെ ഭയപ്പെടുത്തുന്നു. രാത്രിയായാല്‍ ഈ വഴിയേയുള്ള ആള്‍സഞ്ചാരം തന്നെ വിലക്കിയിരുന്ന പണ്ടുകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. റഷീദിന്റെ മനസ്സ് ഓര്‍മ്മകള്‍ പതിയെ പൊടി തട്ടിയെടുത്തു തുടങ്ങി.  

പണ്ട്, തന്റെയൊക്കെ കുട്ടിക്കാലത്ത് ഈ ചുറ്റുപാടുള്ള സ്ഥലങ്ങളും നിലങ്ങളുമെല്ലാം വാസുദേവ മേനോന്റെ അച്ഛനായിരുന്ന വിശ്വനാഥ മേനോന്റെ ഉടമസ്ഥതയിലായിരുന്നു. സ്വന്തം ഇഷ്ടത്തിന് മാത്രം ജീവിച്ചിരുന്ന പ്രൌഡ പ്രതാപിയായ നാട്ടുകാരണവര്‍. എതിര്‍ത്ത് പറഞ്ഞവരെയൊക്കെ ഇല്ലാതാക്കാന്‍ പ്രതാപിയായ കാരണവര്‍ക്ക്‌ അശേഷം മടിയുണ്ടായിരുന്നില്ല.

ഇന്നത്തെ ഈ റോഡിന്റെ സ്ഥാനത്ത് അന്ന് ചെറിയ ഇടവഴിയായിരുന്നു. ഇടവഴിക്കിരുവശവും മേനോന്റെ അടിയാളര്‍ കുടിലുകള്‍ കെട്ടി കുടുബങ്ങളും കൂട്ട്കുടുംബങ്ങളുമായി പാര്‍ത്ത് പോന്നു. അവിടെ പാര്‍ത്തിരുന്ന മേനോന് വഴങ്ങാത്ത ഒരു പെണ്ണും, എതിര്‍ത്ത ഒരു പുരുഷനും അധികം നാള്‍ ജീവിച്ചിരിക്കാറുണ്ടായിരുന്നില്ല.

പൊട്ടക്കിണറ്റില്‍ പൊങ്ങിക്കിടന്ന കാളിയുടെ ശരീരവും അത് കുഴിച്ചു മൂടി ഏറെ നാള് തീരും മുന്നേ  കൊയ്ത്തു തീര്‍ന്ന പാടത്ത് ശ്വാസം മുട്ടി ചത്ത നിലയില്‍ കിടന്ന അവളുടെ കണവനെയും റഷീദിന് ഓര്‍മ്മ വന്നു. അങ്ങിനെ പിന്നെയും എത്രയോ പേര്‍. മുഖങ്ങളും പേരുകളും ഓരോന്നായി ഓര്‍മ്മ വരുന്നുണ്ട്. നെഞ്ചു വിരിച്ചു നടന്നിരുന്ന കോത, അവന്റെ പെണ്ണ് അമ്മിണി, രാമന്‍, തെയ്യന്‍...

നാട്ടുകാര്‍ മേനോന്റെ പേര് മുറുമുറുത്തിരുന്നുവെങ്കിലും ഉച്ചത്തില്‍ ശബ്ദമുയര്‍ത്താനോ എതിര്‍ക്കാനോ ആരും ധൈര്യപ്പെട്ടില്ല. ഇന്നീ കെട്ടിടം ഇരുന്നിടത്താണ് അവരെയെല്ലാം വലിച്ചു കുഴിച്ചുമൂടിയിരുന്നത്. കരുത്തനായ ദീര്‍ഘകായനായിരുന്നു മേനോന്റെ കാര്യസ്ഥന്‍ കേശവന്‍.  ഇക്കൂട്ടത്തിലെ ആര് എവിടെ മരിച്ചു കിടക്കുന്നുണ്ടെങ്കിലും കേശവന്‍ ആളെ ഏര്‍പ്പാടാക്കി ഈ വെളിമ്പറമ്പില്‍ വെട്ടി മൂടും. കുറെ ജന്മങ്ങള്‍ അങ്ങിനെ തീര്‍ന്നു. കുഴി മൂടുമ്പോഴും ചാത്തന്റെ പെണ്ണിന് ജീവനുണ്ടായിരുന്നു എന്ന് ആരോ പറഞ്ഞ് നാട്ടില്‍ പാട്ടായി. രാത്രിയായാല്‍ ഈ വഴി നടക്കുമ്പോള്‍ കുഴിയില്‍ നിന്ന് ചാത്തന്റെ പെണ്ണിന്റെ കരച്ചില്‍ കേള്‍ക്കാറുണ്ടത്രെ.

മനസ്സ് പിടികിട്ടാതെ ഭയപ്പെടുത്തുന്ന ഓര്‍മ്മകളെ തേടി അലഞ്ഞപ്പോള്‍ റഷീദ് അസ്വസ്ഥതയോടെ കണ്ണുകളടച്ചു.

ഇന്ന് പക്ഷെ കാലം ഏറെ മാറിയിട്ടുണ്ട്. തലമുറകള്‍ മാറി. ജന്മി പണിയാളര്‍ അടിമത്തമില്ല. മനോഭാവമില്ല. വാസുദേവ മേനോന്‍ മരിച്ചു പോയ അച്ഛന്റെയത്ര പ്രമാണിയായിരുന്നില്ല. എങ്കിലും ഗവണ്മെന്റ് ഓഫീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന അദ്ധേഹത്തെ നാട്ടുകാര്‍ ഏറെ ബഹുമാനിച്ചിരുന്നു.

റോഡിനായി ഇടവഴി വീതി കൂട്ടിയപ്പോള്‍ കുടിലുകളെല്ലാം പൊളിച്ചുമാറ്റി. കുടുംബ സ്വത്തുക്കളായ നിലങ്ങളും പറമ്പുകളുമെല്ലാം ഭാഗിച്ചു തീര്‍ന്നപ്പോള്‍ കൃഷിയും മറ്റും കുറഞ്ഞു വന്നു. തറവാട്ടിലെ പണിയാളരുടെ പുതിയ തലമുറകളെല്ലാം ഓരോവഴിക്ക് ജീവിത മാര്‍ഗങ്ങള്‍ അന്വേഷിച്ചു പോയി.

എങ്കിലും വാസുദേവ മേനോന്റെ മക്കള്‍ പഴയ പൈതൃകവും പ്രതാപവും തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിലാണ്. മണ്ണിന്റെ മൂല്യം മനസ്സിലാക്കിയാവും കുറെയേറെ സ്ഥലമൊക്കെ വാങ്ങിച്ചു കൂട്ടുന്നുണ്ട്. ഉള്ള പാടങ്ങളെല്ലാം മണ്ണിട്ട്‌ നികത്തി തെങ്ങും കവുങ്ങും വെച്ച് കൃഷി പറമ്പാക്കി മാറ്റുകയാണ്. റോഡിനിരുവശവും കെട്ടിടങ്ങള്‍ കെട്ടി ആവശ്യക്കാര്‍ക്ക് വാടകക്ക് കൊടുക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. അനാഥ പ്രേതങ്ങളെ മറവു ചെയ്തിരുന്ന താന്‍ ചവിട്ടി നില്‍ക്കുന്ന ഈ വെളിമ്പറമ്പില്‍ വരെ ബഹുനിലകെട്ടിടം ഉയര്‍ന്നിരിക്കുന്നു. വെട്ടിപ്പിടിച്ചു മുന്നേറാന്‍ ഈ തലമുറ വളരെ മിടുക്കരാണ്. അഭിനന്ദിക്കാതെ തരമില്ല.

ചിന്തകളെ മുറിച്ചു കൊണ്ടൊരു മിന്നല്‍ പിണര്‍ മണ്ണിലേക്കിറങ്ങി വന്നു പുറകെ ദിഗന്തം പൊട്ടുമാറ് മുഴക്കവും. റഷീദ് പുറത്തേക്കിറങ്ങി നോക്കി. മഴ കുറഞ്ഞിരിക്കുന്നു. കാറ്റിനു പക്ഷെ ശക്തി കൂടിയിട്ടുണ്ട്.

പടിയിറങ്ങുമ്പോള്‍ ഒഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിന്ന് പതിഞ്ഞ നിലവിളി ശബ്ദം കേള്‍ക്കുന്ന പോലെ.  ചാത്തന്റെ പെണ്ണിന്റെ  തേങ്ങലാണോ അതോ കാറ്റിന്റെ വികൃതിയോ.

ഏതായാലും ഇനി മഴ വരുന്നതിനു മുന്‍പ് വീട് പിടിക്കണം. റഷീദ് ബൈക്ക് സ്റ്റാന്‍ഡില്‍ നിന്നിറക്കി തള്ളികൊണ്ട് നടത്തം തുടങ്ങി.

പുറകില്‍ കെട്ടിടത്തിനുള്ളില്‍ നിന്ന് ആ തേങ്ങല്‍ ഇപ്പോഴും ഉയരുന്നുണ്ട്.